Sorry, you need to enable JavaScript to visit this website.

മദീന ബസ് അപകടം; മരിച്ചവരിലേറെയും പാക്കിസ്ഥാനികൾ, ഒരു ഇന്ത്യക്കാരനെന്ന് പ്രാഥമിക വിവരം

മദീന - മക്ക, മദീന എക്‌സ്പ്രസ്‌വേയിൽ (അൽഹിജ്‌റ റോഡ്) ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്സും ഷെവലും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ചവരിലേറെയും പാക്കിസ്ഥാനികളെന്ന് വിവരം. അപകടത്തിൽ 36 തീർഥാടകർ വെന്തുമരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 35 പേർ സംഭവസ്ഥലത്തു വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരാൾ അൽഹിംന ആശുപത്രിയിലുമാണ് മരിച്ചത്. ഷെവൽ ഡ്രൈവറായ അറബ് വംശജനും പരിക്കേറ്റ് അൽഹിംന ആശുപത്രിയിൽ ചികിത്സയിലാണ്. ഏഷ്യൻ വംശജരും അറബ് വംശജരുമായ തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ഒരു ഹൈദരാബാദ് സ്വദേശി മരിച്ചതായി വിവരമുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. 
മദീനയിൽ നിന്ന് 170 കിലോമീറ്റർ ദൂരെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിൽ തീ പടർന്നുപിടിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടാണ് അപകടം. അപകടത്തെ കുറിച്ച് ബുധനാഴ്ച വൈകീട്ട് 7.22 ന് ആണ് മദീന ആരോഗ്യ വകുപ്പ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് മദീന ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവരെ അൽഹിംന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ മൂന്നു പേരെ വിദഗ്ധ ചികിത്സക്കായി മദീന കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയതായും മദീന ആരോഗ്യ വകുപ്പ് അറിയിച്ചു. 
സിറിയക്കാരനായിരുന്നു ബസ് ഡ്രൈവറെന്നും മരണപ്പെട്ടവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. റിയാദിൽ നിന്നുള്ള ഉംറ തീർഥാടകരുമായി മക്കയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിന് മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചു.
 

Latest News