Sorry, you need to enable JavaScript to visit this website.

സ്ട്രീമിംഗ് രംഗം കീഴടക്കാൻ ഭീമന്മാരും വരുന്നു 

ദീർഘദൂര യാത്രകളിൽ സമയം ചെലവഴിക്കാൻ പുസ്തകങ്ങളെ കൂട്ടുപിടിക്കുന്നവർ ഇന്ന് വിരളമാണ്. കുറഞ്ഞ നിരക്കിലും കൂടുതൽ വേഗത്തിലും ഇന്റർനെറ്റ് സേവനങ്ങൾ കിട്ടുന്ന ഈ  ടെക് യുഗത്തിൽ സ്മാർട് ഫോണുകളെ അഭയം പ്രാപിക്കുന്നവരാകും കൂടുതലും. ഒറ്റ ടച്ചിൽ ഹൈ ഡെഫിനിഷൻ വീഡിയോകൾ ക്യൂവിൽ നിൽക്കുമ്പോൾ വേറെ ഓപ്ഷനുകളെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല. 
വീഡിയോകളോടുള്ള പ്രിയം യൂട്യൂബിൽ തുടങ്ങി ഹോട്ട്സ്റ്റാറും കടന്ന് അങ്ങ് ആമസോൺ പ്രൈമും നെറ്റ്ഫ്‌ലിക്‌സും വരെ എത്തിനിൽക്കുകയാണ്. വമ്പൻമാർ മാത്രം വിലസുന്ന ഈ രംഗത്തിലേക്ക് ആപ്പിളും ഡിസ്‌നിയും വരുന്നതോടെ മത്സരം കടുക്കുമെന്ന് പറയേണ്ടതില്ലല്ലോ.  നവംബറോടെ സ്ട്രീമിംഗ് വീഡിയോ രംഗം കൂടുതൽ വാശിയേറിയ പോരാട്ടത്തിന് വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 
ഡിസ്‌നി പ്ലസ് എന്നു പേരിട്ടിരിക്കുന്ന ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നവംബർ 12നും ആപ്പിൾ ടിവി പ്ലസ് എന്നു പേരുളള ആപ്പിളിന്റെ സേവനം നവംബർ 1 നും ആരംഭിക്കുകയാണ്.
യുഎസ്, കാനഡ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡിസ്‌നി പ്ലസ് ലോഞ്ച് ചെയ്യുന്നത്. പിന്നീട് നവംബർ 19ന് ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ഡിസ്‌നി പ്ലസ് ലോഞ്ച് ചെയ്യും. പ്രതിമാസം 6.99 ഡോളറായിരിക്കു വരിസംഖ്യ. ഡിസ്‌നി ലൈബ്രറികളിൽ നിന്ന് ആയിരക്കണക്കിന് സിനിമകളും, ടിവി എപ്പിസോഡുകളും ,സ്റ്റാർ വാർ സിനിമയും, ഭൂരിഭാഗം മാർവൽ സ്റ്റുഡിയോ മൂവികളും കാണുവാൻ സാധിക്കും. ഇതിനു പുറമേ 20 സെഞ്ച്വറി ഫോക്‌സിൽ നിന്ന് ഡിസ്‌നി സ്വന്തമാക്കിയ ധാരാളം കണ്ടന്റുകളും ഉണ്ടായിരിക്കും. 'ക്യാപ്റ്റൻ മാർവെൽ' ആകും ഡിസ്‌നി പ്ലസിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ആദ്യ ഡിസ്‌നി മൂവി. സ്വന്തമായി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം തുടങ്ങുമ്പോൾ നെറ്റ്ഫ്‌ലിക്‌സുമായുള്ള സഹകരണം പൂർണമായും ഡിസ്‌നി അവസാനിപ്പിക്കും. തന്മൂലം ഏകദേശം 150 മില്യൺ യു. എസ് ഡോളറിന്റെ നഷ്ടം കമ്പനിക്ക് നേരിടേണ്ടി വരും. എന്നാൽ ഡിസ്‌നി പ്ലസിലൂടെ ക്രമേണ ഈ നഷ്ടം മറികടക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലൂടെ ജനഹൃദയങ്ങളിലുളള സ്ഥാനം ഒന്നുകൂടെ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ. മാസം 4.99 ഡോളർ നിരക്കിലാണ് ആപ്പിൾ ടിവി പ്ലസ് ലഭിക്കുക. ആപ്പിൾ ഒറിജിനൽ സീരിസ്, സിനിമകൾ, ഷോകൾ, കുട്ടികളുടെ പരിപാടികൾ എല്ലാം ഈ പ്ലാറ്റ്‌ഫോമിൽ ആസ്വദിക്കാം. ആപ്പിളിൻെറ പുതിയ ഐഫോൺ, ഐപാഡ്, മാക്ക് കമ്പ്യൂട്ടർ വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് സൗജന്യമായി ആപ്പിൾ ടിവി പ്ലസ് ആസ്വദിക്കാം. 
ഓഫ് ലൈനായും ആപ്പിൾ ടിവി പ്ലസിലെ കണ്ടൻറ് കാണുവാനുള്ള സംവിധാനം ആപ്പിൾ ഒരുക്കുന്നുണ്ട്. ആപ്പിൾ ടിവി പ്ലസ് ചുരുങ്ങിയത് 40 ഭാഷകളിലോ ഡബ്ബ് ചെയ്തവയോ സബ് ടൈറ്റിലുകൾ ഉളളവയോ ആയിരിക്കും. നൂറിലധികം രാജ്യങ്ങളിൽ ആപ്പിൾ പ്ലസിന്റെ സേവനം ലഭ്യമാകും.
ആപ്പിൾ ടിവി പ്ലസിലും ഡിസ്‌നി പ്ലസിലും  പരസ്യങ്ങളുണ്ടായിരിക്കില്ല. 4 കെ റെസല്യൂഷനിൽ സിനിമകളും സ്ട്രീമിംഗ് ഷോകളും കാഴ്ചക്കാരുടെ മുമ്പിൽ എത്തിക്കാനാണ് രണ്ട് കമ്പനികളും ലക്ഷ്യമിടുന്നത്. എന്നാൽ സ്ട്രീമിംഗ് വീഡിയോ രംഗത്തെ ഒന്നാം നിരക്കാരനായ നെറ്റ്ഫ്‌ലിക്‌സിനെ മറികടന്ന് ആളുകളെ ആകർഷിക്കാൻ പര്യാപ്തമായ കണ്ടന്റും ക്രിയേറ്റിവിറ്റിയും ഈ രണ്ട് ഭീമൻമാർക്കും ഉണ്ടോ എന്നതും പ്രസക്തമായ ചോദ്യമാണ്.

Latest News