നിഹാൽ ദ ഇന്റർനാഷണൽ മാസ്റ്റർ 

നിഹാൽ
ചതുരംഗപ്പലകയുടെ കുലപതി  വീട്ടിലെത്തുമ്പോൾ കുട്ടിയായി  മാറുന്നു. നിഹാൽ  മാതാപിതാക്കൾക്കും  അനിയത്തി നേഹക്കുമൊപ്പം.

മോസ്‌കോയിൽ ഏറോഫ്‌ളോട്ട് ഓപ്പൺ ചെസ് ടൂർണമെന്റിന് തിരശ്ശീല വീണപ്പോൾ കേരളത്തിന് അഭിമാനിക്കാനും അഹങ്കരിക്കാനുമുളള വാർത്തയുണ്ടായിരുന്നു. ഗ്രാൻഡ് മാസ്റ്റർമാരെപ്പോലും ചെക്കിൽ കുരുക്കി തൃശൂരിലെ ഒരു പന്ത്രണ്ടുകാരൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്റർനാഷണൽ മാസ്റ്റർ (ഐ.എം) പദവി സ്വന്തമാക്കി. സംസ്ഥാനത്തെ പ്രായം കുറഞ്ഞ ഐ.എമ്മായി, രാജ്യത്തെ രണ്ടാമനും. ചതുരംഗക്കളത്തിൽ വിസ്മയത്തിന്റെ വിസ്‌ഫോടനമാണ് നിഹാൽ സരിൻ എന്ന കുശാഗ്ര ബുദ്ധി.
മണ്ണാർക്കാട് സ്വദേശി സരിനും തൃശൂരുകാരി ഷിജിനും 2004 ജൂലൈ 13 നാണ് ദാമ്പത്യ വല്ലരിയിലെ ആദ്യ മൊട്ട് വിരിഞ്ഞത്. സൈക്യാട്രിയിൽ എം.ഡി പൂർത്തിയാക്കാൻ ഷിജിൻ കോട്ടയത്തക്ക് തിരിച്ചു, ഡോ. സരിൻ പോലീസ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് സർജൻ. പകൽ സമയം നിഹാലിന്റെ കൂട്ട് വല്യുപ്പയും വല്യുമ്മയും. കളി, ചിരി ബഹളങ്ങൾക്കിടയിൽ ഉപ്പയും ഉമ്മയും ഒരു കാര്യം ശ്രദ്ധിച്ചു, മോന്റെ ഓർമശക്തി അപാരമാണ്. വിഷ്വൽ ഡിക്ഷണറിയിൽ കുഞ്ഞു വിരലുകൾ തൊടുവിച്ച് വാക്കുകളിലേക്കും വസ്തുക്കളിലേക്കും അവർ വാതായനം തുറന്നു. തടിയൻ ഡിക്ഷണറിയുടെ അവസാന പേജുകളിൽ ദേശീയ പതാകകളായിരുന്നു. ഒരിക്കൽ വിരൽ ചൂണ്ടി കടന്നുപോയ പതാകയിലേക്ക് തിരിച്ചുവരാൻ ആ രാജ്യത്തിന്റെ പേര് മാത്രം കേട്ടാൽ മതി നിഹാലിന്. മൂന്നാം വയസ്സിൽ 190 ദേശീയ പതാകകൾ കുഞ്ഞുമനസ്സ് ഹൃദിസ്ഥമാക്കി. 

