Sorry, you need to enable JavaScript to visit this website.

പരിമിതികളുടെ അതിർത്തി കടന്ന്‌

കിപ്‌ചോഗെയെ ഫിനിഷിംഗ് പോയന്റിൽ ഭാര്യ ആശ്ലേഷിക്കുന്നു. 
എലിയുഡ് കിപ്‌ചോഗെ... ചരിത്രത്തിലാദ്യം

പിഴവറ്റ സാഹചര്യമായിരുന്നു വിയന്നയിൽ. ഊഷ്മളമായ താപനിലയിൽ സിറ്റി പാർക്കിനു ചുറ്റുമുള്ള മാരത്തൺ. എലിയുഡ് കിപ്‌ചോഗെ ഈ മത്സരത്തിനായി പ്രത്യേകം തയാറാക്കിയ ഷൂ ധരിച്ചാണ് ഓടിയത്. വേഗം നിയന്ത്രിക്കുന്നതിൽ കിപ്‌ചോഗെയെ സഹായിക്കാനായി പെയ്‌സർമാരായി ചിലർ മത്സരിക്കുകയും ചെയ്തു. എങ്കിൽ പോലും ഒരു മണിക്കൂർ 59 മിനിറ്റ് 40.2 സെക്കന്റിൽ കിപ്‌ചോഗെ ഫിനിഷ് ചെയ്തപ്പോൾ ലോകം അമ്പരന്നു. 
ഇത് ഔദ്യോഗിക മത്സരമല്ലെന്ന് പലരും വിമർശിച്ചു. രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷന്റെ അംഗീകാരമില്ലെന്നും ചൂണ്ടിക്കാട്ടി. ഗ്രീൻ ലെയ്‌സർ ബീം തെളിച്ച് കിപ്‌ചോഗെക്ക് വഴികാട്ടിയിരുന്നുവെന്ന് വിമർശനമുണ്ടായി. ലോകോത്തര അത്‌ലറ്റുകൾ പെയ്‌സ് സെറ്റർമാരായി മാറിമാറി ഉണ്ടായിരുന്നുവെന്നും പരാതിയുണ്ടായി. 4.8 കിലോമീറ്റർ വീതമാണ് ഓരോ പെയ്‌സ് സെറ്റർമാരുടെയും സംഘം മുന്നിലും പിന്നിലുമായി ഓടി വേഗം നിയന്ത്രിക്കാൻ കിപ്‌ചോഗെയെ സഹായിച്ചത്. മത്സരങ്ങളുടെ പതിവ് ചിട്ടകളില്ലാതെ, പലതരം സഹായങ്ങളുടെ പിന്തുണയോടെ സാധിച്ച ഈ നേട്ടത്തിന് അംഗീകാരമില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. പക്ഷെ ഔദ്യോഗികമോ അല്ലയോ എന്നതല്ല കാര്യം. രണ്ടു മിനിറ്റിൽ താഴെ മനുഷ്യന് മാരത്തൺ ഓടാൻ സാധിക്കുമെന്ന് തെളിയിച്ചു എന്നതാണ് കിപ്‌ചോഗെയുടെ നേട്ടത്തിന്റെ പ്രാധാന്യം. 
ഗ്രീക്ക് വിജയം അറിയിക്കാനായാണ് ഫീഡിപ്പിഡിസ് ആദ്യം മാരത്തൺ ഓടിയതെന്നാണ് ഐതിഹ്യം. ഞങ്ങൾ ജയിച്ചു എന്നു വിളിച്ചു പറഞ്ഞ ഫീഡിപ്പിഡിസ് കുഴഞ്ഞു വീണു മരിച്ചു. 1896 ലെ പ്രഥമ ഒളിംപിക്‌സിന് ആ കഥ വലിയ ഊർജമായി. ഒളിംപിക്‌സ് സ്ഥാപകൻ ബാരൺ പിയറി ദെ കുബേർടിൻ ഒളിംപിക്‌സ് മത്സര ഇനമാക്കി. ഏതാണ്ട് മൂന്നു മണിക്കൂറിലാണ് സ്പിരിഡൺ ലൂയിസ് ആദ്യ മാരത്തൺ ജയിച്ചത്. എന്നാൽ ലൂയിസ് 40 കി.മീ മാത്രമാണ് ഓടിയത്. 1908 ലെ ലണ്ടൻ മാരത്തണിലാണ് മാരത്തണിന് ദൂരം നിജപ്പെടുത്തിയത്. വിൻഡ്‌സർ കാസിലിൽ നിന്ന് വൈറ്റ് സിറ്റി സ്റ്റേഡിയത്തിലേക്കുള്ള ദൂരമായ 42.195 കി.മീ ആയിരുന്നു മാനദണ്ഡം. 
