Sorry, you need to enable JavaScript to visit this website.

മിസ്‌രി നൽകിയ ഉപദേശം 

സർട്ടിഫിക്കറ്റുകളുടെ കൂട്ടത്തിൽ മൽബു നിധി പോലെ സൂക്ഷിക്കുന്ന ഒരെണ്ണമുണ്ട്. തിളങ്ങുന്ന സ്വർണ ലിപിയാണ് അതിന്റെ പ്രത്യേകത. കഴിഞ്ഞ ജന്മത്തിൽ ആദ്യത്തെ ബോസ് സമ്മാനിച്ചതാണ്. മികച്ച പെർഫോമൻസിനുള്ള അംഗീകാരം.  കഴിഞ്ഞ ജന്മമെന്ന് പറയുമ്പോൾ ജോലി നഷ്ടപ്പെട്ട് ഫൈനൽ എക്‌സിറ്റിൽ പോയതുവരെയുള്ള കാലമാണ്. വീട് വൃത്തിയാക്കിയപ്പോൾ മൽബി കടലാസുകൾ കത്തിക്കുന്ന കൂട്ടത്തിൽ ഇതും കത്തിക്കാനെടുത്തതാണ്. ഭാഗ്യത്തിനാണ് തിരികെ ലഭിച്ചത്. 
മൽബിക്കെന്തറിയാം. സ്വർണ ഫ്രെയിമിട്ട് വെക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ബോസ് അത് സമ്മാനിച്ചതെന്ന് മൽബുവിന് നല്ല ഓർമയുണ്ട്. 
ഇതൊക്കെ അടങ്ങുന്ന ഫയലുമായാണ് മൽബു ഇപ്പോൾ തൊഴിലന്വേഷിച്ച്  ഓഫീസുകൾ കയറിയിറങ്ങുന്നത്. മനോഹരമായി അടുക്കിവെച്ച ഫയൽ കൊണ്ടുപോകുന്നതല്ലാതെ വാങ്ങി നോക്കാൻ പോലും ആരും മെനക്കെടുന്നില്ല. ഇ-മെയിലിൽ അയച്ച ബയോഡാറ്റ മാത്രമാണ് മാനേജർമാരും ഇന്റർവ്യൂ നടത്തുന്ന എച്ചാറുകാരുമൊക്കെ നോക്കുന്നത്. ജോലി നൽകിയില്ലെങ്കിലും ആരെങ്കിലും ഇതൊന്നു വാങ്ങി നോക്കിയെങ്കിലെന്ന് മൽബു അതിയായി ആഗ്രഹിക്കുന്നുണ്ട്.  
ബയോഡാറ്റക്കു പകരം മാനേജർമാർ ഇപ്പോൾ സോഷ്യൽ മീഡിയ നോക്കുമെന്ന് ഉസ്മാൻ പറഞ്ഞതു തന്നെയാണ് ശരി. അതുകൊണ്ട് ഫേസ് ബുക്കിൽനിന്ന് പാട്ടുകളും തമാശ വിഡിയോകളുമൊക്കെ മൽബു ഒഴിവാക്കി.
എങ്ങനെ മികച്ച സെയിൽസ് മാനാകാം, എങ്ങനെ ആളുകളെ ആകർഷിക്കാം തുടങ്ങി പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട ഉള്ളടക്കമാണ് ഇപ്പോൾ ഫേസ് ബുക്കിലുള്ളത്. ഫോട്ടോകളിൽ പ്രായം തോന്നാത്തതും ദുൽഖർ സൽമാന്റേതു പോലുള്ളതുമായ ഒരു ഫോട്ടോ മാത്രം ബാക്കിയാക്കി. 
ഓരോ ദിവസവും ഓരോ പഴയ പാട്ടുകൾ തേടിപ്പിടിച്ച് പോസ്റ്റ് ചെയ്യുന്ന ശീലമുണ്ടായിരുന്നു. ഇടവഴികളും പാടങ്ങളും പോലെ ഗൃഹാതുരത്വമുയർത്തുന്ന ഫോട്ടോകളായിരുന്നു മറ്റൊരു ദൗർബല്യം. 

