Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

സംഗീത ചികിത്സകൻ

ഡോ. മനു മൻജിത്

കർമ്മംകൊണ്ട് ആതുരസേവകനെങ്കിലും മനു മൻജിത്തിന് സംഗീത ചികിത്സയാണിഷ്ടം. മനുഷ്യ മനസ്സിൽ മരുന്നിനേക്കാൾ ഗുണം ചെയ്യും നല്ല രണ്ട് പാട്ടു കേട്ടാൽ എന്ന് തിരിച്ചറിഞ്ഞിട്ടൊന്നുമല്ല ഈ ഹോമിയോ ഡോക്ടർ ഗാനരചയിതാവായത്. കുട്ടിക്കാലംതൊട്ടേ കലയോടായിരുന്നു അഭിനിവേശം. നാലാം ക്ലാസുതൊട്ടേ നാടകവേദിയിലുണ്ടായിരുന്നു. കവിതാ രചനയിലും തൽപരനായിരുന്നു. എന്നാൽ എഴുതുന്നതിനേക്കാളും അഭിനയിക്കാനായിരുന്നു ഇഷ്ടം. ഹൈസ്‌കൂൾ ക്ലാസിലെത്തിയപ്പോഴേയ്ക്കും നാടകവും മിമിക്രിയുമായിരുന്നു കൂട്ട്. ബാങ്ക് മാനേജരായ അച്ഛനും ഹൈസ്‌കൂൾ അധ്യാപികയായ അമ്മയ്ക്കും മകൻ നാടകവും മിമിക്രിയും കളിച്ചുനടക്കുന്നതിൽ വലിയ താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും പഠനത്തിലും മിടുക്കനായിരുന്ന അവൻ കോഴിക്കോട് ഗവൺമെന്റ് ഹോമിയോ കോളേജിൽ ബി.എച്ച്.എം.എസിന് ചേർന്നു. പഠനത്തോടൊപ്പം എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച മനു ഒട്ടേറെ കവിതകൾ എഴുതിക്കൂട്ടി.
പഠനം പൂർത്തിയായപ്പോൾ ജനിച്ചുവളർന്ന കോഴിക്കോടിനെക്കുറിച്ച് മനുവും കൂട്ടുകാരും ചേർന്ന് ഇമ്മിണി ബല്യ കോഴിക്കോട് എന്നൊരു ആൽബമൊരുക്കി. കൂടാതെ അക്കാലത്ത് മലയാള ചലച്ചിത്രഗാന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് ഒരു പാട്ടുമെഴുതി.