വ്യത്യസ്തമായ ദൂരത്തിലും സാഹചര്യങ്ങളിലും മാരത്തൺ മത്സരങ്ങൾ അരങ്ങേറിയിട്ടുണ്ട്. കാറ്റിനെതിരെയും കാറ്റിനൊപ്പവും തണുപ്പിലും കൊടും ചൂടിലുമെല്ലാം. ചരിത്രത്തിലൊരിക്കലും സ്റ്റാൻഡേഡ് മാരത്തൺ എന്ന മാരത്തൺ മത്സരം ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കിപ്‌ചോഗെയുടെ നേട്ടം കായികരംഗത്തെ നാഴികക്കല്ലുകളിലൊന്നായി പരിഗണിക്കപ്പെടും.  
ഒരു മൈൽ നാലു മിനിറ്റിൽ താഴെ ഓടാൻ സാധിക്കില്ലെന്നായിരുന്നു മുമ്പ് മനുഷ്യർ കരുതിയിരുന്നത്. 1954 മെയ് ആറിന് ഓക്‌സഫഡിൽ റോജർ ബാനിസ്റ്റർ ആ ധാരണ തിരുത്തി. വെറും 46 ദിവസം കൊണ്ട് ബാനിസ്റ്ററുടെ റെക്കോർഡ് തിരുത്തപ്പെട്ടു. ബാനിസ്റ്ററുടെ ഓട്ടവും കിപ്‌ചോഗെയുടേതു പോലെ പലതരം സഹായങ്ങളോടെ ആയിരുന്നു. രണ്ട് പെയ്‌സർമാരെ വെച്ച് പ്രത്യേകമായി സംഘടിപ്പിച്ചതായിരുന്നു ബാനിസ്റ്ററുടെ റെക്കോർഡും. 
1968 ലെ മെക്‌സിക്കൊ ഒളിംപിക്‌സിൽ  മറ്റൊരു നാഴികക്കല്ല് മനുഷ്യൻ പിന്നിട്ടു. അമേരിക്കൻ ലോംഗ്ജമ്പർ ബോബ് ബീമൻ ലോംഗ്ജമ്പിൽ ചാടിയത് മറ്റൊരു മനുഷ്യനും ചാടിയിട്ടില്ലാത്ത ദൂരത്തേക്കാണ്. രണ്ടടിയുടെ വ്യത്യാസത്തിലാണ് നിലവിലെ റെക്കോർഡിനപ്പുറത്തേക്ക് ബീമൻ കുതിച്ചത്. 8.33 മീറ്ററിന്റെ ആ റെക്കോർഡ് 23 വർഷത്തോളം നിലനിന്നു. 1991 ൽ മൈക് പവലാണ് അത് തിരുത്തിയത്. ബീമന്റെ ദൂരം അളക്കാനുള്ള ഉപകരണം ഒളിംപിക്‌സ് അധികൃതരുടെ കൈയിലുണ്ടായിരുന്നില്ല. അവർ കൈകൊണ്ട് അളക്കുകയായിരുന്നു. അത്രയും ദൂരം മനുഷ്യന് ചാടാനാവുമെന്ന് അധികൃതർ വിശ്വസിച്ചിരുന്നില്ല. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള മെക്‌സിക്കോയിൽ വായുവിന്റെ പ്രതിരോധം കുറവായിരുന്നുവെന്നത് ബീമന്റെ റെക്കോർഡിന് സഹായകരമായി. 
1976 ലെ മോൺട്രിയൽ ഒളിംപിക്‌സിൽ റുമാനിയയുടെ ടീനേജ് ജിംനാസ്റ്റ് നാദിയ കൊമനേചി പത്തിൽ പത്ത് പോയന്റ് സ്വന്തമാക്കിയതാണ് മറ്റൊരു അതുല്യ നേട്ടം. നാദിയയുടെ ട്രയ്‌നർ പോലും ആ നേട്ടത്തിനു മുന്നിൽ വാ പൊളിച്ചു. അന്ന് ഇലക്ട്രോണിക് സ്‌കോർ ബോർഡ് കാണിച്ചത് ഒന്ന് എന്നായിരുന്നു. കാരണം പത്ത് രേഖപ്പെടുത്താനായി സ്‌കോർ ബോർഡ് സജ്ജീകരിച്ചിരുന്നില്ല. ജഡ്ജിമാരാണ് എഴുന്നേറ്റുനിന്ന് പത്തിൽ പത്ത് എന്നു വിളിച്ചു പറഞ്ഞത്.
ഈ അത്‌ലറ്റുകളെല്ലാം എതിരാളികളുമായാണ് മത്സരിച്ചത്. എന്നാൽ അസാധ്യമെന്നു കരുതിയ അതിർത്തികളുമായായിരുന്നു അവരുടെ യഥാർഥ മത്സരം. കിപ്‌ചോഗെയുടെ മാരത്തൺ ഓട്ടവും തീർച്ചയായും ആ ഗണത്തിൽ പെടും. കിപ്‌ചോഗെയുടെ റെക്കോർഡ് തിരുത്തപ്പെടും. പക്ഷെ കിപ്‌ചോഗെ ചരിത്രത്തിൽ സ്ഥാനം നേടും. രണ്ട് മിനിറ്റിൽ താഴെ മാരത്തൺ ഓടുക സാധ്യമാണ് എന്ന് തെളിയിച്ചതിന്റെ പേരിൽ.

Latest News