Sorry, you need to enable JavaScript to visit this website.

സ്വര്‍ണ്ണക്കടത്തില്‍ മൂന്നിലൊന്നും കേരളത്തിലേക്ക് 

തിരുവനന്തപുരം- സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മുന്നിലൊന്നും കേരളത്തിലേക്കാണ് എത്തുന്നതെന്നാണ് വിവരം. കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 44 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 
രാജ്യത്ത് ഓരോ വര്‍ഷവും ഏകദേശം 100 കോടി രൂപയുടെ അനധികൃത സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ മൂന്നിലൊന്ന് കള്ളക്കടത്തും കേരളം കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കള്ളക്കടത്ത് സംഘങ്ങളെ പൂട്ടാന്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് കള്ളക്കടത്ത് കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 28 കോടി രൂപ വിലമതിക്കുന്ന അനധികൃത സ്വര്‍ണമാണ് പിടികൂടിയത്. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കെടുത്താല്‍ 44 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ഓപ്പറേഷനിലൂടെ മാത്രം 123 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 123 കിലോ സ്വര്‍ണം പിടികൂടിയത്. ഇതോടൊപ്പം 2 കോടിയുടെ ഇന്ത്യന്‍ കറന്‍സിയും 1900 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തിരുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് കേസുകള്‍ പിടിച്ചത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. 84 കിലോ സ്വര്‍ണം കടത്തിയതിന് 175 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണക്കടത്തുകാരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുമെന്നവര്‍ക്ക് പ്രതിഫം നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി.

Latest News