Sorry, you need to enable JavaScript to visit this website.

ജിദ്ദയുടെ ലക്ഷദ്വീപ് മുഖം റഹ്മത്തുല്ല  പ്രവാസം അവസാനിപ്പിക്കുന്നു

ജിദ്ദ - കാൽ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം  അവസാനിപ്പിച്ച് ജിദ്ദയുടെ ലക്ഷദ്വീപിന്റെ മുഖമായ റഹ്മത്തുല്ല നാട്ടിലേക്കു മടങ്ങുന്നു. രണ്ടര വർഷക്കാലത്തെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സേവനത്തിനുശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ 25 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ റഹ്മത്തുല്ലയുടെ മടക്കം.

ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ പ്രവേശനം ഉൾപ്പെടെയുള്ള ഏതാവശ്യങ്ങൾക്കുമെത്തുന്നവർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ സഹായിയായിരുന്നു റഹ്മത്തുല്ല. അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്ന നിലയിൽ ദീർഘകാലമായി സ്‌കൂൾ ഫീസ് കൗണ്ടറിൽ റഹ്മത്തുല്ലയുടെ സാന്നിധ്യമുണ്ട്. തിരക്കിട്ട ജോലിക്കിടയിലും രക്ഷിതാക്കളുടെ ഏതാവശ്യങ്ങൾക്കും സഹായിയായി നിറചിരിയോടെ ഇരിക്കുന്ന റഹ്മത്തുല്ലയുടെ സേവനം ഇനിയുണ്ടാവില്ല. അതുപോലെ ദ്വീപിൽനിന്നുമെത്തുന്ന ഹാജിമാർക്കും, ജോലി തേടിയെത്തുന്നവർക്കും റഹ്മത്തുല്ലയുടെ സേവനം വിലപ്പെട്ടതായിരുന്നു. ഒ.ഐ.സി.സി ലക്ഷദ്വീപ് ഘടകം ഭാരവാഹി എന്ന നിലയിലും, മത, ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിലും റഹ്മത്തുല്ല ജിദ്ദയുടെ സാമൂഹിക മണ്ഡലത്തിലും നിറഞ്ഞുനിന്നിരുന്നു.


1991ൽ മക്കയിൽ കോൺസുലേറ്റിനു കീഴിൽ ഹജ് സേവനത്തിനായാണ് റഹ്മത്തുല്ല സൗദിയിൽ എത്തുന്നത്. പിന്നീട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു. രണ്ടര വർഷക്കാലത്തെ കോൺസുലേറ്റ് സേവനത്തിനു ശേഷമാണ് ജിദ്ദ ഇന്ത്യൻ സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാരനായി ചേർന്നത്.

 

സ്‌കൂളിലെ പതിനായിരത്തിലേറെ വിദ്യാർഥികളും അഞ്ഞൂറിലേറെ അധ്യാപക, അനധ്യാപക ജീവനക്കാരും ഒരുമിച്ചു നിന്നാലും ആകാരഭംഗിയാൽ റഹ്മത്തുല്ലയുടെ തലയെടുപ്പ് കാണാനാവുമെന്നതു തന്നെയായിരുന്നു അദ്ദേഹത്തെ വേറിട്ടു നിറുത്തിയിരുന്നത്.

അദ്ദേഹത്തിന്റെ ജിദ്ദയിലെ അസാന്നിധ്യം രക്ഷിതാക്കൾക്കെന്ന പോലെ ലക്ഷദ്വീപുകാർക്കും ഏറെ നഷ്ടമാവും ഉണ്ടാക്കുക. 
കേന്ദ്ര മന്ത്രിയും സ്പീക്കറും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി.എം. സഈദിന്റെ ഭാര്യാ സഹോദരി ഭർത്താവ് എന്ന നിലയിൽ രാഷ്ട്രീയ, ഭരണതലത്തിലും റഹ്മത്തുല്ലക്ക് ഏറെ സ്വാധീനമുണ്ടായിരുന്നു. സഈദ് ജിദ്ദയിൽ വരുമ്പോഴെല്ലാം റഹ്മത്തുല്ലയായിരുന്നു അദ്ദേഹത്തിന്റെ കാര്യങ്ങൾക്കെല്ലാം മുന്നിലുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ  മരണ ശേഷം ലക്ഷദ്വീപ് എം.പിയായ മകൻ ഹംദുല്ല സഈദ് ജിദ്ദയിലെത്തുമ്പോഴും റഹ്മത്തുല്ല അതു തുടർന്നു. അതുപോലെ ദ്വീപുകാരായ ആരു വന്നാലും അവരുടെ ഏതാവശ്യങ്ങൾക്കും റഹ്മത്തുല്ല ഉണ്ടാവാറുണ്ട്. 


ലക്ഷദ്വീപിനോടുള്ള പ്രിയവും താൽപര്യവും ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുവെങ്കിലും കോഴിക്കോട് കല്ലായിയിലാണ് കുടുംബം താമസിക്കുന്നത്. ഭാര്യ സൈറാ ബാനു. ബിസിനസുകാരനായ മുഹമ്മദ് അക്രം, ലക്ഷദ്വീപ് കപ്പലിലെ ജീവനക്കാരനായ മുഹമ്മദ് അദ്ഹം എന്നിവർ മക്കളാണ്.

മകൻ അക്രമിന്റെ ബിസിനസുമായി സഹകരിച്ച് ശിഷ്ട ജീവിതം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം കെനിയയിലുള്ള ബന്ധുവുമായി സഹകരിച്ച് വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കാനുള്ള ആഗ്രഹവും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നു. ഇതിനായി അടുത്തിടെ കെനിയ സന്ദർശിച്ചിരുന്നു. ഈ മാസം 15ന് ജോലിയിൽനിന്ന് വിരമിച്ച ശേഷം അധികം വൈകാതെ നാട്ടിലേക്കു തിരിക്കും.   

 

Latest News