Sorry, you need to enable JavaScript to visit this website.

ദാമിർ യുദ്ധഭൂമിയിലെ താരോദയം

പൂർണ ഗർഭിണിയായ സനേറ്റ ഷെല്ലാക്രമണങ്ങളും വെടിയൊച്ചകളും ബാരിക്കേഡുകളും കടന്നാണ്  ആശുപത്രിയിൽ പ്രസവത്തിനെത്തിയത്. സ്വജീവൻ പണയപ്പെടുത്തി അവർ 1992 മെയ് 20 ന് ദാമിറിന്  ജന്മം നൽകി. മെയ് 21 ന് അമ്മാവൻ എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. മെയ് 22 ന് സെർബ് സേന ആശുപത്രി ബോംബിട്ട് തകർത്തു. 

ദാമിർ സുംഹൂർ കുട്ടിക്കാലത്ത് അഭിനേതാവായിരുന്നു. യുദ്ധഭൂമിയിൽ പിറന്നു വീഴുകയും ടെന്നിസിന്റെ ഉയരങ്ങളിലേക്ക് ചുവടു വെക്കുകയും ചെയ്ത ദാമിറിന്റെ കഥ അഭിനയിക്കാൻ ഒരുപാട് സാധ്യതകൾ നൽകുന്നതാണ്. വീണ്ടും ഒരുകാലത്ത് അഭിനയത്തിലേക്ക് തിരിച്ചുപോവാൻ ആഗ്രഹിക്കുന്ന ബോസ്‌നിയയിൽ നിന്നുള്ള ഇരുപത്തേഴുകാരൻ ടെന്നിസിലെ പുതുതലമുറ കളിക്കാരിൽ ശ്രദ്ധേയനാണ്. 
ബോസ്‌നിയൻ തലസ്ഥാനമായ സരയേവൊ സെർബ് അധിനിവേശ സേന 44 മാസത്തോളം ഒന്നും കടത്തിവിടാതെ ഉപരോധിച്ച കാലത്താണ് ദാമിറിനെ അമ്മ ഗർഭം ധരിക്കുന്നത്. പൂർണ ഗർഭിണിയായ സനേറ്റ ഷെല്ലാക്രമണങ്ങളും വെടിയൊച്ചകളും ബാരിക്കേഡുകളും കടന്നാണ് ആശുപത്രിയിൽ പ്രസവത്തിനെത്തിയത്. സ്വജീവൻ പണയപ്പെടുത്തി അവർ 1992 മെയ് 20 ന് ദാമിറിന് ജന്മം നൽകി. മെയ് 21 ന് അമ്മാവൻ എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. മെയ് 22 ന് സെർബ് സേന ആശുപത്രി ബോംബിട്ട് തകർത്തു. ഞങ്ങളെ കൊണ്ടുപോകാൻ ആരെങ്കിലുമുണ്ടായി, ഞങ്ങൾക്ക് പോകാൻ ഒരു ഇടമുണ്ടായി, ഭാഗ്യം -ദാമിർ ഓർമിക്കുന്നു. അമ്മയുടെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞതും അതേസമയം ഏറ്റവും ആഹ്ലാദകരവുമായ ദിനങ്ങളായിരുന്നു അവ. കൈക്കുഞ്ഞിന്റെ ചിരി കാണുന്ന ആഹ്ലാദം, ഭർത്താവ് കൂടെയില്ലാത്ത, എങ്ങും സഞ്ചരിക്കാനാവാത്തതിന്റെ കൊടിയ ദുഃഖം. ദാമിറിന്റെ പിതാവ് നെർഫിദ് ഉൾപ്പെടെ പലരും സരയേവോയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ദാമിറിന് ഒരു വയസ്സായപ്പോഴാണ് പിതാവ് ആദ്യമായി കുഞ്ഞിനെ കാണുന്നത്. പിതാവും സ്വജീവൻ പണയപ്പെടുത്തിയാണ് ഒരുവിധം തന്നെ കാണാനെത്തിയതെന്ന് ദാമിർ ഓർമിക്കുന്നു. 
സരയേവോയിലെ മൂന്നര ലക്ഷത്തോളം വരുന്ന ജനത അടിയന്തര ആവശ്യങ്ങൾ പോലും പരിഹരിക്കാനാവാതെ വലഞ്ഞു. ഷെല്ലാക്രമണങ്ങളിൽ പതിനായിരത്തോളം പേർ കൊല്ലപ്പെട്ടു. അതിന്റെ ദുരിതം പൂർണമായി ഉൾക്കൊള്ളാനാവുന്ന പ്രായമായിരുന്നില്ല ദാമിറിന്റേത്. എന്നിട്ടും പിതാവിന്റെ മേൽനോട്ടത്തിൽ ദാമിർ ചെറുപ്പത്തിലേ ടെന്നിസ് റാക്കറ്റ് കൈയിലെടുത്തു. പരിക്കുകൾ നിരന്തരം അലട്ടിയിട്ടും കഴിഞ്ഞ വർഷം ആ യാത്ര ദാമിറിനെ ലോക ഇരുപത്തിമൂന്നാം നമ്പർ വരെയാക്കി ഉയർത്തി. സരയേവോയിലെ സെട്ര ഒളിംപിക് ഹാളിലായിരുന്നു ദാമിറിന്റെ പരിശീലനം. ബോംബിംഗിൽ തകർന്നടിഞ്ഞിരുന്നു ഈ വേദി. ഒരുകാലത്ത് മോർച്ചറിയായും അഭയാർഥികളുടെ താവളമായും ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇത്.
കുട്ടിക്കാലത്ത് ഗർബവീസ എന്ന അവാർഡ് സിനിമയിൽ ചെറുതായി മുഖം കാണിക്കാൻ ദാമിറിന് അവസരം കിട്ടിയിരുന്നു. അത് സരയേവോയിൽ ചിത്രീകരിച്ച ഒരു ജർമൻ സിനിമയിലേക്ക് വാതിൽ തുറന്നു. ജീവിതത്തിൽ ആദ്യമായി ദാമിറിന് പ്രതിഫലം കിട്ടിയത് സിനിമയിൽ നിന്നാണ്. അഭിനയത്തിലേക്ക് തിരിച്ചുപോവണമെന്നും ആഗ്രഹമുണ്ട്. 
താൻ വളർന്നുവന്ന ദേശം, യുദ്ധത്തിന്റെ കെടുതി, യുദ്ധകാലത്തെ കുടുംബബന്ധങ്ങളുടെ വേദനകൾ.. ഇതെല്ലാമാണ് തന്നെ നിശ്ചയദാർഢ്യമുള്ള കളിക്കാരനാക്കിയതെന്ന് ദാമിർ പറയുന്നു. ഒന്നും എളുപ്പം ലഭിക്കില്ലെന്ന് കുട്ടിക്കാലം മുതൽ ഞാൻ മനസ്സിലാക്കിയിരുന്നു. എല്ലാ ത്യാഗത്തിനും സന്തോഷകരമായ പര്യവസാനമുണ്ടാവുമെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നെ ഞാനാക്കിയത് ആ അനുഭവങ്ങളാണ് -ദാമിർ പറഞ്ഞു. 

Latest News