ജിദ്ദ- മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് നരേന്ദ്ര മോഡി സർക്കാർ രാജ്യത്തിന്റെ സകല നന്മകളേയും ഇല്ലാതാക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവും തമിഴ്‌നാട് രാമനാഥപുരം എം.പിയുമായ ഡോ. കെ.നവാസ് ഗനി കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ജീവിക്കാനുള്ള അവകാശം വരെ നിഷേധിക്കുന്ന നയങ്ങളാണ് മോഡിയും ബി.ജെ.പിയും പിന്തുടരുന്നത്. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ഖാഇദെ മില്ലത്ത് പേരവൈ കമ്മിറ്റിയും നൽകിയ സംയുക്ത സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
മൊയ്തീൻകുട്ടി ഗൂഡല്ലൂരിന്റെ അധ്യക്ഷതയിൽ ജിദ്ദ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സ്വീകരണ സമ്മേളനം ജിദ്ദ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെയും ഏകാധിപത്യത്തെയും പരാജയപ്പെടുത്താൻ ദേശീയാടിസ്ഥാനത്തിൽ ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണ്. ജനാധിപത്യം, മതേതരത്വം, നാനാത്വത്തിൽ ഏകത്വം എന്നിവ സംരക്ഷിക്കാൻ മുസ്‌ലിം ലീഗ് ഇതര പാർട്ടികളുമായി ചേർന്ന് സമര പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഡി.എം.കെയുടെയും കേരളത്തിൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്. ഇതിന്റെ തുടക്കമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദൽഹിയിൽ മുസ്‌ലിം ലീഗ് നടത്തിയ റാലിയെന്നും ഗനി അഭിപ്രായപ്പെട്ടു.
കെ.എം.സി.സിയുടെ കാരുണ്യ പ്രവർത്തനങ്ങൾ മുസ്‌ലിം ലീഗ് പാർട്ടിക്ക് നൽകുന്ന സംഭാവനകൾ ചെറുതല്ല. തന്റെ വിജയത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയ കെ.എം.സി.സിയോടും ഖാഇദെമില്ലത്ത് പേരവൈ പ്രവർത്തകരോടുമുള്ള സന്തോഷം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ന്യൂനപക്ഷങ്ങൾക്ക് വിജയമുണ്ടാകൂ എന്നതിന്റെ ഉത്തമോദാഹരണമാണ് കേരളമെന്നും നവാസ് ഗനി എം.പി പറഞ്ഞു. ചടങ്ങിൽ ഗൂഡല്ലൂർ ഉൾക്കൊള്ളുന്ന നീലഗിരിയിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്ക് ഭീഷണി, വന്യമൃഗ ശല്യം, യാത്രാ നിരോധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ച് ഖാഇദെ മില്ലത്ത് പേരവൈ സൗദി നാഷണൽ സെക്രട്ടറി ഷാജഹാൻ ഗൂഡല്ലുർ എം.പിക്ക് നിവേദനം കൈമാറി.
പ്രൊഫ.ഇസ്മായിൽ മരിതേരി, പേരവൈ മക്കാ സെക്രട്ടറി സിദ്ദിഖ്, മുസ്തഫ വാക്കാലൂർ, ഡി.എം.കെ ജിദ്ദ സെക്രട്ടറി ഖാജാ മുഹിയുദ്ദീൻ, സയ്യിദ് ഒ.കെ.എസ് തങ്ങൾ, സിറാജ് ചെന്നൈ എന്നിവർ സംസാരിച്ചു. ശിഹാബ് താമരക്കുളം സ്വാഗതവും ലത്തീഫ് മുസ്‌ല്യാരങ്ങാടി നന്ദിയും പറഞ്ഞു.