Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കാൽനൂറ്റാണ്ടിന് ശേഷം അറസ്റ്റ്

തൃശൂർ- ആർഎസ്എസ് പ്രവർത്തകനായിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ 25 വർഷത്തിനുശേഷം മുഖ്യപ്രതി അറസ്റ്റിൽ. തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഇഹ്‌സാനിയ നേതാവ് ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ മൊയ്തു എന്ന മൊയ്‌നുദീൻ (49) ആണ് അറസ്റ്റിലായത്. നാലു സിപിഎം പ്രവർത്തകരെ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച് മൂന്നു വർഷം ജയിൽവാസം അനുഭവിച്ചശേഷം ഹൈക്കോടതി കുറ്റമുക്തരാക്കി മോചിപ്പിച്ച കേസിലാണു ഒടുവിൽ യഥാർഥ പ്രതി നിയമത്തിന്റെ മുന്നിൽ വരുന്നത്. നിരപരാധികൾ മൂന്നു വർഷം തടവുശിക്ഷ അനുഭവിച്ചശേഷം യഥാർഥ പ്രതിയെ പിടികൂടിയ അത്യപൂർവ കേസാണിത്. 
1994 ഡിസംബർ നാലിനാണ് ആർ.എസ്.എസ് പ്രവർത്തകനായ തൊഴിയൂർ മനങ്കുളം വീട്ടിൽ സുനിൽ കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം സുനിലിനെ വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യൻ, അച്ഛൻ, അമ്മ, മൂന്നു സഹോദരിമാർ എന്നിവർക്കും വെട്ടേറ്റിരുന്നു. സിപിഎം പ്രവർത്തകരാണ് പ്രതികളെന്ന് തുടക്കത്തിലേ ആരോപണമുയർന്നു. പോലീസ് അന്വേഷണവും ഈ വഴിക്ക് തിരിയുകയായിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകരായ വി.ജി. ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസ്, റഫീക്ക്, ജയ്‌സൺ, ജയിംസ് ആളൂർ, ഷെമീർ, അബൂബക്കർ, സുബ്രഹ്മണ്യൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ വി.ജി. ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസൻ എന്നിവരെ തൃശൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതികളുടെ അപ്പീലിൽ 1997ൽ ഹൈക്കോടതി ഇവരെ വെറുതേ വിട്ട് പുനരന്വേഷണം നടത്താൻ ഉത്തരവിട്ടു. അപ്പോഴേക്കും മൂന്നു വർഷത്തോളം ഇവർക്ക് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. 
പിന്നീട് വാടാനപ്പിളളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവയുടെ അന്വേഷണങ്ങൾക്കിടയിലാണ്ക്രൈം ബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് തൊഴിയൂർ സുനിൽ കൊലക്കേസിലെ യഥാർഥ പ്രതികളിലേക്കുള്ള വിവരം ലഭിച്ചത്. സെയ്തലവി അൻവരി എന്നയാളുടെ നേതൃത്വത്തിലുളള സംഘടനയിലെ അംഗങ്ങളാണെന്ന് വിവരം ലഭിച്ചതോടെ ഇവർക്കായുള്ള അന്വേഷണം തുടങ്ങി. 2017ലാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവോടെ അന്വേഷണ ചുമതല തൃശൂർ ക്രൈം
ബ്രാഞ്ചിനെ ഏൽപ്പിച്ചത്. തിരൂർ ഡിവൈ.എസ്.പി തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ലോക്കൽ പൊലീസ് നടത്തിയ കേസന്വേഷണം തെറ്റായ രീതിയിലായിരുന്നുവെന്നും ശിക്ഷ അനുഭവിച്ചവർ നിരപരാധികൾ ആണെന്നും തെളിഞ്ഞു. 
സുനിലിന്റെ വീട് കാണിച്ച് കൊടുക്കുകയും ആക്രമത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തതയാളാണ് ഇപ്പോൾ അറസ്റ്റിലായ മൊയ്‌നുദീൻ. ചാവക്കാട്ടെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. 
കൊലനടക്കുമ്പോൾ കരാട്ടേ അധ്യാപകനായിരുന്നു മൊയ്‌നുദീൻ. തീവ്രവാദ സംഘടനയുടെ തീരുമാനപ്രകാരമാണ് സുനിലിനെ കൊലപ്പെടുത്തിയതെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. ചേകന്നൂർ മൗലവി കൊലക്കേസിൽ പ്രതിയായ സെയ്തലവിക്കും സുനിൽ കൊലക്കേസിൽ പങ്കുണ്ട്. മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. 
എസ്പി സുദർശന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സിഐ കെ.എം. ബിജു, തൃശൂർ െ്രെകംബ്രാഞ്ചിലെ അജിത്ത്, വിനോദ് കുമാർ, മലപ്പുറം െ്രെകംബ്രാഞ്ചിലെ പ്രമോദ്, ജയപ്രകാശ്, രാജേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Latest News