ദോഹ- നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനു തയാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രസ്താവിച്ചു. പരമാധികാരം ചോദ്യം ചെയ്യാത്തിടത്തോളം നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയാറാണ്. സര്‍ക്കാരുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിവാക്കേണ്ടിയിരിക്കുന്നു- ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഖത്തര്‍ അമീര്‍.
കുവൈത്ത് നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങളേയും അമേരിക്ക, തുര്‍ക്കി, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണയേയും ഖത്തര്‍ വിലമതിക്കുന്നു. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്രബന്ധം വിഛേദിച്ച ശേഷവും രാജ്യത്തെ ജനജീവിതം സാധാരണപോലെ തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദ് അടച്ച നടപടിയെ അപലപിച്ച ഖത്തര്‍ അമീര്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.






