Sorry, you need to enable JavaScript to visit this website.

വരുമാനം കൂട്ടാൻ താൽപര്യമില്ലാതെ എയർ ഇന്ത്യ 

ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പ്രതിപാദിക്കുന്ന ധാരാളം കുറിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ പ്രവഹിക്കുന്നത് കാണാനിടയായി. പ്രധാന സംഭവങ്ങളായി ഇത്തരം എഴുത്തുകളിൽ എടുത്തു പറയുന്നത് ജെറ്റ് എയർവേയ്‌സ് നിലം പൊത്തിയതും പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയുടെ തകർച്ചയുമാണ്. ശമ്പളം കൊടുക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന പതാക വാഹക വിമാനകമ്പനിയുടെ അവസ്ഥ എല്ലാവർക്കുമറിയാം. ഗതികേടിൽ ഉഴലുമ്പോഴും എങ്ങിനെയെങ്കിലും കര കയറണമെന്ന ധാരണ ഈ സ്ഥാപനത്തിന്റെ മേലാളന്മാർക്കില്ല. അല്ലെങ്കിൽ താരതമ്യേന യാത്രക്കാർ കുറഞ്ഞ ന്യൂദൽഹി-സിയോൾ റൂട്ടിൽ പുതിയ വിമാന സർവീസ് തുടങ്ങുകയെന്ന മണ്ടത്തരം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലല്ലോ. പ്രവാസികൾ വർഷങ്ങളായി കാത്തു നിൽക്കുന്ന കരിപ്പൂർ-ജിദ്ദ സർവീസ് പുനരാരംഭിക്കാതെയാണ് ഇത്തരം തമാശകൾ അരങ്ങേറുന്നത്. 
ആളോഹരി വരുമാനം കൂടിയ ചില സമ്പന്ന രാജ്യങ്ങൾ സ്റ്റാറ്റസ് സിമ്പലായി യു.എസ്, യു.കെ, കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് വിമാന സർവീസ് നടത്താറുണ്ട്. വർഷത്തിലെപ്പോഴെങ്കിലുമായിരിക്കും ഇതിൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുക. എന്നിരുന്നാലും തരക്കേടില്ല, പടിഞ്ഞാറൻ ലോകം വിമാന സർവീസ് നടത്തുന്ന രാജ്യത്തെ കുറിച്ച് അറിയട്ടെ.  ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതായാലും ഇത്തരം അഭ്യാസങ്ങൾ നടത്താൻ സാധിക്കുകയില്ല. 
എയർ ഇന്ത്യയുടെ കാലിക്കറ്റ്-ജിദ്ദ സർവീസ് ഓരോ കാരണം പറഞ്ഞ് നീണ്ടുപോവുകയാണ്. ആഴ്ചയിൽ രണ്ടെന്ന നിലയ്ക്ക് സർവീസ് പുനരാരംഭിക്കാൻ ഇടക്ക് ധാരണയായതാണ്. 420 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനം കരിപ്പൂരിൽ രാവിലെ എത്തി വൈകുന്നേരം വരെ പാർക്ക് ചെയ്യുന്നത് നിമിത്തമുണ്ടാവുന്ന പ്രയാസത്തെ കുറിച്ചായി അടുത്ത സംവാദം. മൂന്ന് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന അത്രയും സ്ഥലം എയർ ഇന്ത്യയുടെ ഭീമന് ആവശ്യമായി വരുമത്രേ. ഇത്രയും നേരം പാർക്ക് ചെയ്യുന്നതിന് പകരം ഇതിന് കാലിക്കറ്റ്-ബംഗളുരു സെക്ടറിൽ ആഭ്യന്തര വിമാനമായി പറത്തിയാൽ തീരുന്ന പ്രശ്‌നമല്ലേയുള്ളു. ദക്ഷിണേന്ത്യയുടെ ഐടി ഹബായ കർണാടക തലസ്ഥാനവും കോഴിക്കോടും തമ്മിൽ പെട്ടെന്ന് ബന്ധപ്പെടാൻ സൗകര്യമുണ്ടാവുന്നത് മലബാറിന്റെ ഐ.ടി സ്വപ്‌നങ്ങൾക്കും നിറം പകരും. മാത്രവുമല്ല, കാലിക്കറ്റ്-ബംഗളുരു സെക്ടറിൽ സർവീസ് നടത്തിയ സ്വകാര്യ വിമാന കമ്പനി പിന്മാറിയതിന്റെ വിഷമവും മാറിക്കിട്ടും. 
