ന്യൂദല്‍ഹി-അന്തരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതിന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ സന്ദീപ് ദീക്ഷിത് അയച്ച കത്ത് ഡല്‍ഹി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കുന്നു. മാതാവിന്റെ മരണത്തിന് കാരണം പാര്‍ട്ടി ഇന്‍ചാര്‍ജ്ജ് കൂടിയായ പിസി ചാക്കോയാണെന്ന് കാണിച്ച് അദ്ദേഹത്തിന് അയച്ച കത്ത് പിസി ചാക്കോ സോണിയാഗാന്ധിക്കും പാര്‍ട്ടിയുടെ ഉന്നത ഘടകത്തിനും കൈമാറി.
ചാക്കോയെ സ്ഥാനത്തു നിന്നും നീക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. കത്ത് ചോര്‍ത്തിയത് പിസി ചാക്കോയാണെന്നും പിസി ചാക്കോ അഴിമതിയില്‍ പങ്കാളിയാണെന്നും സംഭവത്തില്‍ പ്രത്യേക കമ്മറ്റിയെ വെച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റി അന്വേഷണം നടത്തണമെന്നും ഇവര്‍ പറയുന്നു.
പിസി ചാക്കോയ്‌ക്കെതിരേ അന്വേഷണ കമ്മറ്റിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളായ മംഗാട്ട് രാം സിംഗാള്‍, കിരണ്‍ വാലിയ, ഡല്‍ഹി കോണ്‍ഗ്രസ് വക്താവ് രമാകാന്ത് ഗോസ്വാമി ജിനേന്ദര്‍ കൊച്ചാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി. ചാക്കോയ്ക്ക് അയച്ച സ്വകാര്യ കത്തില്‍ മരിക്കാന്‍ കാരണമാകുന്ന രീതിയില്‍ അനാരോഗ്യത്തിലേക്ക് തന്റെ മാതാവിനെ തള്ളിവിട്ടത് പി സി ചാക്കോയാണെന്നായിരുന്നു ആരോപണം. വെളിപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങളും കത്തില്‍ ഉയര്‍ത്തിയിരുന്നു.
കത്ത് നിയമപരമായുള്ള നോട്ടീസ് ആയിരുന്നില്ലെന്നും അത് താനും ചാക്കോയും മാത്രം അറിയേണ്ട വിഷയമായിരുന്നെന്നും സന്ദീപ് പറയുന്നു. എന്നാല്‍ താന്‍ എന്തു ചെയ്യണമെന്ന് സന്ദീപ് ദീക്ഷിത് നിര്‍ദേശിക്കേണ്ട കാര്യമില്ലെന്നായിരുന്നു പിസി ചാക്കോ തിരിച്ചടിച്ചത്. കത്തില്‍ എഴുതിയിരുന്ന വിവരങ്ങള്‍ താന്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന തലത്തിന് കൈമാറുകയല്ലേ ശരിയായ നടപടിയെന്നുമാണ് പിസി ചാക്കോയുടെ മറുചോദ്യം. ഷീലാദീക്ഷിത് മരണമടഞ്ഞ് മാസങ്ങള്‍ കഴിയും മുമ്പാണ് ഇത്തരമൊരു കത്ത് വരുന്നത്.
അവസാന നാളുകളില്‍ ഷീലാ ദീക്ഷിതിന്റെ പിസി ചാക്കോയുമായുള്ള ബന്ധം വഷളായിരുന്നു. ഷീലാ ദീക്ഷിതിന്റെ അനാരോഗ്യം സംബന്ധിച്ച പ്രസ്താവന നടത്തി പിസി ചാക്കോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് ഷീലാദീക്ഷിതിന് മനോവിഷമം ഉണ്ടാക്കിയിരുന്നു. അനാരോഗ്യമില്ലെങ്കില്‍ പിന്നെന്തിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള കമ്മറ്റികളില്‍ നിന്നും ഷീലാ ദീക്ഷിത് ഒഴിഞ്ഞു നില്‍ക്കുന്നതെന്നും കോളുകള്‍ എടുക്കാത്തതെന്നും പിസി ചാക്കോ ചോദിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ അനവധി അഴിമതികളില്‍ ചാക്കോ പങ്കാളിയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹിയിലെ നേതാക്കള്‍ പറഞ്ഞു. ഷീലാ ദീക്ഷിതിനെ മാനിക്കുന്നുണ്ടെങ്കില്‍ ചാക്കോ രാജിവെയ്ക്കണമെന്ന് രോഹിത് മഞ്ചാന്ത പറഞ്ഞപ്പോള്‍ ഹൈക്കമാന്റ് ഇടപെട്ട് ചാക്കോയെ മാറ്റണമെന്ന് ജിതേന്ദര്‍ കൊച്ചാര്‍ പറഞ്ഞു. കത്ത് പുറത്തുവിട്ടത് ചാക്കോയാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്വേഷണം നടത്തണമെന്നും സിംഗാളും പറഞ്ഞു.