ഉള്ളിയേരിക്കടുത്ത കുന്നത്തറക്കാരനാണെങ്കിലും മനു പ്ലസ് ടു വരെ പഠിച്ചത് വയനാട്ടിലായിരുന്നു. അച്ഛനും അമ്മയ്ക്കും ജോലി അവിടെയായിരുന്നു. ബിരുദ പഠനത്തിനാണ് കോഴിക്കോട്ടെത്തിയത്.
ഡോ. മനു മൻജിത് എന്ന പേര് ചലച്ചിത്ര രംഗത്ത് ഇന്ന് അപരിചിതമല്ല. മലയാള സിനിമയിലെ ഒഴുച്ചുകൂടാനാവാത്ത ഒരു പേരായി അത് മാറിക്കഴിഞ്ഞു. മലയാളികളുടെ മനസ്സിൽ മെലഡിയുടെ കുളിർമഴ വർഷിക്കുന്ന ഒട്ടേറെ ഗാനങ്ങളാണ് ഇദ്ദേഹത്തിന്റെ തൂലികയിലൂടെ ഒഴുകിയെത്തിയത്.
'തിരുവാവണി രാവ്... മനസ്സാകെ നിലാവ്... മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്...' ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ സിതാരയും ഉണ്ണി മേനോനും തകർത്തുപാടിയ ഈ ഗാനം കേൾക്കുമ്പോൾ ഗൃഹാതുരതയുണരാത്ത എത്ര മനസ്സുണ്ടാകും. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലെ 'കൃപാകരീ...' എന്ന ഗാനവും ഭക്തിയുടെ മറ്റൊരു തലത്തിലേയ്ക്കാണ് ശ്രോതാവിനെ നയിക്കുന്നത്.
പഠനം പൂർത്തിയായപ്പോൾ സ്വന്തമായി ഒരു ക്ലിനിക്കിട്ടു. എന്നാൽ ആതുരശുശ്രൂഷയായിരുന്നില്ല മനുവിന്റെ മനസ്സിനെ മഥിച്ചിരുന്നത്, സിനിമയായിരുന്നു. അഭിനയിക്കണമെന്ന മോഹമായിരുന്നു ആദ്യം. പിന്നീട് തിരക്കഥാ രചനയിലേയ്ക്കു കടന്നു. ഹൈസ്‌കൂളിൽ തന്റെ സീനിയറായി പഠിച്ച മിഥുൻ മാനുവൽ തോമസ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കണ്ട് പാട്ടെഴുതാമെന്നു പറഞ്ഞു. കേട്ടപ്പോൾ മിഥുൻ പറഞ്ഞത് ഈ ജോലി പ്രൊഫഷനായി എടുക്കരുതെന്നാണ്. സ്‌കൂളിൽ കവിതകളൊക്കെ കുത്തിക്കുറിക്കുമായിരുന്ന മനുവിന്റെ ആഗ്രഹം സഫലമാകട്ടെയെന്ന് മിഥുനും കരുതി. നന്നായി എഴുതിയാൽ നിന്റെ പാട്ട് സ്വീകരിക്കും എന്നും പറഞ്ഞു. മിഥുന്റെയും ജൂഡ് ആന്റണിയുടെയും ആദ്യസിനിമയായിരുന്നു അത്. എന്റെയും കരിയർഗ്രാഫ് തിരുത്തിയ ഗാനം. അതോടെ ക്ലിനിക്കിന് ഷട്ടറിട്ടു.
ഓം ശാന്തി ഓശാനയിലെ 'മന്ദാരമേ... ചെല്ല ചെന്താമരേ...' എന്ന പാട്ടിലൂടെയാണ് മനു മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയത്. എന്നാൽ അതിനുമുമ്പുതന്നെ കൂതറ എന്ന ചിത്രത്തിൽ പാട്ടെഴുതിയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയത് ഓശാനയായിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയത് ഷാൻ റഹ്മാൻ. പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ മനുവിന്റെ രാശി തെളിഞ്ഞു. പിന്നീട് ഒന്നിനുപിറകെ ഒന്നായി നൂറോളം ഗാനങ്ങളാണ് ഇദ്ദേഹത്തിൽനിന്നും പിറവികൊണ്ടത്. പാട്ടെഴുത്തിൽ അമ്പത് ചിത്രങ്ങളും അദ്ദേഹം പൂർത്തിയാക്കി.


