Sorry, you need to enable JavaScript to visit this website.

സിനിമ കാണുന്നത് വളർച്ചാ സൂചികയോ? 

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ലെന്ന് സ്ഥാപിക്കാൻ ഒരു കേന്ദ്ര മന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞ വാദം കേട്ടാൽ ആരും തലയിൽ കൈവെച്ചുപോകും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം ഏറ്റവും കൂടുതൽ പേർ സിനിമ കണ്ടു എന്ന്. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റേതാണ് കണ്ടുപിടിത്തം. 
സൂപ്പർ ഹിറ്റ് ബോളിവുഡ്, തെലുങ്ക് ചിത്രങ്ങളായ ജോക്കർ, വാർ, സൈ റാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങൾ ഒറ്റ ദിവസം 120 കോടി രൂപ കളക്ട് ചെയ്തുവെന്ന ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അവകാശവാദം. ഇത് സർവകാല റെക്കോഡാണത്രെ. 
ദേശീയ അവധി ദിനം കൂടിയായ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബർ രണ്ടിന് ഈ മൂന്ന് ചിത്രങ്ങളും ബോക്‌സോഫീസിൽ 120 കോടി കളക്ട് ചെയ്തുവെന്ന ഒരു ഫിലിം ട്രേഡ് അനലിസ്റ്റിന്റെ നിഗമനമാണ് മന്ത്രിയുടെ ഈ അവകാശവാദത്തിന് ആധാരം. ആധികാരിക രേഖയൊന്നുമല്ലെന്ന് ചുരുക്കം.
സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനത്തിനർഹനായ അഭിജിത് ബാനർജി അടക്കം അന്താരാഷ്ട്ര പ്രശസ്തരായ സാമ്പത്തിക വിദഗ്ധരും, ഈ രംഗത്ത് ആധികാരികമായി പ്രവർത്തിക്കുന്ന ഏജൻസികളുമെല്ലാം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർച്ച നേരിടുന്നതിനെക്കുറിച്ച് നിരന്തരം ഓർമിപ്പിക്കുമ്പോഴാണ് ഇവിടെ ഒരു കേന്ദ്ര മന്ത്രിയുടെ പരിഹാസ്യമായ അവകാശവാദം. ഇത് കേൾക്കുമ്പോൾ, ഹിറ്റായ ഒരു സിനിമയുടെ പേരാണ് അദ്ദേഹത്തെ വിളിക്കാൻ തോന്നുന്നത്, ജോക്കർ.
വാസ്തവത്തിൽ ഈ കേന്ദ്രമന്ത്രി നമ്മുടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ യജ്ഞത്തിന്റെ ഭാഗം മാത്രമാണ്. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് വിവരമുള്ളവർ പറയുമ്പോഴെല്ലാം അങ്ങനെയല്ലെന്ന് വരുത്താൻ പരിഹാസ്യമായ വിതണ്ഡവാദങ്ങളാണ് കേന്ദ്രത്തിലെ ഭരണകക്ഷിയും, അവരെ താങ്ങുന്ന മാധ്യമങ്ങളും സംഘപരിവാർ പ്രവർത്തകരും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. 
ഈയിടെ വാട്‌സാപിൽ ഒരു സുഹൃത്ത് ഷെയർ ചെയ്ത വാർത്ത ഇതാണ്. രാജ്യത്ത് ഒറ്റ ദിവസം 200 മെഴ്‌സിഡസ് ബെൻസ് കാറുകൾ വിറ്റുതീർന്നുവത്രെ. മോഡി സ്തുതി പതിവാക്കിയ മാധ്യമ വാർത്തയാണ് ആധാരം. ഇന്ത്യയിലെ സാധാരണക്കാർ വാങ്ങുന്ന മാരുതി സുസുക്കി കാറുകളുടെ വിൽപനയും ഉൽപാദനവും കുറഞ്ഞുവരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമനു തന്നെ സമ്മതിക്കേണ്ടിവന്നപ്പോഴാണ് സമ്പന്നരുടെ വാഹനമായ ബെൻസിന്റെ വിൽപന കൂടിയെന്ന ഈ കണക്ക് നിരത്തൽ. 
ബിസ്‌കറ്റ് വിൽപന കുറഞ്ഞുവെന്ന റിപ്പോർട്ട് വരുമ്പോൾ സിനിമാ ടിക്കറ്റ് വിൽപന കൂടിയില്ലേ എന്ന് പറയുന്ന മന്ത്രിയുടെ യുക്തിതന്നെയാണിത്. കാറുകളുടെ വിൽപന കുറയാൻ കാര്യം ആളുകൾ ഊബറും, ഓലയും പോലുള്ള ഓൺലൈൻ ടാക്‌സികളിലേക്ക് തിരിഞ്ഞതാണെന്ന മറ്റൊരു വിചിത്ര വാദവും ഈയിടെ ഒരു കേന്ദ്ര മന്ത്രിയിൽനിന്ന് കേട്ടു. 
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന യാഥാർഥ്യം അംഗീകരിക്കാൻ നമ്മുടെ പ്രധാനമന്ത്രിയോ മന്ത്രിമാരോ ഇതുവരെ തയാറായിട്ടില്ല. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിലാണെന്നും, ഇന്ത്യയുടെ അവസ്ഥ ചൈനയുടേതിനേക്കാൾ മെച്ചപ്പെട്ടതാണെന്നും പറഞ്ഞ് ആശ്വസിക്കുകയാണവർ. മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ ഇത്രയേറെ പ്രകടമായിട്ടും സത്യം അംഗീകരിക്കാൻ അവർ തയാറാവുന്നില്ല എന്നത് രാജ്യത്തെ കൂടുതൽ അപകടത്തിലേക്കേ നയിക്കൂ. 
