Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച ശരീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ദമാം- അല്‍കോബാറില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച പാലക്കാട് ജില്ല പട്ടാമ്പി മരുതൂര്‍ സ്വദേശി മുഹമ്മദ് ശരീഫിന്റെ (48) മൃതദേഹം നാളെ  നാട്ടില്‍ ഖബറടക്കും. ഈ മാസം അഞ്ചാം തിയതിയാണ് ജലവി പാര്‍ക്കിന് സമീപം റോഡ് മുറിച്ചുകിടക്കുന്നതിനിടെ ശരീഫിനെ സുഡാനി പൗരന്‍ ഓടിച്ച വാഹനം ഇടിച്ച് തെറിപ്പിച്ചത്.
ഉടന്‍ അല്‍ദോസരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തില്‍ നാളെ രാവിലെ 8.35 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദേഹം വീട്ടില്‍ അല്‍പ്പനേരം പൊതു ദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് മരുതൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

പന്നിയന്‍കുന്നത്ത് മുഹമ്മദ് എന്ന മോനുട്ടിയുടെ മകനായ ഇദ്ദേഹം അല്‍കോബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എസ്.സി കമ്പനിയിലെ മെയിന്റനന്‍സ് സൂപ്പര്‍വൈസറായിരുന്നു. ഭാര്യ : റസിയ ബീഗം. മക്കള്‍: ഫാത്തിമ ഹന്ന, ഫാത്തിമ ഫിദ. അനുജന്‍ അബ്ദുല്‍ നാസര്‍ ജനാസയെ അനുഗമിക്കുന്നുണ്ട്. മുഹമ്മദാലിയാണ് മറ്റൊരു സഹോദരന്‍. ഐ.എസ്.സി കമ്പനി ജീവനക്കാരുടെയും ദമാം പാലക്കാട് ജില്ലാ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകരുടെയും സഹകരണത്തോടെ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

 

Latest News