ചാട്ടങ്ങൾ...
ഡിക്ഷണറിയിൽ നിന്ന് പൂമ്പാറ്റകളുടെ പിന്നാലെ. ശലഭങ്ങളുടെ ശാസ്ത്രീയ നാമം വരെ ഓർത്തെടുത്തു. കാറുകളുടെ കമ്പനി നാമങ്ങൾ, കളിക്കാരുടെ പേരുകൾ.. എൽ.കെ.ജി എത്തിയപ്പോഴേക്കും ഗുണനപ്പട്ടിക മനഃപാഠം. പരിചിതമായ വാക്കുകൾ കൂട്ടിയിണക്കി പുതിയ വാക്കുകൾ അവൻ കോർത്തെടുത്തു. പ്രസംഗങ്ങളായി അടുത്ത താൽപര്യം. 
ഹൈപ്പർ ആക്ടീവായ കുട്ടിയെ തളച്ചിടാൻ ഉപ്പ വാങ്ങിക്കൊടുത്ത റോളർ സ്‌കേറ്റിംഗ് ഷൂവിൽ ആദ്യ ദിനം മൂക്കുകുത്തി വീണു. അടുത്ത വെക്കേഷന് മകൻ പാഞ്ഞു നടക്കേണ്ടെന്നു കരുതി അവർ ചതുരംഗപ്പലകയിൽ അഭയം തേടി. വല്യുപ്പ എ.എ ഉമ്മർ പ്രഥമ ഗുരുവായി. ചെസിന്റെ ബാലപാഠങ്ങൾ അദ്ദേഹം അവനു പറഞ്ഞുകൊടുത്തു. തോൽക്കുമ്പോഴൊക്കെ അവൻ കുഞ്ഞുവായിൽ നിലവിളിച്ചു. ഒന്ന് തോറ്റാൽ അടുത്ത കളി കളിക്കണം. പേരക്കുട്ടിയെ പിടിച്ചുകെട്ടാൻ കണ്ടെത്തിയ വഴി വല്യുപ്പാക്ക് പാരയായി. രണ്ടാഴ്ച കൊണ്ട് പഴയ ചെസ് പുലി പേരക്കുട്ടിക്കു മുന്നിൽ സുല്ലിട്ടു. അന്ന് അമ്മാനം വീടൊരു ആമോദ വീടായി. യു.കെ.ജി വെക്കേഷൻ തീരുന്നതിനു മുന്നെ വല്യുപ്പ പേരക്കുട്ടിയുടെ ശിഷ്യനായി. 

കളി കാര്യമാകുന്നു  
ഒന്നാം ക്ലാസ് കോട്ടയം എക്‌സൽഷയർ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു. ചെസ് പഠിപ്പിക്കാൻ സൗകര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഫിഫ്ത് സ്റ്റാൻന്റേർഡ് കഴിഞ്ഞു മാത്രം എന്നായിരുന്നു. ചെസ് മാഷ് അവനെ കളിപ്പിച്ചുനോക്കട്ടെ എന്നായി. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് കഴിഞ്ഞു നിഹാൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും മാത്യു പി. ജോസഫ് പുറ്റൂർ എന്ന ചെസ് മാസ്റ്ററുടെ വിളി വന്നു: 'മോൻ ശരിക്കും ടാലന്റഡാണ്' എന്ന്. അദ്ദേഹം വീട്ടിലെത്തി അവനു ചെസ് പാഠങ്ങൾ പകർന്നു. ആദ്യത്തെ ഒഫീഷ്യൽ കോച്ച്!
കോട്ടയത്ത് കളത്തിപ്പടിയിലായിരുന്നു ആദ്യ ടൂർണമെന്റ്. ലോക ജൂനിയർ വെങ്കലം നേടിയ എസ്.എൽ. നാരായണൻ ഉൾപ്പെടെ എതിരാളികൾ. പ്രോത്സാഹന സമ്മാനത്തിൽ ഒതുങ്ങി ആദ്യ നേട്ടം. ആറാം വയസ്സിൽ കോഴിക്കോട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ-7 സംസ്ഥാന ചാമ്പ്യൻ പട്ടം സ്വന്തമാക്കി നിഹാൽ പടയോട്ടമാരംഭിച്ചു.
ഉപ്പയും ഉമ്മയും ട്രാൻസ്ഫറായി കോട്ടയം വിട്ടതോടെ മാത്യു സാറിനെ പിരിയേണ്ടിവന്നു. തൃശൂരിലെ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലേക്കായിരുന്നു പറിച്ചുനടൽ. പൂനെയിൽ അണ്ടർ-7 ദേശീയ ചാമ്പ്യൻഷിപ്പിൽ സി.ടി പത്രോസായിയിരുന്നു പരിശീലിപ്പിച്ചത്, സഹായിക്കാൻ മുൻ സംസ്ഥാന ചാമ്പ്യനും എം.ബി.എം. ചെസ് അക്കാദമിയുടെ ഡയറക്ടറുമായ എം.ബി. മുരളീധരനും. കുറച്ചുകാലം പ്രൊഫ. എൻ.ആർ. അനിൽ കുമാറും കെ. കെ. മണികണ്ഠനും പരിശീലിപ്പിച്ചു. ദേവമാതായിലെ അഞ്ചു കുട്ടികളോട് ഒരേസമയം ഏറ്റുമുട്ടാൻ എത്തിയ സീനിയർ ചാമ്പ്യൻ ഇ.പി. നിർമലിനെ കൊമ്പുകുത്തിച്ചാണ് പ്രായത്തെ കവച്ചുവെക്കുന്ന പ്രതിഭ നിഹാൽ വെളിപ്പെടുത്തിയത്. അതോടെ നിർമലായി കോച്ച്. ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിൽ നിർമൽ അവനെ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ട് നാല് വർഷം കഴിയുന്നു. 2014 മുതൽ ഉക്രൈൻ ഗ്രാൻഡ് മാസ്റ്റർ ദിമിത്രി കൊമറോവിന്റെ ഓൺലൈൻ കോച്ചിംഗുമുണ്ട്.