നടപ്പു സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 7.5 ശതമാനമായിരിക്കുമെന്ന് കണക്കാക്കിയ ലോക ബാങ്ക് പിന്നീടത് ആറ് ശതമാനമായി കുറച്ചു. തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നതിന്റെ ആധികാരിക കണക്കുകൾ പുറത്തുവരുന്നു. 
ആയിരക്കണക്കിന് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ പൂട്ടി. സാധാരണക്കാരന്റെ വരുമാനം കുറഞ്ഞു. പുതിയ സംരംഭങ്ങൾ കാര്യമായി വരുന്നില്ല. ഓഹരി വിപണിയിൽനിന്ന് നിക്ഷേപകർ പിൻവാങ്ങുന്നു. സമസ്ത മേഖലയിലും വളർച്ച താഴോട്ടാണ്. നിത്യ ചെലവുകൾക്കുപോലും കേന്ദ്ര സർക്കാർ ബുദ്ധിമുട്ടുന്ന അവസ്ഥ. അതുകൊണ്ടാണല്ലോ റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽനിന്ന് ഒരു ലക്ഷം കോടിയിലേറെ രൂപ സർക്കാർ ഈയിടെ നിർബന്ധം പിടിച്ച് വാങ്ങിയത്. 
കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഇനങ്ങളിലായി കേന്ദ്ര സർക്കാർ വാങ്ങിയ കടം പത്ത് ലക്ഷം കോടിയിലേറെ രൂപയാണെന്നതാണ് പുറത്തുവരുന്ന കണക്കുകൾ. ബി.എസ്.എൻ.എല്ലും, ബി.പി.സി.എല്ലും പോലുള്ള വമ്പൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുന്നു. മുടിയാൻ കാലത്ത് വീട്ടിലെ ഉത്തരവും കഴുക്കോലും വരെ ഊരി വിൽക്കുമെന്ന് കാരണവന്മാർ പറയുന്ന പോലുള്ള അവസ്ഥ. എന്നിട്ടും സത്യം അംഗീകരിക്കാൻ രാജ്യത്തിന്റെ രക്ഷകരെന്ന് അവകാശപ്പെടുന്നവർക്ക് സമ്മതമല്ല.
നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക ബാങ്ക് പോലുള്ള ഏജൻസികൾ ഒരു സമ്പദ്ഘടനയെ വിലയിരുത്തത്. വിപണിയിലെ ഡിമാന്റ് കുറയുന്നത്, നിക്ഷേപങ്ങളുടെ അളവ് താഴേക്ക് വരുന്നത്, ബാങ്കിംഗ് മേഖലയിലെ കുഴപ്പങ്ങൾ, കൂടാതെ കേന്ദ്ര സർക്കാർ തന്നെ പുറത്തുവിട്ട സാമ്പത്തിക ഡാറ്റ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ലോക ബാങ്ക് ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് താഴുകയാണെന്ന് പറഞ്ഞത്. എന്നാൽ ഇത്തരം വസ്തുതകളൊന്നും അംഗീകരിക്കാൻ കേന്ദ്ര സർക്കാരോ സംഘപരിവാറോ തയാറല്ല. ജി.ഡി.പി കണക്കാക്കുന്ന ഇത്തരം മാനദണ്ഡങ്ങൾ തന്നെ തെറ്റാണെന്നാണല്ലേ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് പറഞ്ഞത്.
ഇങ്ങനെ നിരന്തരം കണ്ണടച്ച് ഇരുട്ടാക്കുന്നതുകൊണ്ട് കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും ചെന്നുപെടുന്ന അമളികൾ അവരെ കൂടുതൽ പരിഹാസ്യരാക്കുന്നു. അതിൽ ഏറ്റവും ജുഗുപ്‌സാവഹമായത് ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദമായിരുന്നു. സാമ്പത്തിക തളർച്ചയുടെ കണക്കുകളിലേക്ക് ജനങ്ങൾ പോകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 
ആൽബർട്ട് ഐൻസ്റ്റിൻ അങ്ങനെ കണക്കും നോക്കി പോയിരുന്നെങ്കിൽ അദ്ദേഹത്തിന് ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിക്കാനാവില്ല എന്നൊരു കാച്ചും കാച്ചി. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പരിഹാസവും വിമർശനവും ഉയർന്നപ്പോൾ പോലും തനിക്ക് പറ്റിയ അമളി മന്ത്രിക്ക് മനസ്സിലായില്ല. അദ്ദേഹം തിരുത്തിയത് ഇങ്ങനെ, ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിക്കുന്നതിൽ ഐൻസ്റ്റീന് കണക്ക് സഹായകമായിട്ടുണ്ട്. പരിഹാസം ഒന്നുകൂടി കൂടിയതേയുള്ളു. 
ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചത് ഐൻസ്റ്റീനല്ല, ഐസക് ന്യൂട്ടനാണെന്ന ഹൈസ്‌കൂൾ വിദ്യാർഥിയുടെ വിവരം തിരിച്ചറിയാൻ മന്ത്രിക്ക് ഏറെ സമയം വേണ്ടിവന്നു. ഈ മന്ത്രിസഭയിലെ ബുദ്ധിജീവിയെന്ന് പറയാവുന്നയാളുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും. നമ്മുടെ രാജ്യം അനുഭവിക്കാൻ കിടക്കുന്നതേയുള്ളു.
 

Latest News