വീട്ടുപടിക്കല്‍ യുവതിയുടെ സമരം; പ്രവാസി യുവാവിനെതിരെ മുത്തലാഖ് കേസ്

കോഴിക്കോട്- ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച നാദാപുരം സ്വദേശിക്കെതിര മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഭാര്യയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച എ കെ സമീറിനെതിരെ (35) ആണ് പോലീസ് കേസെടുത്തത്. ഫാത്തിമ ജുവൈരിയ(24)യും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്.

ഒരുവര്‍ഷം മുമ്പാണ് സമീര്‍ ഭാര്യ ഫാത്തിമ ജുവൈരിയയെ തലാഖ് ചൊല്ലിയത്. വിദേശത്ത് ജോലി ചെയ്യുന്ന സമീര്‍ 20 ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചതായി പറയുന്നു.

ഫാത്തിമയുടെ പരാതിയിലാണ് വളയം പോലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തത്. നേരത്തെ 3500 രൂപ ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ കോടതിയെ സമീപിട്ടുണ്ട്. തന്റെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നും ജീവനാശം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വടകര കുടുംബ കോടതിയിലും കേസ് നല്‍കിയിട്ടുണ്ട്.

അതേസമയം ഒരു വര്‍ഷം മുന്‍പുള്ള കേസില്‍ സമീപ കാലത്ത് നടപ്പാക്കിയ മുത്തലാഖ് നിയമം എങ്ങനെ ചുമത്താനാകുമെന്ന് സമീറിന്റെ അഭിഭാഷകര്‍ ചോദിക്കുന്നു.

 

Latest News