മോഹൻലാലിന് ആനക്കൊമ്പ്; അന്വേഷണം ആവശ്യപ്പെട്ട് ഹരജി

കൊച്ചി -  നടൻ മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാൻ അനുമതി നൽകിയതിനെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കൈവശാവകാശം ക്രമപ്പെടുത്താൻ സ്വീകരിച്ച നടപടി ക്രമങ്ങളുടെ രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യുവാണ് കോടതിയെ സമീപിച്ചത്. മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാൻ അനുമതി നൽകിയത് ക്രമവിരുദ്ധമായാണെന്നും മോഹൻലാലിന്റെ സ്വാധീനത്തിനു വഴങ്ങി കേസ് തന്നെ അട്ടിമറിയ്ക്കാൻ ശ്രമം നടന്നുവെന്നുമാണ് ഹരജിയിലെ ആരോപണം. മോഹൻലാലിനെതിരെ കേസെടുക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലും അസാധാരണ കാലതാമസം നേരിട്ടെന്ന് ഹരജിയിൽ പറയുന്നു. മോഹൻലാലിന്റെ വസതിയിൽ 2011 ജൂലൈ 22 ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് അനുമതിയില്ലാതെ ആനക്കൊമ്പ് സൂക്ഷിക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചിട്ടും അഞ്ച് മാസം കഴിഞ്ഞ് 2011 ഡിസംബർ 21 നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മോഹൻലാലിന്റെ വസതി പരിശോധിക്കാൻ തയാറായതെന്ന് ഹരജിയിൽ പറയുന്നു. പരിശോധന കഴിഞ്ഞ് ആറു മാസം കഴിഞ്ഞ് 2012 ജൂൺ 12 നാണ് കേസെടുത്തത്. ഏഴു വർഷം കഴിഞ്ഞ് 2019 സെപ്റ്റംബർ 16 നാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ഇക്കാര്യത്തിൽ ഒത്തുകളി മാത്രമാണ് നടന്നതെന്നും കൈവശാവകാശം നൽകിയ മുഖ്യവനപാലകന്റെ നടപടി പരിശോധിക്കണമെന്നുമാണ് ഹരജയിലെ ആവശ്യം. 
സർക്കാരും മുഖ്യവനപാലകനും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും എതിർ കക്ഷികളായുള്ള കേസിൽ മോഹൻലാൽ ഏഴാം എതിർകക്ഷിയാണ്. കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കും.

Latest News