Sorry, you need to enable JavaScript to visit this website.

ഏഴ് സംസ്ഥാനങ്ങളിൽ ഇക്കുറി  ഹജ് നറുക്കെടുപ്പില്ല

കൊണ്ടോട്ടി - അടുത്ത വർഷത്തെ ഹജിന് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നറുക്കെടുപ്പില്ല. അസം, ബിഹാർ, ജാർഖണ്ഡ്, പഞ്ചാബ്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തവണ നറുക്കെടുപ്പില്ലാത്തത്. ഹജ് അപേക്ഷകരുടെ എണ്ണക്കുറവ് കണക്കിലെടുത്താണിത്. ഈ സംസ്ഥാനങ്ങളിൽ നിന്നുളള അപേക്ഷകർ ഓൺലൈൻ അപേക്ഷ നൽകിയതിന് ശേഷം ഒർജിനൽ പാസ്‌പോർട്ടും അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി നിർദേശിച്ചു.
മുസ്‌ലിം ജനസംഖ്യാനുപാതത്തിലാണ് കേന്ദ്ര ഹജ് കമ്മിറ്റി ഹജ് ക്വാട്ട വീതിക്കാറുളളത്. ഇത് മൂലം അസം ഉൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ ക്വാട്ട പ്രകാരം ആവശ്യത്തിന് അപേക്ഷകരുണ്ടാകാറില്ല. ഇതേത്തുടർന്നാണ് ഈ സംസ്ഥാനങ്ങളിലെ അപേക്ഷകർക്ക് അപേക്ഷ നൽകി പാസ്‌പോർട്ടും അനുബന്ധ രേഖകളും സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഇന്ത്യയിൽ ഇത്തവണ നേരിട്ട് അവസരം ലഭിക്കുന്ന കാറ്റഗറിയിൽ 70 വയസ്സിന് മുകളിൽ പ്രായമുളളവരുടെ വിഭാഗം മാത്രമാണ് ഉൾപ്പെട്ടിട്ടുളളത്. 2020 മെയ് 30 ന് 70 വയസ്സ് പൂർത്തിയാവുന്നവർക്ക് വരെ അപേക്ഷിക്കാം. ഇവരുടെ കൂടെ ഒരു സഹായിക്കും നേരിട്ട് അവസരം ലഭിക്കും. എന്നാൽ ഇവർ നേരത്തെ ഹജ് കമ്മിറ്റി വഴിയോ, സ്വകാര്യ ഹജ് ഗ്രൂപ്പുകൾ വഴിയോ ഹജിന് പോയവരാകരുത്. അപേക്ഷകൾ കർശന പരിശോധനകൾക്ക് ശേഷമായിരിക്കും അവസരം നൽകുക.
കേരളം ഉൾപ്പടെ മുഴുവൻ സംസ്ഥാനങ്ങളിലും ഹജ് അപേക്ഷ സ്വീകരണം ഇന്നലെ മുതലാണ് ആരംഭിച്ചത്. അടുത്തമാസം 10 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഡിസംബർ ആദ്യ വാരത്തിൽ നറുക്കെടുപ്പ് നടത്തും. ഇതിൽ അവസരം ലഭിക്കുന്നവരാണ് പാസ്‌പോർട്ട് ഉൾപ്പടെയുളള അനുബന്ധ രേഖകൾ അടക്കം ഹാജരാക്കേണ്ടത്.

70 വയസ്സിന് മുകളിൽ പ്രായമുളളവർ രേഖകൾ നേരിട്ട് എത്തിക്കണം
കൊണ്ടോട്ടി- ഓൺലൈൻ അപേക്ഷ നൽകിയ 70 വയസ്സിന് മുകളിൽ പ്രായമുളളവരും സഹായിയും അപേക്ഷയും രേഖകളും നേരിട്ട് ഹജ് ഹൗസിൽ എത്തിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട്, പാസ്‌പോർട്ട്, പാസ്‌പോർട്ടിന്റെ കോപ്പി, ഡിക്ലറേഷൻ, പണം അടച്ച ഒർജിനൽ പേ-ഇൻസ്ലിപ്പ്, മുഖ്യഅപേക്ഷകന്റെ റദ്ദാക്കിയ ചെക്കിന്റെയോ, പാസ് ബുക്കിന്റോയോ കോപ്പി, കളർ ഫോട്ടോ എന്നിവ സഹിതം അടുത്ത മാസം 10 നുളളിൽ കരിപ്പൂർ ഹജ് കമ്മിറ്റി ഓഫീസിൽ നേരിട്ട് എത്തിക്കണം. പാസ്‌പോർട്ടിൽ മേൽവിലാസം മാറിയവരുണ്ടെങ്കിൽ ഇവർ മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ, ഇലക്ഷൻ ഐഡന്റിറ്റി കാർഡ,് ബാങ്ക് പാസ്ബുക്ക്, മൂന്ന് മാസത്തിനുളളിലുളള വൈദ്യുത, വെളള, ലാൻഡ്‌ലൈൻ ടെലിഫോൺ ബില്ല് തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന് സമർപ്പിക്കണം. ശേഷിക്കുന്ന അപേക്ഷകർ നറുക്കെടുപ്പിന് ശേഷം അവസരം കൈവെന്നാൽ മാത്രം നേരിട്ട് രേഖകൾ ഹാജരാക്കിയാൽ മതി.

ഹജ് 2020: ആദ്യ വിമാനം ജൂൺ 25 ന് 
കൊണ്ടോട്ടി - 2020 ലെ ഹജ് വിമാന സർവീസുകൾ ജൂൺ 25 മുതൽ ആരംഭിക്കും. 2020 ലേക്കുളള ഹജ് തീർഥാടനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിലാണ് കേന്ദ്ര ഹജ് കമ്മിറ്റി ഹജ് സർവീസുകളുടെ തിയ്യതികളടക്കം നിശ്ചയിച്ചത്. ജൂൺ 25 ന് ആരംഭിക്കുന്ന സർവീസുകൾ ജൂലൈ 26 ന് സമാപിക്കും. മദീനയിലേക്കും, ജിദ്ദയിലേക്കുമായി രണ്ട് ഘട്ടങ്ങളിലാണ് സർവീസുകൾ നടത്തുക. ഹജ് മടക്ക സർവീസുകൾ ഓഗസ്റ്റ് 4 ന് ആരംഭിച്ച് സെപ്റ്റംബർ 6 ന് സമാപിക്കും. ഹജ് വിമാന ടെൻഡർ നടപടികൾ മാർച്ച് 31 ന് പൂർത്തിയാക്കും.
ഹജ് ഓൺലൈൻ അപേക്ഷ നൽകുമ്പോഴും പ്രൊസസിംഗ് ചാർജ് 300 രൂപ നൽകണം. കേന്ദ്ര ഹജ് കമ്മിറ്റിയുടെ യൂനിയൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് എന്നിവയിൽ നിശ്ചിത അകൗണ്ടിലേക്കാണ് പണം അടക്കേണ്ടത്. അപേക്ഷയോടൊപ്പം താമസ കാറ്റഗറി, യാത്രക്ക് ഉദ്ദേശിക്കുന്ന എമ്പാർക്കേഷൻ പോയിന്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളാണ് കേരളത്തിൽ നിന്നുള്ള ഹജ് എംപാർക്കേഷൻ പോയിന്റുകൾ.  
 

Latest News