ട്രാക്ക് താരത്തെ തേടുന്നു

ഉസൈൻ ബോൾടിന്റെ നൂറ് വാട്ട് ചിരിക്കും, ഭ്രമിപ്പിക്കുന്ന വിജയാഘോഷത്തിനും, മിന്നൽവേഗത്തിനും, മനംമയക്കുന്ന വ്യക്തിപ്രഭാവത്തിനും പകരം വെക്കാവുന്ന ഒരു പുതിയ മുഖമാണ് ഈ വർഷത്തെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ് തേടിയതെങ്കിൽ അതിന് ഇനിയും കാത്തിരിക്കണം. പത്തു ദിനം മേളയിൽ ഒരുപാട് മാസ്മരിക നിമിഷങ്ങളുണ്ടായി എന്നതു ശരി തന്നെ. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ലോക റെക്കോർഡ് പിറന്നതും ഹൈജമ്പിൽ ആതിഥേയ താരം സ്വർണക്കുതിപ്പ് നടത്തിയതും കൈക്കുഞ്ഞുങ്ങളുമായി വനിതാ സ്പ്രിന്റർമാരും ഹർഡിൽസ് താരങ്ങളും വിജയാഘോഷം നടത്തിയതും കായികപ്രേമികളുടെ ഹൃദയം കവർന്നു. എങ്കിലും ലോക മീറ്റ് നൽകിയ സന്ദേശം ഇതാണ് -പുതിയ താരത്തിനായി ഒളിംപിക്‌സ് വരെ കാത്തിരിക്കുക. 
2000 നു ശേഷം ബോൾട് ഇല്ലാത്ത ആദ്യത്തെ ഒളിംപിക്‌സായിരിക്കും 2020 ൽ ടോക്കിയോയിൽ അരങ്ങേറുക. അതിന് ഇനി പത്തു മാസം പോലും ബാക്കിയില്ല. ടോക്കിയോയിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ദോഹ ചാമ്പ്യൻഷിപ് നേരിയ സൂചന നൽകി. ഒപ്പം ട്രാക്കും ഫീൽഡും നേരിടുന്ന കനത്ത പ്രതിസന്ധിയുടെ ആഴവും വ്യക്തമാക്കി. ഏതാനും ദിവസത്തേക്ക് മിന്നിനിൽക്കാൻ കെൽപുള്ള നിരവധി അത്‌ലറ്റുകൾ രംഗം കീഴടക്കി. അവരിൽ ഇരട്ട സ്വർണം നേടിയവരാണ് ഏറെ. ജമൈക്കയിൽ നിന്നുള്ള അമ്മ ഷെല്ലി ആൻ ഫ്രൈസർ പ്രൈസ് സ്പ്രിന്റിൽ തന്നെ തോൽപിക്കാൻ അധികമാരുമില്ലെന്ന് തെളിയിച്ചു. വെള്ളിത്തലമുടിയുമായി ട്രാക്ക് വാണ നോഹ് ലൈൽസ് 200 മീറ്ററിലും റിലേയിലും അമേരിക്ക കാത്തിരുന്ന സ്വർണം സമ്മാനിച്ചു. 4-100 റിലേയിൽ അമേരിക്ക പലതവണ അക്ഷരാർഥത്തിൽ സ്വർണം കൈവിട്ടതാണ്. ബാറ്റൺ കൈമാറ്റം എന്നും ടീമിന്റെ പ്രശ്‌നമായിരുന്നു. 
ഒളിംപിക്‌സിന്റെ അവസാന ആഴ്ചയാണ് അത്‌ലറ്റിക്‌സ് രംഗം കീഴടക്കുക. അപ്പോഴേക്കും ഉത്തേജക വിവാദങ്ങളുടെ നാറ്റത്തിൽനിന്ന് ട്രാക്കിനും ഫീൽഡിനും മോചനം കിട്ടുമോയെന്നതാണ് പ്രധാന ചോദ്യം. ഒന്നാമത്തെ വിഷയം റഷ്യയാണ്. സർക്കാർ നിയന്ത്രണത്തിൽ ഉത്തേജക മരുന്നടി അരങ്ങേറിയ റഷ്യയിൽനിന്ന് ഏതൊക്കെ അത്‌ലറ്റുകൾക്ക്, ഏതൊക്കെ നിബന്ധനകളോടെ ഒളിംപിക്‌സിൽ പ്രവേശനം നൽകുമെന്നതാണ് പ്രധാന ചോദ്യം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം പേരെ മത്സരിപ്പിക്കുന്ന രാജ്യമാണ് റഷ്യ. 
