പതിനഞ്ചിന്റെ പെരുമ

കോച്ച് ജോൺ ഹാക്‌വർത്‌

അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. രാജ്യം ആദ്യമായി വേദിയൊരുക്കുന്ന ഫിഫ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും കുറിച്ചുള്ള പരമ്പര 

 

പതിനാറ് തവണയാണ് അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റ് അരങ്ങേറിയത്. അതിൽ പതിനഞ്ചിലും കളിച്ച പരിചയ സമ്പത്തുണ്ട് അമേരിക്കൻ ടീമിന്. 2013 ലെ ടൂർണമെന്റ് മാത്രമാണ് അവർക്കു നഷ്ടപ്പെട്ടത്. എന്നാൽ 1999 ൽ ന്യൂസിലാന്റിൽ നടന്ന ടൂർണമെന്റിൽ നാലാം സ്ഥാനത്തെത്തിയതൊഴിച്ചാൽ ടൂർണമെന്റിൽ വലിയ നേട്ടമുണ്ടാക്കാൻ അമേരിക്കക്കു സാധിച്ചിട്ടില്ല. 1999 ലെ സെമി ഫൈനലിൽ ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയോട് കഷ്ടിച്ച് തോൽക്കുകയായിരുന്നു. അന്ന് ടീമിന്റെ നായകനും ടോപ്‌സ്‌കോററുമായിരുന്ന ലണ്ടൻ ഡോണോവൻ പിൽക്കാലത്ത് സീനിയർ ടീമിലെ സൂപ്പർ താരമായി. 
നാലു തവണ അവർ ക്വാർട്ടറിലെത്തി. എന്നാൽ അതിൽ അവസാനത്തേത് 2005 ലായിരുന്നു, പെറുവിൽ. 2015 ൽ ചിലെയിൽ നടന്ന അവസാന ടൂർണമെന്റിൽ അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. 2001 നു ശേഷം ആദ്യമായി കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടം കടക്കാതെ പോയതിന്റെ ക്ഷീണം തീർക്കുകയായിരിക്കും ഇത്തവണ അമേരിക്കയുടെ ലക്ഷ്യം. 


ഗ്രൂപ്പ് എ-യിലെ മറ്റ് ടീമുകൾ: ഇന്ത്യ, കൊളംബിയ, ഘാന
വിളിപ്പേര്: ടീം യു.എസ്.എ, സ്റ്റാഴ്‌സ് ആന്റ് സ്‌ട്രൈപ്‌സ്, യാങ്കികൾ
കരുത്ത്: പ്രത്യാക്രമണം, 4-4-2 ശൈലി
കോച്ച്: ജോൺ ഹാക്‌വർത്‌


കോൺകകാഫ് അണ്ടർ-17 ടൂർണമെന്റിന്റെ ഫൈനലിലെത്തിയാണ് അമേരിക്ക യോഗ്യത നേടിയത്. ഫൈനലിൽ ഷൂട്ടൗട്ടിൽ മെക്‌സിക്കോയോട് അവർ തോൽക്കുകയായിരുന്നു. പാനമയിൽ നടന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മെക്‌സിക്കോയെ അവർ 4-3 ന് തോൽപിച്ചിരുന്നു. 
ബദ്ധവൈരികളായ മെക്‌സിക്കോക്കെതിരെ അമേരിക്കയുടെ ആദ്യ വിജയമായിരുന്നു അത്. ടൂർണമെന്റിൽ തുടർച്ചയായ 25 മത്സരങ്ങളിലെ മെക്‌സിക്കോയുടെ അജയ്യ മുന്നേറ്റത്തിന്റെ അവസാനം കൂടിയായിരുന്നു അത്. 
ടൂർണമെന്റിലുടനീളം ഉജ്വലമായിരുന്നു അമേരിക്കയുടെ പ്രകടനം. നാടകീയമായ ഫൈനലിലെ ഷൂട്ടൗട്ട് വരെ എല്ലാ കളിയും അവർ ജയിച്ചു. ഫൈനലിൽ ഇഞ്ചുറി ടൈമിലായിരുന്നു മെക്‌സിക്കോ സമനില നേടിയത്. 
ടൂർണമെന്റിലെ ബെസ്റ്റ് ഇലവനിൽ പകുതിയോളം അമേരിക്കൻ കളിക്കാരായിരുന്നു. ടെക്‌നിക്കൽ കമ്മിറ്റി തെരഞ്ഞെടുത്ത ടീം ഓഫ് ദ ടൂർണമെന്റിൽ ഗോൾകീപ്പർ ജസ്റ്റിൻ ഗാർസെസ്, ഡിഫന്റർമാരായ ജെയ്‌ലിൻ ലിന്റ്‌സെ, ജെയിംസ് സാന്റ്‌സ്, മിഡ്ഫീൽഡർമാരായ ക്രിസ് ഡർകിൻ, ഫോർവേഡ് ജോഷ് സാർജന്റ് എന്നിവർ അമേരിക്കക്കാരാണ്. സാർജന്റും ആയോ അകിനോലയുമാണ് ആക്രമണം നയിക്കുന്നത്. സാർജന്റ് അണ്ടർ-20 ലോകകപ്പിൽ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു. വമ്പൻ യൂറോപ്യൻ ക്ലബ്ബുകൾ സാർജന്റിനെ നോട്ടമിട്ടിട്ടുണ്ട്. 
2015 ലെ ചിലെ ലോകകപ്പിൽ അമേരിക്ക നിരാശപ്പെടുത്തിയ ശേഷമാണ് റിച്ചി വില്യംസിൽനിന്ന് ജോൺ ഹാക്‌വർത്ത് കോച്ചിംഗ് പദവി ഏറ്റെടുത്തത്. മുമ്പ് അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. റെസിഡൻസി പ്രോഗ്രാമിലൂടെ വളർത്തിയെടുത്ത ഇപ്പോഴത്തെ അണ്ടർ-17 ടീമിനെ ഇന്ത്യയിലെ ലോകകപ്പിനു ശേഷം പിരിച്ചുവിടുകയാണ്. 
ശ്രദ്ധിക്കേണ്ട താരം:
ജോഷ് സാർജന്റ്: സാർജന്റും ആയോ അകിനോലയുമാണ് ആക്രമണം നയിക്കുന്നത്. സാർജന്റ് അണ്ടർ-20 ലോകകപ്പിൽ കളിക്കുകയും ഗോളടിക്കുകയും ചെയ്തിരുന്നു. വമ്പൻ യൂറോപ്യൻ ക്ലബ്ബുകൾ സാർജന്റിനെ നോട്ടമിട്ടിട്ടുണ്ട്. ഒരേ വർഷം അണ്ടർ-17, അണ്ടർ-20 ലോകകപ്പുകൾ കളിച്ച രണ്ടാമത്തെ അമേരിക്കൻ കളിക്കാരനാവും സാർജന്റ്. ഫ്രെഡി അഡുവാണ് ആദ്യം ഈ നേട്ടം കൈവരിച്ചത്. 


 

Latest News