Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

ഗൾഫിലെ അതിഥി സൽക്കാരം 

സൗദിയിലേക്ക് സന്ദർശകവിസയടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി സഞ്ചാരികൾക്കുള്ള വാതിൽ തുറന്നുകൊടുത്തിരിക്കുകയാണ്. പൊതുവേ ഗൾഫ് മലയാളികൾ ആതിഥ്യമര്യാദയിൽ എന്നും മുന്നിൽനിൽക്കുന്നവരാണ്. 
ഗൾഫ് മലയാളികൾ തങ്ങൾ ജോലിയെടുക്കുന്ന നാട്ടിലെത്തുന്നവരെ, അതിഥികളായെത്തുന്നവരെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നുവരാണ്. അവരുടെ ആതിഥ്യമര്യാദയുടെ പൊരുളെന്താണ്? സമൂഹ മനഃശാസ്ത്രപരമായ ചില കാരണങ്ങൾ ഈ ആതിഥ്യസ്‌നേഹത്തിലടയിരിപ്പുണ്ട്. കേരളത്തിന്റെ ഏതെങ്കിലുമൊരു മഹിമയെ, മലയാളത്തിന്റെ ശോഭയെ പ്രതിനിധീകരിക്കുന്നവരോടുള്ള ഗൾഫ് മലയാളിയുടെ സ്‌നേഹം ദേശത്തോടുള്ള ആദരമാണ്. നാട്ടിൽനിന്ന് വേറിട്ട് നിൽക്കുമ്പോൾ അവരനുഭവിക്കുന്ന ഗൃഹാതുരത്വത്തിന്റെ പ്രതിഫലനം കൂടിയാണ്  അതിഥികളായെത്തുന്ന മലയാണ്മയുടെ പ്രതിനിധികൾക്ക് നൽകുന്ന സ്‌നേഹം. അവർ സ്വന്തം നാടിനെ അത്രക്കിഷ്ടപ്പെടുന്നു. അവർക്ക് അത്രയേറെ ചില കാര്യങ്ങൾ നഷ്ടപ്പെടുന്നുണ്ടെന്ന് കരുതുന്നു. 'ഇവിടെ കിട്ടാതെ പോകുന്നതും മിസ്സ് ചെയ്യുന്നതുമായ പലതും ഞാനറിയുന്നുണ്ട്'. അതുകൊണ്ടവർ നാട്ടിലുണ്ടായിരുന്നെങ്കിൽ അവർക്ക് കിട്ടാനിടയുണ്ടെന്ന് കരുതുന്ന ചിലത്, പകരം വെക്കാനില്ലാത്ത ചില ബന്ധങ്ങൾ, നഷ്ടമാവുന്നതിന്റെ ആഴമറിയാതിരിക്കാൻ ഒരു കുമ്പസാരംപോലെ നിഷ്‌കളങ്കരായ ആതിഥേയരായി മാറുന്നു-ഒരാൾ പറഞ്ഞതാണ്. 
പ്രശസ്തരോടുള്ള ആരാധനയും ഈ സ്‌നേഹത്തിലുണ്ട്. ഏതെങ്കിലും മേഖലയിൽ ശ്രദ്ധേയരായവരോടുള്ള ആദരവ് കാണിക്കലാണത്. ഒരിക്കൽ ചലച്ചിത്ര സംവിധായകനായ കമലിനോടൊപ്പമുള്ള യാത്രയിൽ ഞാനത് അനുഭവിച്ചതാണ്. ദോഹയിലേക്കുള്ള യാത്രക്കിടയിലാണത്. കൊളംബോ വഴിയുള്ള യാത്രയായിരുന്നു. കൊളംബോ എയർപോർട്ടിലെ ഒന്നൊന്നര മണിക്കൂറുള്ള ഇടവേളയിൽ മലയാളികളായ പല യാത്രക്കാരും കമലിനെ എളുപ്പം തിരിച്ചറിഞ്ഞു. അവർ മെല്ലെ അടുത്തെത്തി. വിനയത്തോടെ കമൽ അവരെ നോക്കിയിരിക്കും. അവർ ചോദിച്ചു: 'കമൽ സാറല്ലേ?' കമൽ തല കുലുക്കി. പിന്നെ ആദരവിന്റെ കളങ്കരഹിതമായ പ്രവാഹം. അവർ ചോദിക്കുന്നു: ' സാർ നമുക്ക് എന്തെങ്കിലും കഴിച്ചാലോ? ജ്യൂസ്? ടീ...' കമൽ ഞങ്ങളിപ്പോൾ കുടിച്ചതേയുള്ളൂ എന്നറിയിക്കുന്നു. അപ്പോളവരുടെ ചോദ്യം: 'സർ, സാറിന്റെ കൂടെ ഞാനൊരു ഫോട്ടോ എടുക്കട്ടെ?' കമൽ തലകുലുക്കുംമുമ്പെ അവർ ഒറ്റക്കോ കൂട്ടമായോ കൂടെ നിൽക്കുന്നു. ഫോട്ടോയെടുക്കുന്നു. അത് ഗൾഫുകാരിൽ പലരുടേയും സ്വകാര്യമായ ഒരാഹ്ലാദവും അഹങ്കാരവുമാണ്. നാട്ടിൽനിന്ന് നിങ്ങൾക്ക് ലഭിക്കാത്ത ഈ സൗഭാഗ്യം ഞങ്ങൾക്ക് ഞൊടിയിടകൊണ്ട് കരഗതമാവുന്നു എന്ന പ്രസ്താവന അവർ ഫോട്ടോകളിലൂടെയും ഓട്ടോഗ്രാഫുകളിലൂടെയും മൗനം പറഞ്ഞുകൊണ്ടിരിക്കുന്നു. എം.മുകുന്ദന്റെ 'പ്രവാസം' എന്ന നോവൽ വായിച്ചാസ്വദിച്ച ഒരു ദുബായ് ഗൾഫ് മലയാളി എന്നോടാവശ്യപ്പെട്ടത്, എഴുത്തുകാരന്റെ ഒപ്പോടെ ആ കൃതി സംഘടിപ്പിച്ച് തരാനാവുമോ എന്നായിരുന്നു. ഞാനത് അവർക്കെത്തിച്ചപ്പോൾ, അവരുടെ പരിശുദ്ധമായ ആഹ്ലാദം അറിയുകയും ചെയ്തു. ഗൾഫ് മലയാളിയായ വായനക്കാർ അവരിഷ്ടപ്പെടുന്ന എഴുത്തുകാരുടെ കൃതികൾ ഓട്ടോഗ്രാഫ് ചെയ്ത് കിട്ടുന്നത് വലിയ സമ്മാനമായി കണക്കാക്കുന്നു. പലപ്പോഴും ഞാനതറിഞ്ഞിട്ടുണ്ട്. വിശേഷപ്പെട്ട അതിഥികൾ അവർക്ക് അമൂല്യമായ ഒരുപഹാരമാണ്.
കുവൈത്തിലുണ്ടായിരുന്ന, ഇപ്പോൾ ഖത്തറിലേക്ക് കുടിയേറിയ, എന്റെ ഒരു വിദ്യാർത്ഥിയുടെ ഏറ്റവും വലിയ താൽപര്യങ്ങളിലൊന്ന് അവിടെയെത്തുന്ന പ്രശസ്ത വ്യക്തികളോടൊപ്പം കുടുംബസമേതം ഫോട്ടോയെടുത്ത് സൂക്ഷിക്കുക എന്നതാണ്. അതയാൾക്ക് വലിയ സന്തോഷം നൽകുന്നു. അതയാൾ എല്ലാവരേയുമറിയിക്കുന്നു. കുവൈറ്റിലുള്ള മറ്റൊരു വിദ്യാർത്ഥി പറഞ്ഞതിങ്ങനെ: 'കുവൈറ്റിൽ ഏതെങ്കിലും ഒരു സിനിമക്കാരനോ എഴുത്തുകാരനോ മറ്റോ വന്നിട്ടുണ്ടോ എന്നറിയാൻ അവന്റെ ഫെയ്‌സ്ബുക്കിൽ പോയാൽ മതി. അവനും വന്നവരും ചേർന്നുള്ള ഫോട്ടോയുണ്ടാവും'. സത്യം, അയാൾ അതിഥിയുമായ് പുഞ്ചിരിച്ചും അഭിമാനത്തോടെയും നിൽക്കുന്ന ചിത്രം സർവ്വരേയും അറിയിക്കുന്നു. ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും വരുംമുമ്പ് അയാൾ അത്തരം ഫോട്ടോകൾ എനിക്കും ഇ-മെയിൽ ചെയ്യാറുണ്ടായിരുന്നല്ലോ. അതയാൾ തന്റെ ഒരു സൗഭാഗ്യമായി കഴിയാവുന്നത്രയാളുകളെ അറിയിച്ചുകൊണ്ടിരിക്കുന്നു.
