Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ടക്കൊല കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതിയില്‍

ജയ്പൂര്‍- രാജസ്ഥാനിലെ അല്‍വാറില്‍ 2017ല്‍ ഹിന്ദുത്വ ഗോരക്ഷാ ഗുണ്ടകള്‍ ക്ഷീര കര്‍ഷകന്‍ പെഹ്‌ലു ഖാനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അല്‍വാര്‍ കോടതി വിധി ചോദ്യം ചെയ്താണ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. പശുക്കളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചാണ് പെഹ്ലു ഖാനെ വാഹനം തടഞ്ഞ് റോഡരികിലിച്ച് പരസ്യമായി മര്‍ദിച്ചത്. ക്രൂരമായി മര്‍ദനമേറ്റ പെഹ്ലു ഖാന്‍ മൂന്നു ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വ്യാപകമായി പ്രചരിച്ച സംഭവത്തിന്റെ വിഡിയോയില്‍ നിന്ന് പ്രതികളായ അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കേസില്‍ വിധി പറഞ്ഞ കീഴ്‌ക്കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി ആറു പ്രതികളേയും വെറുതെ വിടുകയായിരുന്നു. 

സംഭവത്തില്‍ വ്യക്തമായ പങ്കുള്ള പ്രതികളെ വെറുതെ വിടുന്നതിലേക്കു നയിച്ച പോലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. സെപ്തംബറില്‍ അന്വേഷണ റിപോര്‍ട്ട് സംഘം സംസ്ഥാന പോലീസ് മേധാവിക്കു സമര്‍പ്പിച്ചിരുന്നു. 80 പേജു വരുന്ന റിപോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിലെ എല്ലാ ഘട്ടങ്ങളിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 

സംഭവത്തിന്റെ വിഡിയോയിലും ഫോട്ടോകളിലും വ്യക്തമായി കാണപ്പെട്ട പ്രതികള്‍ സംഭവം നടക്കുമ്പോള്‍ രണ്ടു കിലോ മീറ്റര്‍ അകലെയായിരുന്നുവെന്ന് അവരുടെ മൊബൈല്‍ രേഖകള്‍ കാണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കു പകരം മറ്റു ഒമ്പതു പേരേയാണ് പോലീസ് പ്രതിചേര്‍ത്തത്. എന്നാല്‍ സംഭവം വിഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ് പോലീസിന് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇതു കോടതി തള്ളി. കേസിലെ സുപ്രധാന തെളിവാണ് ഈ മൊബൈല്‍. ഇതു പോലീസ് പിടിച്ചെടുത്തിരുന്നുവെന്നും എന്നാല്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നും വീഴ്ച അന്വേഷിച്ച പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
 

Latest News