കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മരുമകന്‍ നൈറ്റ്  ക്ലബില്‍ ഒരു രാത്രി ചെലവിട്ടത് 7.18 കോടി 

ന്യൂദല്‍ഹി-സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത രതുല്‍ പുരി ഒരു രാത്രി നൈറ്റ് ക്ലബ്ബില്‍ ചെലവാക്കിയത് 10.1 ലക്ഷം ഡോളര്‍, അതായത് 7.18 കോടി രൂപ. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മരുമകനാണ് രതുല്‍ പുരി. അമേരിക്കയിലെ നൈറ്റ് ക്ലബ്ബിലാണ് ഒരു രാത്രിക്ക് വേണ്ടി രതുല്‍ കോടികള്‍ ചിലവാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 8000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് രതുല്‍ പുരിയെ ഇഡി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തത്. മോസര്‍ ബെയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു പുരി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പ്രകാരമായിരുന്നു ഇഡിയുടെ നടപടി. 
കേസുമായി ബന്ധപ്പെട്ട് രതുല്‍ പുരിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇഡി അന്വേഷണം നടത്തിയിട്ടുണ്ട്. അത് വഴിയാണ് അത്യാര്‍ഭാടപൂര്‍വമുളള ജീവിതമാണ് രതുല്‍ പുരി നയിച്ചിരുന്നത് എന്ന് ഇഡി കണ്ടെത്തിയത്. 2011 നവംബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെയുളള 5 വര്‍ഷക്കാലം കൊണ്ട് അതുല്‍ പുരി ആര്‍ഭാട ജീവിതത്തിനായി ചെലവാക്കിയത് 45 ലക്ഷം രൂപയാണ് എന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് രതുല്‍ പുരി ഇപ്പോള്‍. രതുല്‍ പുരിക്ക് പുറമേ അച്ഛന്‍ ദീപക് പുരി, അമ്മ നിതാ പുരി അടക്കമുളളവര്‍ക്കെതിരെയും കേസുണ്ട്. രതുല്‍ പുരിയെ തളളി കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍ നാഥ് നേരത്തെ രംഗത്ത് വന്നിരുന്നു. രതുല്‍ പുരിയുടെ ബിസ്സിനസ്സുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും താന്‍ കമ്പനി ഡയറക്ടറോ ഷെയര്‍ ഹോള്‍ഡറോ അല്ലെന്നും കമല്‍ നാഥ് പ്രതികരിച്ചിരുന്നു.

Latest News