Sorry, you need to enable JavaScript to visit this website.

യൂറോപ്പിൽ കളിക്കണം -കെ.പി രാഹുൽ

അഞ്ച് ചോദ്യം
കെ.പി രാഹുൽ -അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ ഇന്ത്യൻ ടീം, കേരളാ ബ്ലാസ്‌റ്റേഴ്‌സ്

താങ്കളുടെ സ്വപ്നം? 
ഏറ്റവും വലിയ സ്വപ്‌നം യൂറോപ്യൻ ലീഗുകളിൽ കളിക്കുകയെന്നതാണ്. ഇന്ത്യ വേദിയൊരുക്കിയ അണ്ടർ-17 ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് ഗെയിമുകളിലും പ്ലേയിംഗ് ഇലവനിലെത്താൻ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. അതിനു ശേഷം എ.ഐ.എഫ്.എഫിന്റെ യൂത്ത് ടീമായ ഇന്ത്യൻ ആരോസിലായിരുന്നു. ഈ സീസണിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ ചേർന്നത്. ഫുട്‌ബോൾ ഇല്ലാതെ ഞാൻ ഒന്നുമല്ല. വിദേശരാജ്യങ്ങളിലെ ഫുട്‌ബോളിനെക്കുറിച്ച് അറിയുകയെന്നതാണ് എന്റെ ആഗ്രഹം. ഇന്ത്യയിൽ ഫുട്‌ബോളിന്റെ വളർച്ചക്ക് ഒരു പരിമിതിയുണ്ട്. വിദേശത്ത് കളിക്കുക വെല്ലുവിളിയാണ്.

വിദേശത്ത് കളിക്കാൻ ഓഫറുകളുണ്ടോ?
അണ്ടർ-17 ലോകകപ്പിനു ശേഷം ഏതാനും ക്ലബ്ബുകൾ സമീപിച്ചിരുന്നു. അപ്പോൾ സമയമായിരുന്നില്ല.

ഐ.എസ്.എല്ലിൽ അരങ്ങേറാനൊരുങ്ങുമ്പോൾ എന്താണ് വികാരം?
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇരുപത്തഞ്ചംഗ ടീമിലെ പ്രായം കുറഞ്ഞ കളിക്കാരിലൊരാളാണ് ഞാൻ. ഇന്ത്യൻ ആരോസിനൊപ്പം ഐ-ലീഗിൽ കളിച്ച അനുഭവം ഐ.എസ്.എല്ലിൽ തുണയാവുമെന്നാണ് പ്രതീക്ഷ. എല്ലാ കളിക്കാരും ഏറെ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ കാത്തിരിക്കുന്നത്. ഞാൻ ടീമിലെ കുട്ടിയാണ്. എല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. 

മറ്റേതെങ്കിലും ടീമുകൾ സമീപിച്ചിരുന്നുവോ?
ഐ-ലീഗിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കളിക്കാരനെന്ന നിലയിൽ പക്വത നേടാൻ അത് ഏറെ സഹായിച്ചു. ഈ രണ്ടു വർഷം മറ്റു ക്ലബ്ബുകളിൽ ചേരാതിരുന്നത് നന്നായി എന്നു തോന്നുന്നു. ഐ-ലീഗ് കടുപ്പമാണ്. എപ്പോഴും എതിരാളികൾ നിഴൽ പോലെയുണ്ടാവും. എന്നാൽ രണ്ടാം സീസണായപ്പോൾ കളി എളുപ്പമായി. 
ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർടിംഗ് ഇലവനിൽ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ടോ?
ഓരോ സ്ഥാനത്തിനു വേണ്ടിയും ടീമിൽ ശക്തമായ മത്സരമുണ്ട്. എന്നാൽ ഫുട്‌ബോൾ കളി എവിടെയും ഒരുപോലെയാണ്. ഓരോ കോച്ചിനുമനുസരിച്ച് ശൈലി മാറുമെന്നു മാത്രം. ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഏണസ്‌റ്റോ ഷട്ടോരി തുറന്ന പ്രകൃതക്കാരനാണ്. ട്രയ്‌നിംഗിൽ നന്നായി അധ്വാനിച്ചാൽ ടീമിൽ അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. എല്ലാവരോടും അദ്ദേഹം പറയുന്നത് അതാണ്. പിതൃതുല്യനായി തന്നെ കാണണമെന്നാണ് അദ്ദേഹം കളിക്കാരോട് പറയുന്നത്. എല്ലാ കളിക്കാരുമായും നല്ല സൗഹൃദത്തിലാണ്. ട്രയ്‌നിംഗ് സെഷനുകൾ രസകരമാണ്. 

 

 

Latest News