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് സൗദി അറേബ്യൻ എയർലൈൻസ് സർവീസ് പുനരാരംഭിച്ചിട്ട് ഒരു വർഷമാകാറായി.  കൂടുതൽ ലാഭകരമായ റൂട്ടാണെന്ന് തിരിച്ചറിഞ്ഞ സൗദിയ തുടക്കത്തിലുണ്ടായിരുന്നതിലും കൂടുതൽ വിമാന സർവീസുകൾ ഉൾപ്പെടുത്തുകയുണ്ടായി. ഈ റൂട്ടിന്റെ ഗുണം അനുജനും ലഭിച്ചോട്ടെയെന്ന് കരുതി സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസും കഴിഞ്ഞ ദിവസം മുതൽ റിയാദ്-കാലിക്കറ്റ് റൂട്ടിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. വിസ്തൃതമായ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലെ വിമാനത്താവളങ്ങളിൽ നിന്നെല്ലാം ഫ്‌ളൈനാസ് കണക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണ് സവിശേഷത. 
കാലിക്കറ്റ്-ജിദ്ദ റൂട്ട് വർഷത്തിലെ എല്ലാ സീസണിലും എത്രമാത്രം ലാഭകരമാണെന്ന് തിരിച്ചറിയാൻ മസ്‌കത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ ട്രാൻസിറ്റ് ലോഞ്ചിൽ ഒരു ദിവസം ചെന്ന് നിരീക്ഷിച്ചാൽ മതി. ദിവസത്തിൽ പല നേരത്തായി ജിദ്ദയേയും കേരളത്തിലെ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് യാത്രയാവുന്ന വിമാനങ്ങളിലെ യാത്രക്കാരായ ഉംറ തീർഥാടകരെ ഇവിടെ എല്ലായ്‌പ്പോഴും കാണാം. കേരള-ജിദ്ദ റൂട്ടിന്റെ സാധ്യത തിരിച്ചറിഞ്ഞ സ്‌പൈസ് ജെറ്റ് വിമാനം കോഴിക്കോട്ടേക്ക് നിത്യേന പറക്കുന്നു. വിമാന സർവീസ് ആരംഭിക്കുന്ന വേളയിൽ സാങ്കേതികമായ കാരണങ്ങളാൽ മുടങ്ങുമോയെന്ന  ആശങ്കയുണ്ടായിരുന്നു. എല്ലാ തടസ്സങ്ങളും അതിജീവിച്ചാണ് ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനി കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നത്. 
ഒരു വിമാന കമ്പനിയും ആദായകരമായ കാലിക്കറ്റ്-ജിദ്ദ റൂട്ടിനെ വിസ്മരിക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാം. എന്നിട്ടും കാലിക്കറ്റ്-ജിദ്ദ റൂട്ടിൽ എയർ ഇന്ത്യ പുനരാരംഭിക്കുന്നത് സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണ്. 
കരിപ്പൂരിൽ എയർ ഇന്ത്യയുടെ കൂടി വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക വഴി മലബാർ മേഖലയിൽ വ്യവസായ, കാർഗോ, ടൂറിസം മുന്നേറ്റത്തിൽ കുതിപ്പുണ്ടാക്കാനാവും.  സൗദി അറേബ്യയിലെ ജിദ്ദയിലും മറ്റുമുള്ള പതിനായിരക്കണക്കിന് പ്രവാസി മലയാളികളുടെ യാത്ര എളുപ്പമാവുകയും ചെയ്യും. 