ഗൾഫുകാരുടെ ഈ ആതിഥേയത്വ ത്തിൽ അവരുടെ പ്രാദേശികമായ രൂപഭാവങ്ങളുണ്ടെന്ന് പലവട്ടം ഗൾഫ് യാത്ര നടത്തിയിട്ടുള്ള പലരും മനസ്സിലാക്കിയിട്ടുണ്ടാവും. മലബാറുകാരുടെ നിഷ്‌കളങ്കമായ സ്‌നേഹം ഈ ആതിഥ്യമര്യാദയിലുണ്ടെന്ന് എഴുത്തുകാരനായ സക്കറിയ ഒരിക്കൽ പറഞ്ഞതോർക്കുന്നു. നാട്ടിൽ വേരോടിക്കിടക്കുന്ന ആതിഥേയ വ്യവഹാരം ഗൾഫിലോ മറ്റേതെങ്കിലും നാട്ടിൽപ്പോയാലും പ്രകടിപ്പിക്കപ്പെടുന്നു. ഉത്തരകേരളത്തിന്റെ ആതിഥേയഭാവം ഗൾഫിലും തെളിമയോടെ പ്രകടിപ്പിക്കപ്പെടുന്നു. എം.മുകുന്ദൻ പറഞ്ഞത്: 'സ്‌നേഹിച്ചുകൊല്ലും നമ്മളവിടെച്ചെന്നാൽ'.
പ്രശസ്തരായ വ്യക്തികളോട് മാത്രമേ ഗൾഫുകാർ ഈ സ്‌നേഹം കാണിക്കുന്നുള്ളൂ എന്ന് കരുതേണ്ടതില്ല. കുടുംബാംഗങ്ങളെ വിസിറ്റിംഗ് വിസ നൽകി തങ്ങൾ ജോലിയെടുക്കുന്നിടം കൊണ്ടുവരാൻ, സാമ്പത്തികമായി അത്ര വലിയ ഭദ്രതയില്ലാത്ത ഗൾഫ് മലയാളിയും ശ്രമിക്കുന്നു. അവർ എത്തും മുമ്പെ അവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടരുന്നു. അവർ ഗൾഫിലെത്തിയാൽ നാട് കാണിക്കുന്നതിന് പരമാവധി ശ്രമിക്കുന്നു. ഏറ്റവും നല്ല ഹോട്ടലുകളിൽ കൊണ്ടുപോയി അതിഥികളുടെ രുചിഭേദമറിഞ്ഞ് ഭക്ഷണം നൽകുന്നു. സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകളിലിവർ ക്ഷണിക്കപ്പെടുന്നു. ഒടുവിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ പെട്ടിനിറയെ ഉപഹാരങ്ങൾ കുത്തിനിറച്ച് എയർ പോർട്ടിലെത്തിച്ച് ചെക്ക് ഇൻ വരെ നടത്തിക്കൊടുക്കുന്നു. ആവശ്യമെങ്കിൽ ഇതിനൊക്കെയും സുഹൃത്തുക്കളുടേയോ ഉദ്യോഗസ്ഥരുടേയോ സഹായം തേടുന്നു. വർഷത്തിലൊരിക്കൽ മാതാപിതാക്കളെ ഗൾഫ് നാട് കാണിക്കാൻ കൊണ്ടുപോകുന്നവരെയറിയാം. ഭാര്യയുടെ മാതാപിതാക്കളെയും കൊണ്ടുപോയി ആതിഥേയരായി ആഹ്ലാദമറിഞ്ഞവരുണ്ട്. ചിലർ സുഹൃത്തുക്കളെ ഗൾഫ് കാണിക്കാൻ കൊണ്ടുപോവുന്നു.
ഗൾഫ് മലയാളികളുടെ കറകളഞ്ഞ ആതിഥേയ സ്‌നേഹമറിഞ്ഞവർക്ക് ഒരു സങ്കടമുണ്ട്. ഗൾഫിൽ നിന്ന് സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അതിഥി അവരോട് സ്‌നേഹത്തോടെ അപേക്ഷിക്കുന്നു: 'നാട്ടിൽ വരുമ്പോ വീട്ടിലെന്തായാലും വരണം'. അവർ തലകുലുക്കുന്നു. പക്ഷേ, അവരിൽ പലരും ഗൾഫിൽനിന്ന് തങ്ങൾ നൽകിയ മര്യാദയ്ക്ക് പകരം മറ്റൊന്നുമാശിക്കുന്നില്ല. സത്യം. ഞാനും കുടുംബവും പല ഗൾഫ് സുഹൃത്തുക്കളേയും ഇപ്പോഴും കാത്തിരിക്കുന്നു.

Latest News