Sorry, you need to enable JavaScript to visit this website.

ചെറുകിട സ്ഥാപനങ്ങൾക്കുള്ള വായ്പകളിൽ 94 ശതമാനം വർധന

റിയാദ് - ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പകളിൽ കഴിഞ്ഞ വർഷം 94 ശതമാനം വർധന രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വായ്പകൾ നൽകുന്നതിനുള്ള പ്രത്യേക പദ്ധതി പ്രകാരം കഴിഞ്ഞ വർഷം 350 കോടി റിയാലാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് അനുവദിച്ചത്. 2017 ൽ ഇത് 180 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം 3395 ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വായ്പകൾ അനുവദിച്ചു. 2017 ൽ 3220 സ്ഥാപനങ്ങൾക്കാണ് വായ്പകൾ അനുവദിച്ചത്. കഴിഞ്ഞ വർഷം വായ്പകൾ അനുവദിച്ച സ്ഥാപനങ്ങളുടെ എണ്ണത്തിൽ 5.5 ശതമാനം മാത്രം വർധനവാണുള്ളത്. എന്നാൽ ഈ സ്ഥാപനങ്ങൾക്ക് അനുവദിച്ച വായ്പാ തുകയിൽ 94 ശതമാനം വർധന രേഖപ്പെടുത്തി. 
വ്യാപാര, നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഏറ്റവും കൂടുതൽ വായ്പകൾ ലഭിച്ചത്. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന 1261 സ്ഥാപനങ്ങൾക്ക് 170 കോടി റിയാലും നിർമാണ മേഖലയിൽ പ്രർത്തിക്കുന്ന 1155 സ്ഥാപനങ്ങൾക്ക് 160 കോടി റിയാലും കഴിഞ്ഞ വർഷം വായ്പയായി അനുവദിച്ചു. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 275 സ്ഥാപനങ്ങൾക്ക് 53.4 കോടി റിയാലും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 211 സ്ഥാപനങ്ങൾക്ക് 31.5 കോടി റിയാലും ധന മേഖലയിൽ പ്രവർത്തിക്കുന്ന 242 സ്ഥാപനങ്ങൾക്ക് 32.3 കോടി റിയാലും സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന 186 സ്ഥാപനങ്ങൾക്ക് 27.9 കോടി റിയാലും ഖനന, പെട്രോളിയം മേഖലയിൽ പ്രവർത്തിക്കുന്ന ഒമ്പതു സ്ഥാപനങ്ങൾക്ക് 1.2 കോടി റിയാലും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന 11 സ്ഥാപനങ്ങൾക്ക് 1.2 കോടി റിയാലും കഴിഞ്ഞ വർഷം വായ്പകളായി അനുവദിച്ചു. 
ഏറ്റവും കുറവ് വായ്പകൾ അനുവദിച്ചത് വൈദ്യുതി, ഗ്യാസ്, ജല മേഖലകളിലെ സ്ഥാപനങ്ങൾക്കാണ്. ഈ മേഖലകളിൽ ഒമ്പതു സ്ഥാപനങ്ങൾക്ക് ആകെ 64 ലക്ഷം റിയാൽ മാത്രമാണ് വായ്പകൾ അനുവദിച്ചതെന്നും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.

 

Latest News