Sorry, you need to enable JavaScript to visit this website.

സൗദിയിൽ നിർമാണ മേഖല കരകയറുന്നു

റിയാദ് - സൗദിയിൽ നിർമാണ മേഖല മാന്ദ്യത്തിൽനിന്ന് കരകയറുന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം രണ്ടാം പാദത്തിൽ നിർമാണ മേഖലയിൽ 4.9 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ നിർമാണ മേഖലയുടെ സംഭാവന 2,850 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 2,720 കോടി റിയാലായിരുന്നു. ഈ വർഷം രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ 130 കോടി റിയാലിന്റെ വർധനവ് രേഖപ്പെടുത്തി. 
ഇതിനു മുമ്പ് 2015 ആദ്യ പാദത്തിലാണ് നിർമാണ മേഖലയിൽ ഇതിലും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. 2015 ആദ്യ പാദത്തിൽ ഈ മേഖലയിലെ വളർച്ച 5.1 ശതമാനമായിരുന്നു. തുടർച്ചയായി രണ്ടാമത്തെ പാദത്തിലാണ് വളർച്ച രേഖപ്പെടുത്തുന്നത്. ഈ വർഷം ആദ്യ പാദത്തിൽ നിർമാണ മേഖലയിൽ 1.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. 2016 ആദ്യം മുതൽ 2018 അവസാനം വരെയുള്ള കാലത്ത് മേഖല മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. സർക്കാർ നടപ്പാക്കുന്ന വൻകിട വികസന പദ്ധതികളും പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുമാണ് നിർമാണ മേഖലയിലെ പുത്തനുണർവിന് സഹായിച്ചത്. സ്വന്തമായി പാർപ്പിടമുള്ള സൗദി പൗരന്മാരുടെ അനുപാതം 2030 ഓടെ 70 ശതമാനമായി ഉയർത്താൻ പാർപ്പിടകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. 
മൊത്തം ആഭ്യന്തരോൽപാദനത്തിൽ നിർമാണ മേഖലയുടെ സംഭാവന രണ്ടാം പാദത്തിൽ 4.44 ശതമാനമായി ഉയർന്നു. ഈ വർഷം രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനം 642.8 ബില്യൺ റിയാലാണ്. 
ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനം 0.46 ശതമാനം തോതിൽ വർധിച്ച് 642.8 ബില്യൺ റിയാലിലെത്തി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തരോൽപാദനം 639.9 ബില്യൺ റിയാലായിരുന്നു. തുടർച്ചയായി ആറാം പാദത്തിലാണ് സൗദി സമ്പദ്‌വ്യവസ്ഥ വളർച്ച കൈവരിക്കുന്നത്. 2017 അവസാന പാദത്തിൽ സൗദി സമ്പദ്‌വ്യവസ്ഥ 1.43 ശതമാനം മാന്ദ്യം രേഖപ്പെടുത്തിയിരുന്നു.

Latest News