എയർ ഇന്ത്യക്ക് ഏറ്റവും വരുമാനമുണ്ടാക്കിക്കൊടുത്തിരുന്നത്  ഈ വിമാനത്താവളമാണ്. ആഭ്യന്തര സർവീസുകളിലെ നഷ്ടം നികത്തുന്നത് കോഴിക്കോട്ടെ വിദേശ സർവീസുകളിൽനിന്നുള്ള വരുമാനത്തിലൂടെയായിരുന്നു. 
2000 ൽ പുതിയ നൂറ്റാണ്ട് പിറന്നപ്പോൾ  ജിദ്ദ, റിയാദ് നഗരങ്ങളിലെ പ്രവാസികൾക്ക് കാലിക്കറ്റിൽ നേരിട്ട് വന്നിറങ്ങാൻ പറ്റിയിരുന്നില്ല. എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിന്റേയും എയർബസ് വിമാനങ്ങൾ ഹബ് ആന്റ് സ്‌പോക്ക് സമ്പ്രദായത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പറന്നിരുന്നത്. അർധരാത്രി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തുന്ന സൗദി യാത്രക്കാരെ നേരം വെളുക്കുമ്പോൾ എയർ ഇന്ത്യ കോഴിക്കോട്ടേക്ക് മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും. ജിദ്ദ/റിയാദ് വിമാനത്താവളങ്ങളിൽനിന്ന് ബോർഡിംഗ് പാസെടുത്ത യാത്രക്കാരൻ കസ്റ്റംസ്, എമിഗ്രേഷൻ നടപടിക്രമങ്ങൾ ഫൈനൽ ഡെസ്റ്റിനേഷനായ കോഴിക്കോട്ട് പൂർത്തിയാക്കാം. നാലോ, അഞ്ചോ മണിക്കൂർ മുംബൈയിലിരുന്നാൽ മതി. അതിന് ശേഷമാണ് എയർ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാനങ്ങൾ തുടങ്ങിയത്. ക്രമേണ സൗദി അറേബ്യൻ എയർലൈൻസുമെത്തി. 
 നാലു ദശകങ്ങളിലെ കാത്തിരിപ്പിനു ശേഷം കോഴിക്കോട് വിമാനത്താവളം 1988 ഏപ്രിൽ പതിമൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. 92 ൽ ആദ്യ അന്താരാഷ്ട്ര സർവീസും തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന്, പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. ഉത്തർപ്രദേശുകാരനായ അമിതാഭ് കാന്ത് കോഴിക്കോട്ട് ജില്ലാ കലക്ടറായിരുന്ന വേളയിൽ, 1994 ലാണ് മലബാർ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ റൺവേ വികസിപ്പിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. വലിപ്പമേറിയ ജംബോ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിൽ റൺവേ ഒമ്പതിനായിരം അടിയായെങ്കിലും ഉയർത്തണമെന്നതായിരുന്നു പ്രധാന നിർദേശം. അറുപത് കോടി രൂപ ചെലവ് വരുന്നതായിരുന്നു പദ്ധതി. അന്നത്തെ കോഴിക്കോട് എം.പി കെ. മുരളീധരനും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്തി. ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താണെങ്കിലും റൺവേ വികസനം പൂർത്തിയായി. ബാധ്യത തീർക്കാൻ യാത്രക്കാർ ആദ്യ ഏതാനും വർഷങ്ങളിൽ  500 രൂപയും പിന്നീട് 375 രൂപയും യൂസേഴ്‌സ് ഫീ നൽകേണ്ടിവന്നു. ജംബോ   വിമാനങ്ങൾക്ക്  സർവീസ് നടത്താൻ പാകത്തിൽ റൺവേ വകസിപ്പിച്ചു. വിമാനങ്ങൾക്ക് സൗകര്യപ്രദമായി ലാൻഡ് ചെയ്യാൻ ഇൻസ്ട്രുമെന്റൽ ലാൻഡിംഗ്, നൈറ്റ് ലാൻഡിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തി. കോഴിക്കോടിന്റെ സാധ്യത മനസ്സിലാക്കി വിദേശ വിമാന കമ്പനികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കാലിക്കറ്റിലേക്ക് സർവീസുകൾ ഏർപ്പെടുത്തി. 
