ടൂര്‍ പാക്കേജിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ഇരകളില്‍ മലയാളികളും
അബുദാബി- സ്വപ്നസമാനമായ ടൂര്‍ പാക്കേജ് നല്കി ലക്ഷങ്ങള്‍ വെട്ടിച്ച് മുങ്ങിയ മേക് മൈ ടൂര്‍ എന്ന ട്രാവല്‍ കമ്പനിയുടെ ഇരകളായി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍. കുറഞ്ഞ നിരക്കില്‍ 75 ദിവസം നക്ഷത്ര ഹോട്ടലുകളില്‍ താമസമടക്കം വാഗ്ദാനം ചെയ്താണ് ഇരകളില്‍നിന്ന് വന്‍തുകയുമായി കമ്പനി മുങ്ങിയത്.
തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കുകയും എംബസിയോട് ഇടപെടാന്‍ അപേക്ഷിച്ചിരിക്കുകയുമാണ്.
അജ്ഞാതനായ ഒരാളില്‍നിന്ന് ലഭിച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം ഇരകള്‍ അറിയുന്നത് തന്നെ. തുടര്‍ന്ന് ടൂര്‍ കമ്പനിയുടെ ഓഫീസിലെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്നതാണ്. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നോട്ടീസും വാതിലില്‍ പതിച്ചിട്ടുണ്ട്.
മനംമയക്കുന്ന വാഗ്ദാനമാണ് കമ്പനി നല്‍കിയത്. വിവിധ മാളുകളില്‍ മിടുക്കരായ എക്സിക്യൂട്ടീവുകളെ നിയമിച്ചായിരുന്നു തട്ടിപ്പ്. മാളിലെത്തുന്ന സന്ദര്‍ശകരെ സമീപിക്കുന്ന ഇവര്‍ പൂരിപ്പിച്ചു നല്കാന് ഒരു ഫോറം നല്‍കും. പിറ്റേന്ന് നമ്പരിലേക്ക് വിളിവരുന്നു. നറുക്കെടുപ്പില്‍ സമ്മാനമടിച്ചെന്ന പ്രലോഭനം. ഓഫീസിലെത്തി സമ്മാനം വാങ്ങി കമ്പനിയുടെ ടൂര്‍ പാക്കേജിനെക്കുറിച്ച വിവരണത്തില്‍ മയങ്ങുന്നു. ക്രെഡിറ്റ് കാര്‍ഡിലൂടെ പണം നല്കി ടൂര്‍ കരാര്‍ ഒപ്പുവെച്ച് കാത്തിരുന്നവരാണ് എല്ലാം തട്ടിപ്പായിരുന്നു എന്ന് മനസ്സിലാക്കുന്നത്.
കമ്പനിയുടെ വെബ്പേജില്‍ പോയി നോക്കിയപ്പോഴാണ് തട്ടിപ്പിന്റെ ആദ്യ സൂചന ലഭിച്ചതെന്ന് 35000 ദിര്‍ഹം നഷ്ടമായ ഇന്ദു ശരവണന് പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് 25 ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ 75 ദിവസത്തെ താമസമായിരുന്നു വാഗ്ദാനം. 90 ശതമാനം ഡിസ്കൗണ്ടിനാണ് ടൂര്‍ പാക്കേജുകള്‍ വില്പന നടത്തുന്നത് എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. 15000 ദിര്‍ഹം വില പറഞ്ഞ ഒരു ടൂര്‍ പാക്കേജ് ബാര്ഗെയിനിംഗിലൂടെ 1750 ദിര്‍ഹമിന് ഇവര്‍ നല്‍കിയതായി മറ്റൊരാള്‍ പറഞ്ഞു.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. കൂടുതലും ഇന്ത്യക്കാരാണ്. മലയാളികളുമുണ്ട്. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാമുള്ളവര്‍ തട്ടിപ്പിനിരയായി. ഇരുന്നൂറോളം പേര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ഷാര്‍ജയിലുള്ള ആരോ ആണ് തട്ടിപ്പിന് പിന്നിലെന്ന് തങ്ങള്‍ക്ക് ഇമെയില്‍ ലഭിച്ചതായി 14000 ദിര്‍ഹം നഷ്ടമായ എം.കെ മധു പറഞ്ഞു.
പണം തിരിച്ചുകിട്ടാന്‍ പോരാടാനും ഇ മെയിലില്‍ ആവശ്യപ്പെടുന്നു. അംജിത് കോയ, ഉപാസന സലിയാന്‍, മനിഷ, മനോജ്, വിഘ്നേശ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നും ഇദ്ദേഹം പറയുന്നു. ഇത് സ്റ്റാഫിനെ ഉപയോഗിച്ച് ഇപ്പോള്‍ ദുബായിലും ഇതേ തട്ടിപ്പ് നടക്കുന്നതായും ഇരകള്‍ പറയുന്നു. മൂന്നു മാസത്തിനിടെയാണ് തട്ടിപ്പ് നടന്നതെന്ന് ഫുജൈറയില്‍ താമസിക്കുന്ന കാര്‍ത്തിക് പറഞ്ഞു. 30 ലക്ഷം ദിര്‍ഹമെങ്കിലും ഇവര്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.






