Sorry, you need to enable JavaScript to visit this website.

മതിയായെന്ന് സുപ്രീം കോടതി; ബാബരി കേസ് വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും

ന്യൂദല്‍ഹി- അയോധ്യയിലെ ബാബരി മസ്ജിദ്-രാമ ജന്മഭൂമി ഭൂമിത്തര്‍ക്ക കേസില്‍ 40 ദിവസമായി തുടരുന്ന ദിനേനയുള്ള വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഇന്ന് അവസാനിച്ചേക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതു സംബന്ധിച്ച സൂചന നല്‍കി. 'മതിയായി. ഈ കേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ പോകുകയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു. ഓഗസ്റ്റ് ആറിനാണ് സുപ്രീ കോടതി കേസില്‍ ദിവസേനയുള്ള വാദം കേള്‍ക്കല്‍ തുടങ്ങിയത്. കേസില്‍ ഉടന്‍ വിധി പറയും. 

വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ അയോധ്യയില്‍ ജില്ലാ ഭരണകൂടം നിയന്ത്രങ്ങളും സുരക്ഷകളും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഡിസംബര്‍ 10 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ സംഘം ചേരല്‍ വിലക്കിയതിനു പുറണെ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നതും പടക്ക നിര്‍മാണവും വില്‍പ്പനയും ബോട്ടിങും ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്.

Image may contain: one or more people, people standing and text

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി കേസിലുള്‍പ്പെട്ട മൂന്ന് കക്ഷികള്‍ക്ക് വീതിച്ചു നല്‍കിയ 2010ലെ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറയാനിരിക്കുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ മറ്റു നാലു ജഡ്ജിമാര്‍.
 

Latest News