പടയോട്ടം
11 വർഷത്തിനിടയിൽ നിഹാൽ വെട്ടിവീഴ്ത്തിയ വിജയങ്ങൾ അമ്പരപ്പിക്കും. 2014 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയിലെ ദർബനിൽ അണ്ടർ-10 ലോക കിരീടം. 2015 ൽ ഗ്രീസിൽ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 12 വെള്ളി, 2013 ലെ അണ്ടർ-9 ദേശീയ ചാമ്പ്യൻ, 2014 ൽ അണ്ടർ-11 ദേശീയ വെങ്കലം, 2015 ൽ ദേശീയ അണ്ടർ- 11 വെള്ളി. രണ്ടു തവണ വീതം സംസ്ഥാന അണ്ടർ-9, അണ്ടർ-11 ചാമ്പ്യൻ, ഒരു തവണ അണ്ടർ-15 ചാമ്പ്യൻ, 2015 ൽ സംസ്ഥാന സീനിയർ റണ്ണറപ്പ്...
സ്പീഡ് ചെസിലും നിഹാൽ മുടിചൂടാമന്നനായി. ഹൈപർആക്ടീവ് ബാല്യത്തിന്റെ ഗുണം അതിവേഗ ചെസ്സിൽ നിഹാലിന് അനുഗ്രഹമായി. 2013 ൽ അൽ-ഐനിൽ അണ്ടർ- 10 ലോക ബ്ലിറ്റ്‌സ് ചാമ്പ്യൻ, 2014 ൽ താഷ്‌കണ്ടിൽ ഏഷ്യൻ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യൻ...

കാൾസനും നിഹാലും 
മൂന്നു വർഷം മുമ്പ് മാഗ്‌നസ് കാൾസനോട് തോറ്റ് ലോക ചാമ്പ്യൻപട്ടം നഷ്ടമായ ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദിന് പിൻഗാമിയായി നിഹാൽ വാഴ്ത്തപ്പെട്ടു. കാൾസൻ ഐ.എം നേടിയത് ഇതേ പ്രായത്തിലാണ്. 12 വയസ്സും എട്ട് മാസവുമുള്ളപ്പോൾ.
ഇത്ര വലിയ നേട്ടം അവനു കൈവരിക്കാൻ സാധിച്ചത് സ്ഥിരോത്സാഹവും കുടുംബത്തിന്റെ ശക്തമായ പിന്തുണയും കൊണ്ടു തന്നെ. നിഹാലിന്റെ സ്വഭാവത്തിന് അനുയോജ്യരായ പരിശീലകരെ കണ്ടെത്തുക, ലോകത്തെവിടെയാണെങ്കിലും ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കുക, നഷ്ടപ്പെടുന്ന പാഠഭാഗങ്ങളിൽ സഹായിക്കുക, കളികൾ തോറ്റാൽ മാനസിക പിന്തുണ നൽകുക... തൃശൂർ മെഡിക്കൽ കോളേജിലെ ത്വക്‌രോഗ വിഭാഗം, സൈക്യാട്രി വിഭാഗങ്ങളിലായി സേവനം ചെയ്യുന്ന ഉപ്പ ഡോ. സരിൻ, ഉമ്മ ഡോ. ഷിജിൻ, അനിയത്തിക്കുട്ടി നേഹ, ആദ്യ ഗുരുവും വല്യുപ്പയുമായ ഉമ്മർ, വല്യുമ്മ സീനത്ത് എന്നിവരുടെ കടമകൾ ഇതൊക്കെയാണ്. ദേവമാതാ സി.എം.ഐ. സ്‌കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന നേഹ ഭരതനാട്യം പരിശീലിക്കുന്നുണ്ട്. 
പാളിച്ചകൾ ഓർത്ത് തല പുകയ്ക്കുന്ന ആളല്ല നിഹാൽ. എന്തൊക്കെയാണ് അടുത്ത കളിയിൽ ശ്രദ്ധിക്കേണ്ടത് എന്ന കാര്യത്തിൽ പരിശീലകൻ നിർമലുമായി ചർച്ച ചെയ്യും. കളിയെക്കുറിച്ച് വീട്ടിൽ സംസാരമില്ല. ലോക കിരീടം നേടി തിരിച്ചെത്തിയപ്പോഴും വീട്ടിൽ ചർച്ചയില്ല. ചിലപ്പോൾ ബോർഡിൽ കരുക്കൾ നിരത്തി വിവരിക്കുമ്പോൾ ഉമ്മ പറയും 'എനിക്കൊന്നും മനസ്സിലാവുന്നില്ല. എന്നാലും കണ്ടിരിക്കാം' എന്ന്. നിഹാലിന് അതു മതി. ദേവമാതാ സ്‌കൂളിന്റെ പിന്തുണയും സമാനം. നഷ്ടപ്പെടുന്ന ക്ലാസുകളുടെ പേരിൽ നീരസമില്ല, മത്സരങ്ങളിൽ നിർബന്ധമായും പങ്കെടുത്തോളണം എന്നാണ് ഉത്തരവ്.
പ്രശസ്തരായ പരിശീലകരുടെ സഹായമുണ്ടെങ്കിലും നിഹാലിന്റെ പരിശീലനത്തിന് ഒരു ശൈലിയുണ്ട്. തോന്നുമ്പോൾ ഓൺലൈനിൽ കളിക്കും. ചെസ് പുസ്തകങ്ങൾ വായിക്കും. പഠന കാര്യങ്ങളിലും ആള് പുലി തന്നെ. സയൻസും കണക്കുമാണ് ഇഷ്ട വിഷയങ്ങൾ.

