ഫുജൈറ- കഴിഞ്ഞദിവസം യു.എഇ.യിലെ ഫുജൈറയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെ വാഹനം മറിഞ്ഞ് മരിച്ച മലപ്പുറം സ്വദേശികളായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം ദുബായില്‍ കബറടക്കി. ഒരാളുടെ മൃതദേഹം നാട്ടില്‍ എത്തിക്കും. പെരിന്തല്‍മണ്ണ കിഴിശ്ശേരി സ്വദേശി ഷബാബിന്റെ (38) മൃതദേഹമാണ് ദുബായില്‍ കബറടക്കിയത്.
അടുത്ത കുടുംബാംഗങ്ങള്‍ ദുബായില്‍ എത്തിയിരുന്നു. ഷബാബും കുടുംബവും ജ്യേഷ്ഠന് ഷിയാസിന്റെ കുടുംബവും വര്‍ഷങ്ങളായി ദുബായില്‍ ആണ് താമസം. രണ്ടുപേരും ചേര്‍ന്നാണ് ദുബായില്‍ ബിസിനസ് നടത്തിയിരുന്നത്. വീരാന്‍കുട്ടി-ഫാത്തിമ ദമ്പതികളുടെ മകനാണ് ഷബാബ്. ഭാര്യ നമ്രീന. മക്കള്‍: സായിദ്, ബിലാല്‍, മറിയം.
അപകടത്തില്‍ മരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്ത് നിസാമിന്റെ (38) മൃതദേഹം നാട്ടില്‍ എത്തിച്ച്, അങ്ങാടി മൂസാക്കാന്റെ പള്ളിയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. റിയാദിലെ കമ്പനിയില്‍ ജീവനക്കാരായിരുന്ന നിസാം സന്ദര്‍ശക വിസയിലാണ് യു.എ.ഇയില്‍ പോയത്. വിദേശത്തായിരുന്ന ഭാര്യ റുഷ്ത ഇന്നലെ ചെട്ടിപ്പടിയിലെ വീട്ടിലെത്തിയിട്ടുണ്ട്. മക്കള്‍: ജസ, ജന്ന, അഹമ്മദ് ബിലാല്‍. പരേതനായ ഹൈദ്രോസിന്റെയും ആയിഷയുടെയും മകനാണ്. യു.എ.ഇയിലെ മദാം മരുഭൂമിലായിരുന്നു അപകടം. പരുക്കേറ്റ ഹാറൂണും റിജോ തോമസും സുഖം പ്രാപിക്കുന്നു.






