തിരുവനന്തപുരം- സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 24 നാണ് ഫലപ്രഖ്യാപനം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നാളെ നിശബ്ദ പ്രചാരണത്തിലേക്ക് നീങ്ങും.
പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് അവസാനഘട്ട പ്രചാരണം. വൈകിട്ട് മൂന്ന് മണിയോടെ പ്രമുഖരെ അണിനിരത്തിയുള്ള കൊട്ടിക്കലാശം ആരംഭിക്കും.
ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ആവേശകരമായ പ്രചാരണമാണ് മുന്നണികള്‍ നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിനായി എന്‍എസ്എസ് പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്.
കോന്നിയില്‍ ശബരിമല തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ഇതിന് പുറമേ ഓര്‍ത്തോഡോക്സ് സഭയുടെ പരസ്യപ്രസ്താവനകള്‍ പ്രധാന മുന്നണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് കെ മോഹന്‍രാജന്‍, എല്‍ഡിഎഫില്‍ നിന്ന് കെ യു ജനീഷ് കുമാര്‍, എന്‍ഡിഎയില്‍ നിന്ന് കെ സുരേന്ദ്രന് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
അരൂരില്‍ പ്രചാരണത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള് ഉസ്മാന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു എന്നിവരാണ് ജനവധി തേടുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസിലൂടെ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
14 വര്‍ഷമായി യുഡിഎഫിനെ തുണക്കുന്ന എറണാകുളത്ത് അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പാലാരിവട്ടം പാലം മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ വരെവിശദമായി ചര്‍ച്ചയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ എന്നിവര്‍ വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ്.
വാശിയേറിയ പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 86 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ട മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്ത് എത്താന്‍ എല്‍ഡിഎഫും കഠിന ശ്രമം നടത്തുന്നു.






