Sorry, you need to enable JavaScript to visit this website.

ലെബനോനിൽനിന്ന് സൗദികളെ ഒഴിപ്പിച്ചു

റിയാദ് - സർക്കാർ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങൾ രൂക്ഷമായ ലെബനോനിൽ നിന്ന് ഇന്നലെ വൈകീട്ടുവരെ 330 സൗദി പൗരന്മാരെ വിജയകരമായി ഒഴിപ്പിച്ചതായി ബെയ്‌റൂത്ത് സൗദി എംബസി അറിയിച്ചു. ആദ്യ ഘട്ടമെന്നോണമാണ് 330 സൗദികളെ ഒഴിപ്പിച്ചത്. സർക്കാർ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങളും സംഘർഷങ്ങളും ആരംഭിച്ചയുടൻ തന്നെ സംഘർഷ ബാധിത പ്രദേശങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സൗദി പൗരന്മാരോട് എംബസി ആവശ്യപ്പെട്ടിരുന്നു. 
ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെ സൗദി പൗരന്മാരെ സുരക്ഷിതമായി റഫീഖ് അൽഹരീരി എയർപോർട്ടിലേക്ക് എത്തിക്കുന്നതിന് തുടങ്ങി. ഇക്കാര്യത്തിൽ ലെബനീസ് സൈന്യവും ആഭ്യന്തര സുരക്ഷാ വകുപ്പുകളും സൗദി എംബസിയുമായി സഹകരിച്ചു. പ്രത്യേക ബസുകളിലും കാറുകളിലുമാണ് 330 സൗദി പൗരന്മാരെ എയർപോർട്ടിലെത്തിച്ചത്. സ്വദേശത്തേക്ക് മടങ്ങുന്നതിന് സൗദി പൗരന്മാരെ സഹായിക്കുന്നതിന് എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്നത് തുടരുകയാണെന്നും എംബസി വൃത്തങ്ങൾ പറഞ്ഞു. 
സംഘർഷങ്ങളിൽ സൗദി പൗരന്മാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബെയ്‌റൂത്ത് സൗദി അംബാസഡർ വലീദ് ബുഖാരി പറഞ്ഞു. സൗദി പൗരന്മാർ ആരും തന്നെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തിട്ടുമില്ല. സ്വദേശത്തേക്കുള്ള മടക്കയാത്രക്ക് സഹായം തേടി സൗദി പൗരന്മാരിൽ നിന്ന് 1,200 ഓളം കോളുകൾ എംബസിക്ക് ലഭിച്ചിട്ടുണ്ട്. 
ലെബനോനിലുള്ള സൗദികൾക്ക് എംബസി ഇടപെട്ട് താമസവും യാത്രാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സൈന്യവുമായും ആഭ്യന്തര സുരക്ഷാ വകുപ്പുകളുമായും സഹകരിച്ച് സൗദി പൗരന്മാർക്ക് സുരക്ഷാ അകമ്പടിയും ഒരുക്കിയിട്ടുണ്ട്. ലെബനോനിൽ കഴിയുന്ന സൗദി കുടുംബങ്ങളുമായി എംബസി ആശയവിനിമയങ്ങൾ നടത്തിവരികയാണെന്നും അംബാസഡർ പറഞ്ഞു. 
സൗദിയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ ലെബനോനിലേക്ക് പോകുന്നതിനെതിരെ തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ലെബനോനിൽ നിന്ന് മടങ്ങുന്നതിന് ആഗ്രഹിക്കുന്ന സൗദികൾക്ക് ആവശ്യത്തിന് സീറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് സൗദി അറേബ്യൻ എയർലൈൻസ് പറഞ്ഞു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റീബുക്കിംഗ്, യാത്രാ റൂട്ട് മാറ്റൽ, ടിക്കറ്റ് തുക തിരികെ ഈടാക്കൽ, യാത്രക്ക് ഹാജരാകാതിരിക്കൽ എന്നിവക്കുള്ള പിഴകളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുമുണ്ടെന്ന് സൗദിയ പറഞ്ഞു.

 

Latest News