ഒന്നാം നമ്പര്‍ ടീമിന് ഒന്നാമതായി ബെര്‍ത്ത്

പാരിസ് - ലോക ഒന്നാം നനമ്പര്‍ ടീമായ ബെല്‍ജിയം യൂറോ 2020 ഫുട്‌ബോളിന് യോഗ്യത നേടുന്ന ആദ്യ ടീമായി. ബ്രസ്സല്‍സില്‍ സാന്‍മരീനോയെ മറുപടിയില്ലാത്ത മുക്കാല്‍ ഡസന്‍ ഗോളിന് അവര്‍ തകര്‍ത്തു. റൊമേലു ലുകാകു രണ്ടു ഗോളോടെ 50 രാജ്യാന്തര ഗോള്‍ പിന്നിട്ടു. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു വീതം ടീമുകള്‍ മുന്നേറുമെന്നിരിക്കെ ഗ്രൂപ്പ് ഐ-യില്‍ ബെല്‍ജിയത്തിന് മൂന്നാം സ്ഥാനക്കാരായ സൈപ്രസിനെക്കാള്‍ 11 പോയന്റ് ലീഡുണ്ട്. 
ഗ്രൂപ്പ് എ-യിലെ രണ്ടാമത്തെ സ്ഥാനം മിക്കവാറും റഷ്യ സ്വന്തമാക്കും. സ്‌കോട്‌ലന്റിനെ 4-0 ന് തോല്‍പിച്ച അവര്‍ക്ക് സൈപ്രസിനെക്കാള്‍ എട്ട് പോയന്റ് ലീഡുണ്ട്. ശനിയാഴ്ച സൈപ്രസുമായി സമനില മതി റഷ്യക്ക് യോഗ്യത നേടാന്‍. 
വടക്കന്‍ അയര്‍ലന്റിന്റെ മുന്നില്‍ മുട്ടിടിച്ച നെതര്‍ലാന്റ്‌സ് ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളില്‍ ജയിച്ചുകയറി. 15 മിനിറ്റ് ശേഷഇക്കെ പിന്നിലായ ശേഷം മെംഫിസ് ഡിപേയുടെ ഇരട്ട ഗോളില്‍ അവര്‍ 3-1 ന് ജയിച്ചു. ഇതോടെ നെതര്‍ലാന്റ്‌സ് ഗ്രൂപ്പ് സി-യില്‍ ഒന്നാം സ്ഥാനത്തെത്തി. ജര്‍മനി, വടക്കന്‍ അയര്‍ലന്റ് ടീമുകള്‍ക്കും തുല്യ പോയന്റുണ്ട്. എന്നാല്‍ ഈ ടീമുകള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചു. 
ഹംഗറിയെ 3-0 ന് തോല്‍പിച്ച ക്രൊയേഷ്യ ഗ്രൂപ്പ് ഇ-യില്‍ മുന്നിലെത്തി. വെയ്ല്‍സുമായി 1-1 സമനില പാലിച്ച സ്ലൊവാക്യയാണ് രണ്ടാം സ്ഥാനത്ത്. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഹാട്രിക്കില്‍ പോളണ്ട് 3-0 ന് ലാത്വിയയെ തോല്‍പിച്ചു. ഈ സീസണില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പതിനെട്ടാം ഗോളാണ് ഇത്. ഗ്രൂപ്പ് ജി-യില്‍ പോളണ്ട് പിടിമുറുക്കി. 

Latest News