Sorry, you need to enable JavaScript to visit this website.

കുരങ്ങൻ ചോലയിലെ പ്രകൃതി ഭംഗി നുകരാം 

സമുദ്രനിരപ്പിൽനിന്നും ഏകദേശം 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പന്തല്ലൂർ മലയിലെ കുരങ്ങൻ ചോലയിലേക്ക് പ്രകൃതിഭംഗി ആസ്വദിക്കാൻ സന്ദർശക പ്രവാഹം. മങ്കട ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് കോഴിക്കോട്ട് പറമ്പ് ഉൾപ്പെടുന്ന സ്ഥലത്താണ് കുരങ്ങൻ ചോല സന്ദർശകർക്കായി പ്രകൃതിയുടെ അപൂർവ്വ സൗന്ദര്യം ഒരുക്കിയിരിക്കുന്നത്. മനോഹര കാഴ്ച കാണാൻ പുലർച്ചെയോടെ മലയിലേക്ക് സന്ദർശക പ്രവാഹമാണ്. 


 പുലർച്ചയോടെ എത്തുന്ന കോടമഞ്ഞ് മൂടി പുതച്ച് കിടക്കുന്ന കുരങ്ങൻചോലയുടെ അപൂർവ്വ സൗന്ദര്യം കാണാനാണ് സഞ്ചാരികൾ കൂടുതൽ എത്തുന്നത്. കോടമഞ്ഞും പ്രഭാതത്തിലെ കുളിരും ഇവിടെയെത്തുന്ന സന്ദർശകർക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.  മലപ്പുറത്തുനിന്നും പ്രകൃതി ഭംഗി ആസ്വദിക്കാനും മറ്റും സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത് വയനാട്,  ഊട്ടി, മൂന്നാർ തുടങ്ങിയ വിദൂരസ്ഥലങ്ങളാണ്. തൊട്ടടുത്ത്  പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹര ദൃശ്യം ആസ്വദിക്കാൻ അറിയാതെ പോവുകയാണ് വിനോദ സഞ്ചാരികൾ.
 മലമുകളിലേക്ക് സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് ഇവിടം. സമീപഭാവിയിൽ തന്നെ ടൂറിസം രംഗത്ത് മികച്ച കേന്ദ്രമായി മാറാൻ സാധ്യതയുള്ള മേഖല കൂടിയാണ് കുരങ്ങൻചോല. ഇവിടെ എത്തുന്നവർക്ക് മതി വരുവോളം നീന്തി കുളിക്കാൻ ഗ്രാമ പഞ്ചായത്തിന്റെ നീന്തൽക്കുളവും തയ്യാറാണ്.  ഗ്രാമ പഞ്ചായത്തിന്റെ  കേരളോത്സവത്തിലെ നീന്തൽ മത്സരങ്ങളും, നീന്തൽ പരിശീലനവും ഇവിടെയാണ് സ്ഥിരമായി നടത്താറ്.   മലമുകളിൽ എത്തുന്ന സഞ്ചാരികൾക്ക്  ദൂരക്കാഴ്ച കാണാനുള്ള സൗകര്യം ഫോറസ്റ്റ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. 1921 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ താവളം ഒരുക്കിയിരുന്നത്  പന്തല്ലൂർ മലയുടെ മുകൾ ഭാഗത്തായിരുന്നു. 


പന്തലൂർ മലയിലേക്ക് എത്താൻ കോഴിക്കോട്  ഭാഗത്തു നിന്നും വരുന്നവർ മഞ്ചേരി ആനക്കയം യു കെ പടിയിൽനിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ കുരങ്ങൻ ചോലയിൽ എത്താം, പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്നവർ പെരിന്തൽമണ്ണ മങ്കട വേരും പിലാക്കൽ വഴി കുരങ്ങൻ ചോലയിൽ എത്താം.

Latest News