പതാകകളോട് പ്രിയം
കായികക്ഷമത ചെസിൽ പ്രധാനമാണ്. അതിന് ബാഡ്മിന്റനാണ് ഇഷ്ട വിനോദം. ഒരുമിച്ചു ലീവ് കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം അഹമ്മദാബാദിൽ നടന്ന അണ്ടർ-9 നാഷണൽ ചമ്പ്യൻഷിപ്പ് ഒഴികെ മറ്റൊന്നിലും മാതാപിതാക്കൾ ഒന്നിച്ചു പോയിട്ടില്ല. ഏതു ഭൂഖണ്ഠത്തിലെത്തിയാലും എളുപ്പം സൗഹൃദം സ്ഥാപിക്കാനുള്ള കഴിവും നിഹാലിനുണ്ട്. തിരിച്ചെത്തിയാൽ ഓൺലൈൻ ബന്ധം നിലനിർത്തുന്നു. 
നിഹാൽ പതിമൂന്നിൽപരം രാജ്യങ്ങൾ  സന്ദർശിച്ചു കഴിഞ്ഞു. ഏതു രാജ്യത്തുനിന്ന് തിരിച്ചെത്തുമ്പോഴും ഓർമയ്ക്കായി ആ നാടിന്റെ ദേശീയ പതാക കൊണ്ടുവരും. വില പിടിച്ച സമ്മാനങ്ങളോട് താൽപര്യമില്ല. നല്ല സസ്യേതര ഭക്ഷണം പ്രത്യേകിച്ച്, ബീഫ് അതാണ് പ്രിയം. എത്ര കിട്ടിയാലും മതിയാവാത്ത മറ്റൊരു സമ്മാനമാണ് ബാഡ്മിന്റൺ റാക്കറ്റ്.
രണ്ടു മൂന്നു കൊല്ലമായി വെക്കേഷൻ കാലം വിദേശത്താണ്. ഇത്തവണ ജർമനി, ഐസ്‌ലൻഡ് വഴി കറങ്ങി. യാത്രകൾ ആസ്വദിക്കുന്നു എന്നതാണ് മാതാപിതാക്കളുടെ ആശ്വാസം. പലവഴിയിൽ ചാടി ഒടുവിലെത്തിയ ചെസിൽ തന്നെയാണോ മകന്റെ ഭാവി എന്ന പ്രവചനത്തിന് ഷിജിനും സരിനും തയ്യാറല്ല. ഏത് ഇഷ്ടത്തിനും സർവ പിന്തുണയും നൽകും. പഠനവും ഇഷ്ടങ്ങളും ഒന്നിച്ചുപോകണമെന്നേയുള്ളൂ. 
നിഹാലിനെ ഇനി കാത്തിരിക്കുന്നത് ഗ്രാൻഡ്മാസ്റ്റർ പട്ടമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ പരിമർജൻ നേഗി വിശേഷിപ്പിച്ചതാണ് ശരി -പ്രായത്തിൽ കവിഞ്ഞ പക്വതയാണ് നിഹാൽ എന്ന വിസ്മയം.
    

 

 

Latest News