Sorry, you need to enable JavaScript to visit this website.

ബാബരി വിധി അടുത്ത പശ്ചാത്തലത്തില്‍ ആര്‍എസ്എസ് സംഘ് പരിവാര്‍ പ്രചാരക്മാരുടെ സമ്മേളനം വിളിക്കുന്നു

നാഗ്പൂര്‍- അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിക്കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ അവസാന ഘട്ടത്തിലെത്തിയ പശ്ചാത്തലത്തില്‍ വിധി വരുന്നതിനു മുന്നോടിയായി ആര്‍ എസ് എസ് പ്രചാരക്മാരുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി രാമ ജന്മഭൂമി സമരത്തിനു തുടക്കമിട്ട തീവ്രഹിന്ദുത്വവാദ സംഘടനയായ ആര്‍ എസ് എസ്   ഹരിദ്വാറില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനമാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ നാലു വരെ നടക്കുന്ന സമ്മേളനത്തില്‍ എല്ലാ സംഘപരിവാര്‍ സംഘടനകളുടെ പ്രചാരക്മാരേയും പങ്കെടുപ്പിക്കുന്നുണ്ട്. ആര്‍ എസ് എസിന്റെ ഉന്നത നേതാക്കളായ അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, സുരേഷ് ഭയ്യാജി ജോഷി, ദത്തത്രേയ ഹൊസബലെ, ഡോ. കൃഷ്ണ ഗോപാല്‍, വിശ്വ ഹിന്ദു പരിഷത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ എന്നിവരടക്കം എല്ലാ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംഘ്പരിവാറിന്റെ ഇത്തരം സമ്മേളനം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രമെ നടക്കാറുള്ളൂ. ഇത്തവണ ഇത് ബാബരി കേസില്‍ സുപ്രീം കോടതി വിധി വരുന്നതിനു തൊട്ടുമുമ്പായി. ഈ സമ്മേളനത്തില്‍ ബിജെപി നേതാക്കളും പങ്കെടുക്കുമെന്ന് റിപോര്‍ട്ടുണ്ട്. അയോധ്യാ കേസ് നടപടികളും വരാനിടയുള്ള വിധി സംബന്ധിച്ചുമായിരിക്കും പ്രധാന ചര്‍ച്ച. രാഷ്രീയമായി ആര്‍എസ്എസിന് വലിയ നേട്ടമുണ്ടാക്കിക്കൊടുത്ത പൊള്ളുന്ന വിഷയമാണ് അയോധ്യ ബാബരി കേസ്. രാജ്യത്ത് വലിയ ധ്രൂവീകരണമുണ്ടാക്കുകയും ബിജെപിയെ വെറും രണ്ട് ലോക്‌സഭാ സീറ്റില്‍ നിന്ന് 300 സീറ്റുകളിലേക്ക് വളര്‍ത്തുന്നതിലും ഏറെ പങ്കുവഹിച്ച പ്രശ്‌നമാണിത്.

വിധി എന്തു തന്നെ ആയാലും മുന്നൊരുക്കങ്ങള്‍ വേണ്ടതുണ്ടെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. കേസില്‍ ഹിന്ദു കക്ഷികള്‍ക്ക് അനുകൂലമായി വിധി വന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. കാരണം കൂടുതല്‍ കക്ഷികള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്. വിവിധ സംഘടനകളും സന്യാസികളും എല്ലാം ഇതിന്റെ ഭാഗമാണ്. അടുത്ത നടപടി ഐകകണ്‌ഠ്യേനയും സ്വീകാര്യവുമാകേണ്ടതുണ്ട്- ഒരു ആര്‍ എസ് എസ് നേതാവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനൂകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാമ ജന്മഭൂമി പ്രസ്ഥാനത്തെ നയിച്ച വിഎച്പിയുടെ പ്രസിഡന്റ് അലോക് വര്‍മ ഈയിടെ പറഞ്ഞിരുന്നു. 

Latest News