അതൊക്കെ നിർത്തി. കൂട്ടുകാരും നാട്ടുകാരുമല്ല ഇനി മൽബുവിന്റെ എഫ്.ബി നോക്കേണ്ടത്. കമ്പനികളുടെ മാനേജർമാരും എച്ചാറുകാരുമാണ്. ബയോഡാറ്റ അയക്കുന്ന കമ്പനികളിലുള്ളവർ എഫ്.ബി നോക്കുന്നുേേണ്ടാ എന്നൊന്നും അറിയില്ല. പക്ഷേ ഒരു ദിവസം ഒരു മിസ്‌രി മാനേജർ ഫയൽ വാങ്ങി നോക്കി. അപ്രതീക്ഷിത സംഭവമായിരുന്നു അത്. 
ഒരു വർഷം കമ്പനിയിൽ ഏറ്റവും കൂടുതൽ ബിസിനസ് ഉണ്ടാക്കിയതിനു ലഭിച്ച ബെസ്റ്റ് അച്ചീവ്‌മെന്റ് സർട്ടിഫിക്കറ്റാണ് മിസ്‌രിയെ ആകർഷിച്ചത്. അതിന്റെ കൂടെ ഒരു പവൻ സമ്മാനമായി ലഭിച്ചതും സ്വർണ ഫ്രെയിമിട്ട് തൂക്കാൻ ബോസ് പറഞ്ഞതുമൊക്കെ അദ്ദേഹത്തോട് വിശദീകരിച്ചു. മിസ്‌രി അതൊക്കെ താൽപര്യപൂർവം കേട്ടു. പക്ഷേ, അവസാനം കാര്യത്തിലെത്തിയപ്പോൾ എല്ലാം തകിടം മറിഞ്ഞു. പ്രതീക്ഷിച്ച ശമ്പളത്തിന്റെ നാലിലൊന്നു പോലുമില്ല. 
മേശപ്പുറത്തു വെച്ചിരുന്ന ഫയലെടുത്ത് തിരികെ ഇറങ്ങാനൊരുങ്ങിയപ്പോൾ അദ്ദേഹം ഇരിക്കാൻ പറഞ്ഞു. ശമ്പളത്തിൽ എന്തേലും കൂട്ടിപ്പറയാനായിരിക്കുമെന്ന് കരുതി മനം തുടിച്ചു തുടങ്ങിയെങ്കിലും സംഗതി അതായിരുന്നില്ല. 
നിങ്ങളുടെ ഫോൺ, താക്കോൽ , വാലറ്റ് എല്ലാമെടുത്ത് മേശപ്പുറത്ത് വെക്കൂ: മിസ്‌രി പറഞ്ഞു. 
മൽബു പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് രണ്ട് താക്കോലെടുത്ത് ടേബിളിൽ വെച്ചു. ഒന്ന് മെയിൻ ഗെയിറ്റിന്റേതും മറ്റൊന്ന് ഫഌറ്റിന്റേതുമാണ്. ഫോൺ എടുത്തുവെക്കാൻ കുറച്ച് മടിയുണ്ടായിരുന്നു. കാരണം സ്മാർട്ട് ഫോണാണെങ്കിലും ഒട്ടും സ്മാർട്ടായിരുന്നില്ല അത്. പഴയ ഒരു സാധനം. പഴ്‌സ് ഇല്ലായിരുന്നു. ഇഖാമ സൂക്ഷിച്ചിരുന്നത് ഷർട്ടിനുള്ളിൽ അത് വെക്കാനായി പ്രത്യേകം തയ്പിച്ച പോക്കറ്റിലായിരുന്നു. പഴ്‌സ് ഇല്ല എന്നു പറഞ്ഞപ്പോൾ വിശ്വാസം വരാത്ത പോലെ  മിസ്‌രി ഒന്നു തുറിച്ചു നോക്കി. ഇടക്കിടെ അയാൾ സിസിടിവിയുടെ മോണിറ്ററിലേക്കും നോക്കുന്നുണ്ട്. 
മൽബുവിന്റെ ശരീരം ചെറുതായി വിറക്കാൻ തുടങ്ങി. അരുതാത്തതൊന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്താണ് സംഭവിക്കുന്നതെന്നറിയുന്നില്ല. തളർന്നു വീഴുമെന്ന് തോന്നി. 
അന്നേരം അയാൾ കനമുള്ള സ്വന്തം പഴ്‌സ്, ബി.എം.ഡബ്ല്യു കാറിന്റേതടക്കമുള്ള വലിയ താക്കോൽ കൂട്ടം, പിന്നെ ഒരു ഐഫോണും ഒരു സാംസങും എല്ലാം കൂടിയെടുത്ത് മൽബുവിന്റെ മുന്നിലേക്ക് വെച്ചു. 
തന്റെ പോക്കറ്റിൽ വല്ലതും കുടുങ്ങിയോ എന്നു മൽബു വീണ്ടും തപ്പിനോക്കി. ഏയ് ഒന്നുമില്ല. 
അപ്പോഴേക്കും മിസ്‌രി സ്വന്തം ചെയറിൽനിന്ന് എഴുന്നേറ്റ് മൽബുവിന്റെ അടുത്തെത്തി. ആജാനുബാഹുവായ അയാൾ നീണ്ടുനിവർന്നു നിന്ന ശേഷം ഫോണുകളും പഴ്‌സുകളും താക്കോൽക്കൂട്ടവുമൊക്കെ ഒരു കൈയിലെടുത്തുപിടിച്ചു. എന്നിട്ട് ഒരടി പിറകോട്ട് നീങ്ങിയ ശേഷം പറഞ്ഞു. 
ഇനി എവിടെയെങ്കിലും ഇന്റർവ്യൂവിനു പോകുമ്പോൾ ദേ ഇതുപോലെ പോണം. ഒ.കെ...അതൊന്നും കൊണ്ടു പോകണ്ട- സർട്ടിഫിക്കറ്റുകളടങ്ങിയ ഫയലിലേക്ക് അയാൾ വിരൽ ചൂണ്ടി.  
തിരിച്ചും ഒരു ഒ.കെ പറഞ്ഞ് മിസ്‌രിയുടെ കൈയിൽ കൊള്ളാത്ത സാധനങ്ങളിലേക്ക് ഒരിക്കൽ കൂടി നോക്കി മൽബു അവിടെനിന്നിറങ്ങി.
 

Latest News