നാട്ടുകാരൻ കൂടിയായ ഗിരീഷ് പുത്തഞ്ചേരിയാണ് തന്നിലെ പാട്ടുകാരന് പ്രചോദനമായതെന്ന് മനു പറയുന്നു. 'കുട്ടിക്കാലംതൊട്ടേ ഗിരീഷേട്ടനെ ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് പാട്ടെഴുത്തിനുള്ള പ്രേരണയുണ്ടാകുന്നത്. എഴുതാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ പാട്ടുകൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. പാട്ടുകളുടെ ഭംഗിയും എഴുത്തിലെ വളവും തിരിവുമെല്ലാം ഏറെ ആകർഷിച്ചു. ഏതുതരത്തിലുള്ള പാട്ടും വഴങ്ങുമെന്നുള്ളതാണ് അദ്ദേഹത്തിന്റെ വേഴ്‌സറ്റാലിറ്റി. രാവണപ്രഭുവിലെ 'അടട മീശകൗണ്ടറേ... മുരശു മുട്ടി പാടടേ...' എന്നെഴുതിയിട്ട് അടുത്ത ഗാനം 'ആകാശദീപങ്ങൾ സാക്ഷി...' എന്നും 'അറിയാതെ... അറിയാതെ...' എന്നും 'പൊട്ടു കുത്തെടീ പുടവ ചുറ്റെടീ...' എന്നുമെഴുതുന്ന ആളാണ് അദ്ദേഹം. ഒരേ ചിത്രത്തിൽ വ്യത്യസ്ത ചുറ്റുപാടിന് ഇണങ്ങുംവിധമാണ് അദ്ദേഹത്തിന്റെ പാട്ടെഴുത്ത്. അത്രയും റേഞ്ചുള്ള ഒരു ഗാനരചയിതാവിനെ എവിടെ കാണാനാവും. അദ്ദേഹത്തിന്റെ ഏതു പാട്ടിനും എന്തെങ്കിലും പ്രത്യേകതയുണ്ടാകും. ഫൈനൽസ് എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പാട്ടിനൊപ്പം എന്റെ വരികളുമുണ്ട്. സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യമായിരുന്നു അത്' -മനു പറയുന്നു. 
ഈയിടെ പുറത്തിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രത്തിലെ 'വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ...' എന്ന അമ്മപാട്ടിന് കിട്ടിയ അംഗീകാരം പറഞ്ഞറിയിക്കാനാവില്ല. ലാലേട്ടന്റെ സിനിമയിൽ ഒരു പാട്ടെഴുതുക എന്നത് ഏറെ സന്തോഷകരമായ കാര്യമായിരുന്നു. കൈലാഷിന്റെ ഈണവും ഏറെ ശ്രദ്ധേയം. നാലു ഗായകർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ 'കുടുക്കുപൊട്ടിയ കുപ്പായം... ഉടുത്തുമണ്ടണ കാലത്ത് മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ...' എന്ന ഗാനവും ഏറെ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ഈ ഗാനം ആലപിച്ചത്. കുടുക്കുപാട്ട് ഒരു പഴയ പാട്ടിന്റെ സ്വഭാവം വേണമെന്നു പറഞ്ഞ് എഴുതിയതാണ്. അതേപോലുള്ള വാക്കുകളാണ് ഈ പാട്ടിന് ഉപയോഗിച്ചിരിക്കുന്നത്. പാട്ടിന്റെ പേരിൽ ചില വിവാദങ്ങൾ ഉയർന്നിരുന്നു. അതെല്ലാം സിനിമയുടെ ഭാഗമായതുകൊണ്ട് പ്രതികരിക്കേണ്ടെന്നു കരുതി.
ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പാട്ടുകൾ ഏതെന്നു ചോദിച്ചാൽ മനുവിന് ഉത്തരമില്ല. ഓരോ പാട്ടും സ്‌പെഷ്യലാണ്. പ്രത്യേകിച്ച് ഒരു പാട്ടിനെയും തള്ളിക്കളയാനാവില്ല. ഓരോ പാട്ടും ആ സിറ്റുവേഷനനുസരിച്ചാണെഴുതുന്നത്. പാടിയവയിൽ ഏറെയും മെലഡിയാണ്. മെലഡി പാട്ടുകൾ എഴുതാനാണ് ഇഷ്ടവും. ഇക്കാലത്ത് മറ്റു തരത്തിലുള്ള പാട്ടുകൾ കുറവാണ്. മലയാളത്തിൽ ഇറങ്ങുന്നതിൽ ഏറെയും മെലഡിയാണ്. അത്തരം പാട്ടുകളോടാണ് ശ്രോതാക്കൾക്ക് ഏറെ പ്രിയം.
ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം ഒരു നഷ്ടമായി കാണുന്നില്ല. കാരണം അദ്ദേഹം ഈ ഭൂമിയിൽ അവശേഷിപ്പിച്ചുപോയ ഗാനങ്ങൾ മാത്രം മതി അദ്ദേഹത്തെ എക്കാലത്തും ഓർമ്മിക്കാൻ. അദ്ദേഹത്തിന്റെ ഒരു ഗാനംപോലും കേൾക്കാത്ത ദിവസം പോലുമുണ്ടാകില്ല. എങ്കിലും ഒന്നു പറയാനാകാതെ വയ്യ. മലയാള ഗാനശാഖ ഇപ്പോഴും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഭാസ്‌കരൻ മാസ്റ്റർ പോലും വിസ്മരിക്കപ്പെട്ടുപോവുകയാണ്. ഒരു കാലത്തെ ജീവിതമാണ് അവർ വരികളിലൂടെ വരഞ്ഞിട്ടുപോയത്. അന്നത്തെ ജീവിത പശ്ചാത്തലം അദ്ദേഹത്തിന്റെ പാട്ടുകളിൽ തെളിഞ്ഞുകാണാം. അവർക്കൊന്നും ഒരിക്കലും മരണമില്ല. കാരണം കലകൊണ്ട് അടയാളപ്പെടുത്തിയവരൊന്നും മരിക്കുന്നില്ല.
ഷാൻ റഹ്മാനുവേണ്ടിയാണ് ഏറെയും പാട്ടുകളൊരുക്കിയത്. പത്തൊമ്പത് ചിത്രങ്ങളിൽ അദ്ദേഹത്തിനുവേണ്ടി പാട്ടെഴുതി. അദ്ദേഹത്തിന്റെ സൗഹൃദവലയത്തിനകത്ത് എപ്പോഴും ഞാനുണ്ടായിരുന്നു. ഓം ശാന്തി ഓശാനയിൽ തുടങ്ങിയതാണ് ഈ ആത്മബന്ധം. ഓർമ്മയുണ്ടോ ഈ മുഖം, ആട്, ഒരു വടക്കൻ സെൽഫി... ഒടുവിൽ ലൗ ആക്ഷൻ ഡ്രാമ... വരെയുള്ള ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞങ്ങളുടെ പാട്ടുകൾ ഏറെയും പാടിയത് വിനീത് ശ്രീനിവാസനായിരുന്നു.
ട്യൂണിട്ടശേഷം പാട്ടെഴുതുന്നതും അല്ലാതെയുമുള്ള രചനാരീതിയുണ്ട്. രണ്ടും വ്യത്യസ്തമാണ്. ഓരോന്നിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ട്യൂണിട്ടശേഷം പാട്ടെഴുതുന്നതാണ് പലർക്കും ഇഷ്ടം. കവിതകളുടെ അർത്ഥം മനസ്സിലാക്കി പാട്ടു കേൾക്കുന്ന ശീലമൊന്നും മലയാളിക്കില്ല. സിനിമയിൽ ചുറ്റുപാടുകളെ അടിസ്ഥാനമാക്കിയാണ് പാട്ടൊരുക്കുന്നത്. മോഹൻലാൽ എന്ന ചിത്രത്തിലെ ''ലാലേട്ടാ...'' എന്ന ഗാനം അവയിൽനിന്നും വ്യത്യസ്തമായിരുന്നു. ആട്, ഗോദ, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, തീപ്പെട്ടി... എന്നിവയിലെല്ലാം ചടുലമായ ഗാനങ്ങളായിരുന്നു. ബേസിൽ ജോസഫിന്റെ ഗോദയിൽ എട്ടു പാട്ടുകളാണെഴുതിയത്.
സിനിമയെ ഒരു പ്രൊഫഷനായല്ല, പാഷനായാണ് കാണുന്നത്. അതുകൊണ്ടുതന്നെ രണ്ടും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്നുണ്ട്. സൈക്യാട്രിയിൽ എം.ഡി ചെയ്യുകയാണ്. അടുത്ത ദിവസമാണ് പരീക്ഷ. അതിന്റെ തിരക്കിൽ തൽക്കാലത്തേയ്ക്ക് പാട്ടെഴുത്തിന് അവധി നൽകിയിരിക്കുകയാണ്. അച്ഛനും അമ്മയും ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് അവർ തിരിച്ചറിയുന്നു.
എഴുതുന്ന പാട്ടുകളിൽ ഏറെയും ആദ്യം കേൾക്കുന്നത് ആയുർവേദ ഡോക്ടർ കൂടിയായ ഭാര്യ ഹിമയാണ്. ഞങ്ങൾക്ക് ഒരു മകളുണ്ട്. പ്രണതി. വീട്ടിൽ കല്യാണി എന്നാണ് വിളിക്കുന്നത്.
പുറത്തിറങ്ങാനിരിക്കുന്ന ഒട്ടേറെ ചിത്രങ്ങളിൽ മനുവിന്റെ പാട്ടുകളുണ്ട്. എടക്കാട് ബറ്റാലിയൻ 06, അനുഗൃഹീതൻ ആന്റണി, പൂഴിക്കടകൻ തുടങ്ങിയവ അക്കൂട്ടത്തിൽ ചിലതുമാത്രം.

 

Latest News