കോമൺവെൽത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള ധാരണയനുസരിച്ച് വിദേശ വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്നു. കൊളംബോ വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് ഇത് ഏറെ സൗകര്യപ്രദവുമായിരുന്നു. കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ മലബാറിലെ യാത്രക്കാരുടെ മതിപ്പ് ശ്രീലങ്കൻ പിടിച്ചു പറ്റിയിരുന്നു. നിത്യേന രാവിലെ രണ്ട്  ഫ്‌ളൈറ്റുകളാണ് കൊളംബോയിൽ നിന്ന് കാലിക്കറ്റിലേക്ക് വന്നു കൊണ്ടിരുന്നത്. ശ്രീലങ്കൻ എയർലൈൻസ് പുനരാരംഭിക്കുന്നത്  ഗൾഫ് യാത്രികർക്ക് സഹായകമാവും. ലോകത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലേക്കുള്ള പറക്കലിന് ഇത് ഗുണം ചെയ്യും. 
കരിപ്പൂരിന്റെ പരിധിയിൽ ധാരാളം യു.കെ-യു.എസ് യാത്രികരുണ്ടെന്നത് തിരിച്ചറിയേണ്ടതുണ്ട്.  കോഴിക്കോട് ജില്ലയിൽ മാത്രം നൂറ് കണക്കിന് യു.എസ് പ്രവാസി കുടുംബങ്ങളുണ്ടെന്നാണ് അറിവ്. 
എയർ ഇന്ത്യ പുനരാരംഭിക്കാൻ വൈകുന്നത് മാത്രമല്ല ഇപ്പോഴത്തെ പ്രശ്‌നം. വിമാനത്താവളം ഒന്ന് നിവർന്ന് നിൽക്കുമെന്നായപ്പോൾ അറ്റകുറ്റപ്പണിയുടെ പേരിൽ അഞ്ച് മാസം പകൽ അടച്ചിടാൻ പോകുന്നു. ഇത് നീണ്ടാൽ അടുത്ത തീർഥാടന വേളയിൽ ഹജ് എംബാർക്കേഷൻ മറ്റെവിടേക്കെങ്കിലും മാറ്റാനും സാധ്യതയുണ്ട്. 
ഇതിന് മുമ്പ് 2015 ഏപ്രിൽ 30 നാണ്  റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ്  നിർത്തിയത്. കോഴിക്കോടിനെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് ഇടക്കാലത്ത് അരങ്ങേറിയത്. മംഗലാപുരത്തെ വിമാന ദുരന്തത്തെ മറയാക്കി കാലിക്കറ്റിന് സുരക്ഷിതത്വം പോരെന്ന് പറയിപ്പിച്ച് മലബാറിന്റെ ആദ്യ വിമാനത്താവളത്തെ ഇഞ്ചിഞ്ചായി കൊല്ലാനായിരുന്നു പരിപാടി. ഹജ് എംബാർക്കേഷൻ ചുളുവിൽ കൊച്ചിയിലേക്ക് പറിച്ചുനട്ടു. കരിപ്പൂരിൽ നിർമിച്ച ഒന്നാന്തരം ഹജ് ഹൗസിനെ നോക്കുകുത്തിയാക്കിയാണ് ഈ മാറ്റം. 
കോഴിക്കോടിനെ തകർക്കുന്നത് മുംബൈ ലോബിയാണെന്നായിരുന്നു ആദ്യകാലത്തെ പ്രചാരണം. വിദേശ യാത്രയ്ക്ക് പറ്റിയ മൂന്ന് വിമാനത്താവളങ്ങൾ കേരളത്തിൽ യാഥാർഥ്യമായതോടെ മുംബൈ ലോബിക്ക് കോഴിക്കോടിനെ മാത്രം തകർക്കേണ്ട കാര്യമില്ല. 
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും വികസിക്കണമെന്നതിൽ തർക്കമില്ല. കാലിക്കറ്റ് എയർപോർട്ടിന്റെ പരിധിയിൽ പെടുന്ന പാർലമെന്റ് അംഗങ്ങൾ നാട്ടിൽ നടക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. എംപിമാർക്കായി ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിക്കാവുന്നതാണ്. 

 


 

Latest News