ബാബരി മസ്ജിദ് കേസ്: സുപ്രീം കോടതിയിൽ നാടകീയരംഗങ്ങൾ; രേഖകൾ കീറിയെറിഞ്ഞു

ന്യൂദൽഹി- അയോധ്യക്കേസിൽ ഇന്ന് വാദം അവസാനിപ്പിക്കാനിരിക്കെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ കീറിയെറിഞ്ഞു. വികാസ് സിംഗ് നൽകിയ ഭൂപടവും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകൾ കോടതിയിൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് രാജീവ് ധവാൻ രേഖകൾ കീറിയെറിഞ്ഞത്. ഇതേതുടർന്ന് മാന്യത നശിപ്പിച്ചുവെന്നും കോടതിയിൽനിന്ന് ഇറങ്ങിപ്പോകുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. 
കുനാൽ കിഷോർ എഴുതിയ അയോധ്യ പുനരവലോകനം എന്ന പുസ്തകത്തെക്കുറിച്ച് ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ പരാമർശിച്ചിരുന്നു. എന്നാൽ ഈ പുസ്തകത്തിൽനിന്നുള്ള ഉള്ളടക്കത്തെ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് ധവാൻ എതിർത്തു. 
40 ദിവസമായി തുടരുന്ന ദിനേനയുള്ള വാദം കേൾക്കൽ സുപ്രീം കോടതിയിൽ ഇന്ന് അവസാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതു സംബന്ധിച്ച സൂചന നൽകി. 'മതിയായി. ഈ കേസിൽ വാദം കേൾക്കൽ ഇന്ന് പൂർത്തിയാക്കാൻ പോകുകയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് സുപ്രീ കോടതി കേസിൽ ദിവസേനയുള്ള വാദം കേൾക്കൽ തുടങ്ങിയത്. കേസിൽ ഉടൻ വിധി പറയും.
വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ അയോധ്യയിൽ ജില്ലാ ഭരണകൂടം നിയന്ത്രങ്ങളും സുരക്ഷകളും കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഡിസംബർ 10 വരെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ സംഘം ചേരൽ വിലക്കിയതിനു പുറണെ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നതും പടക്ക നിർമാണവും വിൽപ്പനയും ബോട്ടിങും ജില്ലയിൽ നിരോധിച്ചിട്ടുണ്ട്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി കേസിലുൾപ്പെട്ട മൂന്ന് കക്ഷികൾക്ക് വീതിച്ചു നൽകിയ 2010ലെ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് സുപ്രീം കോടതി വിധി പറയാനിരിക്കുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് അബ്ദുൽ നസീർ എന്നിവരാണ് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ മറ്റു നാലു ജഡ്ജിമാർ.
 

Latest News