രണ്ടാമത്തെ ചോദ്യം 100 മീറ്റർ ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാനെക്കുറിച്ചാണ്. അമേരിക്കൻ താരം താൻ എവിടെയുണ്ടാവുമെന്ന് വെളിപ്പെടുത്തുന്നതിൽ പലതവണ വീഴ്ച വരുത്തിയതോടെ വിലക്ക് അനുഭവിക്കേണ്ടതായിരുന്നു. സാങ്കേതികപ്പിഴവുകളുടെ പഴുതിലൂടെയാണ് രക്ഷപ്പെട്ടു വന്നാണ് 100 മീറ്ററിൽ സ്വർണമണിഞ്ഞത്. കോൾമാന്റെ തലക്കു മേൽ സംശയനിഴൽ വ്യാപിച്ചു നിൽക്കുന്നു. ദീർഘദൂര മത്സരങ്ങളിലെ ലോകപ്രശസ്ത ഗുരു ആൽബർടൊ സലാസറെ അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസി വിലക്കിയത് ലോക മീറ്റ് പുരോഗമിക്കുന്നതിനിടെയാണ്. ഫുഡ് സപ്ലിമെന്റുകളും ഉത്തേജകങ്ങളും നൽകി ഏറ്റവും മികച്ച അത്‌ലറ്റുകളെ വാർത്തെടുക്കാനായി ഗിനിപ്പന്നികളെ പോലെ സലാസർ കായികതാരങ്ങളിൽ പരീക്ഷണം നടത്തിയെന്നാണ് ഏജൻസി പറയുന്നത്. സലാസറുടെ ഓറിഗോൺ പദ്ധതിയിൽ അംഗമായ നെതർലാന്റ്‌സിന്റെ സിഫാൻ ഹസൻ ലോക മീറ്റിൽ ഇരട്ട സ്വർണം നേടി. ആദ്യമായാണ് ഒരു അത്‌ലറ്റ് 1500 മീറ്ററിലും 10,000 മീറ്ററിലും ഡബ്ൾ നേടുന്നത്. ചേർച്ചയില്ലാത്ത മത്സരങ്ങളാണ് ഇവ. ഒന്ന് മധ്യദൂരവും മറ്റൊന്ന് ദീർഘദൂരവും. സലാസറുടെ കീഴിൽ പരിശീലിച്ചുവെന്നതു മാത്രമല്ല എത്യോപ്യൻ വംശജയെ വേറിട്ടുനിർത്തുന്നത്. 1500 മീറ്ററിൽ അക്ഷരാർഥത്തിൽ സിഫാൻ കുതിക്കുകയായിരുന്നു. പങ്കെടുക്കുന്ന ഏത് ഇനത്തിലും സിഫാനെ തോൽപിക്കുക വെല്ലുവിളിയായിരിക്കും. ഏത് അത്യുജ്വല പ്രകടനത്തെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതായിപ്പോയി നമ്മുടെ ലോകമെന്ന് ഐ.എ.എ.എഫ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പരിതപിച്ചു. 
ദോഹയിൽ ചാമ്പ്യൻഷിപ് നടത്തിയത് വൻ വിവാദം ക്ഷണിച്ചുവരുത്തി. ആദ്യ ആഴ്ച സ്പ്രിന്റ് ഫൈനൽ കാണാൻ പോലും ഗാലറിയിൽ വിരലിലെണ്ണാവുന്നവരേ ഉണ്ടായുള്ളൂ. അവസാന ദിനങ്ങളിലാണ് ഗാലറി നിറഞ്ഞത്. കടുത്ത ചൂടിൽനിന്ന് രക്ഷപ്പെടാൻ ദീർഘദൂര മത്സരങ്ങൾ പാതിരാത്രി നടത്തേണ്ടി വന്നു. എന്നിട്ടും നിരവധി അത്‌ലറ്റുകൾ കുഴഞ്ഞുവീണു. ടോക്കിയോയിൽ കാലാവസ്ഥ കൂടുതൽ തീഷ്ണമായിരിക്കുമെന്നാണ് ഭീതി. അതിനാൽ അത്‌ലറ്റുകളിൽ പലരും ദോഹയിലെ സാഹചര്യം നല്ല വാംഅപ്പായാണ് പരിഗണിച്ചത്. 
ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവരിൽ ഏതാണ്ട് 30 ശതമാനം 24 വയസ്സിന് താഴെയുള്ളവരാണ് എന്നത് ഐ.എ.എഫ്.എഫിന് ആഹ്ലാദകരമായ വസ്തുതയാണെന്ന് കോ പറഞ്ഞു. അത്‌ലറ്റിക്‌സിന്റെ ഭാവി ശോഭനമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
 

Latest News