ആദ്യഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ഇന്ത്യക്കാരനും രണ്ടാം ഭാര്യക്കും വധശിക്ഷ

ഷാര്‍ജ- ഷാര്‍ജയില്‍ ആദ്യ ഭാര്യയായ ഇന്ത്യന്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ ഇന്ത്യക്കാരനും ഇയാളുടെ രണ്ടാമത്തെ ഭാര്യക്കും ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. മരിച്ച യുവതിയുടെ ദിയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലില്‍ ആയിരുന്നു  കൊലപാതകം.
കേസിലെ പ്രതിയായ ഇന്ത്യന്‍ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.
ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലായിരുന്നു സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കി ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടര്‍ന്നാണ് കേസില്‍ വിശദമായ അന്വേഷണം നടന്നത്. ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

 

Latest News