Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കശ്മീരിൽ നടന്നത് സർക്കാർ  അതിക്രമം -കണ്ണൻ ഗോപിനാഥ് 

കൊച്ചി- കശ്മീരിൽ നടന്നത് സർക്കാർ അതിക്രമമാണെന്നും അതിൽ പരാജയപ്പെട്ടത് രാജ്യമാണെന്നും സിവിൽ സർവീസിൽനിന്നു രാജിവെച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനും ദാദ്ര-നഗർഹവേലി ഊർജ സെക്രട്ടറിയുമായിരുന്ന കണ്ണൻ ഗോപിനാഥ്. സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം പ്രസ്‌ക്ലബിൽ 'ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്ന കാലം' എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പരാജയങ്ങളും സർക്കാർ ചെയ്യുന്ന അതിക്രമങ്ങളും രണ്ടാണ്. കശ്മീരിൽ ഉണ്ടായത് സർക്കാരിന്റെ അതിക്രമം തന്നെയാണ്. അതേസമയം, രാഷ്ട്രം തോൽക്കുകയും ചെയ്തു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു സർക്കാരിന്റെ അതിക്രമങ്ങൾ എന്നും എതിർക്കപ്പെടേണ്ടതാണ്. സർക്കാരുകൾക്ക് തെറ്റു പറ്റാം, എന്നാൽ അതിക്രമം ചെയ്യാൻ പാടില്ല. സർക്കാരിന്റെ മനഃപൂർവമുള്ള അതിക്രമങ്ങളെ ജനം വെച്ചുപൊറുപ്പിക്കാൻ പാടില്ല. ഇത്തരം അതിക്രമങ്ങളിലൂടെ രാജ്യം തോറ്റുപോയാൽ ഒന്നും ചെയ്യാൻ പറ്റില്ല. 
കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിനെതിരെ കേരളത്തിൽ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഉത്തരേന്ത്യയിലെ അവസ്ഥ വ്യത്യസ്തമാണ്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുമെന്ന് അവർ ഭയപ്പെടുന്നു. സർക്കാരും രാജ്യവും രണ്ടാണെന്ന് മനസിലാക്കാത്തതാണ് ഇത്തരം ഭയത്തിന് കാരണം. സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരേ പ്രതികരിക്കുന്നവരല്ല, മൗനം തുടരുന്നവരാണ് രാജ്യദ്രോഹികൾ. സർക്കാരുകൾ ചോദ്യം ചെയ്യപ്പെടുകയെന്നത് ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. ഇതും ജനങ്ങൾ മനസിലാക്കുന്നില്ല. 
ദേശീയ മാധ്യമങ്ങളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും വരെ അഭിപ്രായ പ്രകടനത്തിന് ഭയക്കുന്നു. ഇത് ഭയക്കേണ്ട സാഹചര്യമാണ്. തന്റെ രാജികൊണ്ട് സർക്കാർ നടപടികളിൽ മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഈ കാലഘട്ടം ആവശ്യപ്പെടുന്നത് സർക്കാരിന്റെ കൊള്ളരുതായ്മകൾ സഹിച്ച് ഒരു ഉദ്യോഗസ്ഥനായി തുടരാനല്ല, മറിച്ച് അവകാശങ്ങൾ ചോദിച്ചു വാങ്ങുന്ന പൗരനാകാനാണ്. അതിനാലാണ് താൻ രാജി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വതന്ത്ര അഭിപ്രായ പ്രകടനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ഗോപിനാഥ് ഓഗസ്റ്റിൽ സർവീസിൽ നിന്നും രാജി വെച്ചത്. സർവീസിലിരുന്ന് അഭിപ്രായ പ്രകടനം നടത്തുന്നതു ചട്ടലംഘനമായതിനാലാണു രാജി വെക്കുന്നതെന്ന് കണ്ണൻ വ്യക്തമാക്കിയിരുന്നു.

Latest News