Sorry, you need to enable JavaScript to visit this website.

ജോളിക്ക് ഏലസ് പൂജിച്ച് നൽകിയ കട്ടപ്പനയിലെ ജ്യോത്സ്യൻ ഒളിവിൽ

ഇടുക്കി- കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ ദേഹത്തുനിന്ന് കണ്ടെത്തിയ ഏലസ് പൂജിച്ച് നൽകിയെന്ന് കരുതപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സ്യൻ ഒളിവിൽ. കട്ടപ്പന ടൗണിൽ താമസിക്കുന്ന കൃഷ്ണകുമാർ എന്ന ജ്യോത്സ്യനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. മാധ്യമങ്ങളിൽ റോയിയുടേത് കൊലപാതകമാണെന്ന വാർത്ത സജീവമായതോടെയാണ് ഇയാൾ മുങ്ങിയത്. 
കൃഷ്ണകുമാറിന് മൂന്ന് മൊബൈൽ നമ്പറുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം സ്വിച്ച്ഡ് ഓഫാണ്. ഒരെണ്ണത്തിൽ തുടർച്ചയായി വിളിച്ചിട്ടും എടുക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ കൃഷ്ണകുമാറിന്റെ വീട്ടിലെത്തിയത്. ഇവിടെ പണി തീരാത്ത ഒരു വലിയ വീടും കൃഷ്ണകുമാറിന്റെ കുടുംബവുമാണുള്ളത്. ഇന്നലെ രാവിലെ വരെ കൃഷ്ണകുമാർ വീട്ടിലുണ്ടായിരുന്നെന്നും വാർത്തകളൊക്കെ കണ്ടിരുന്നെന്നും അച്ഛൻ പറയുന്നു. രാവിലെ തന്നെ വീട്ടിൽ നിന്ന് പോയി. 
നിലവിൽ കട്ടപ്പനയിലോ പരിസരത്തോ കൃഷ്ണകുമാറില്ല. ഈ സാഹചര്യത്തിൽ ഇയാൾ ഒളിവിലാണെന്ന് തന്നെയാണ് സൂചന. തീർത്തും ദുരൂഹമായിരുന്നു ഇയാളുടെ ജീവിത രീതി എന്ന് നാട്ടുകാർ തന്നെ പറയുന്നു. ഏലസും മന്ത്രവാദവും തകിട് കെട്ടലുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാൾക്കെതിരെ നാട്ടിലുള്ളത്. ആഡംബര വാഹനങ്ങളിൽ പലരും ഇവിടെ വന്നു പോകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പരിസര വാസികളുമായി ഇയാൾക്ക് കാര്യമായ ബന്ധമില്ല. വൈകിട്ട് വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഇയാൾ കട്ടപ്പന ടൗണിൽ വരാറുണ്ടായിരുന്നു. പിതാവ് റിട്ട. വില്ലേജ് ഓഫീസ് ജീവനക്കാരനാണ്. 35 വയസ്സോളമുളള കൃഷ്ണകുമാർ അവിവാഹിതനാണെന്നും ചെറുപ്പം മുതൽ മന്ത്രവാദത്തിൽ തൽപരനാണെന്നും നാട്ടുകാർ പറയുന്നു. ഇയാളുടെ സഹോദരൻ മഹേഷിന്റെ പ്രതികാരം അടക്കമുളള ചില ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. 
ജോളി എന്ന സ്ത്രീയെ അറിയാമോ എന്ന ചോദ്യത്തിന് ഏത് ജോളി എന്നാണ് കൃഷ്ണകുമാറിന്റെ അച്ഛൻ ചോദിച്ചത്. കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ കണ്ടിട്ടുണ്ട്. അതല്ലാതെ ജോളി എന്നയാളെക്കുറിച്ചോ റോയ് തോമസ് എന്നയാളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും കൃഷ്ണകുമാറിന്റെ അച്ഛൻ പറയുന്നു. 
റോയ് തോമസുമായും ജോളിയുമായും ഈ ജ്യോത്സ്യന് നല്ല ബന്ധമായിരുന്നെന്നാണ് സൂചന. ഇത്തരം സൂചനകൾ തന്നെയാണ് അയൽവാസികളും നൽകുന്നത്. ജോളിയും കട്ടപ്പന സ്വദേശിയാണ്. പണം നേടാനും മറ്റ് ആഭിചാര കർമങ്ങൾക്കുമായി ജോളിയും റോയ് തോമസും ഇയാളെ സമീപിച്ചിരുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് റോയ് തോമസിന് ഇയാൾ ഏലസ് ജപിച്ച് കൊടുത്തത്. റോയിയുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഇയാളുടെ വിലാസം കണ്ടെടുത്തിരുന്നതായും പറയുന്നു. 
സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കാൻ ഒരുതരം പൊടി ജോത്സ്യൻ നൽകിയിരുന്നെന്നും താനും റോയിയും മരിച്ച സിലിയും അതു കഴിക്കാറുണ്ടായിരുന്നെന്നും ജോളി പറഞ്ഞതായാണ് പോലീസിന്റെ വെളിപ്പെടുത്തൽ. സിലി മരിക്കുന്നതിന് തൊട്ടുമുമ്പ് ഈ പൊടി കഴിച്ചതായും പറയുന്നു. ജോത്സ്യന്റെ നിർദേശമനുസരിച്ചാണ് പലപ്പോഴും ജോളി പ്രവർത്തിച്ചിരുന്നതെന്ന സൂചനയാണ്  ബന്ധുക്കളിൽനിന്നും ലഭിക്കുന്നത്. വീടിന്റെ മുന്നിലെ ചില മരങ്ങൾ ഇതുപ്രകാരം മുറിച്ചു നീക്കിയിരുന്നു. വീട്ടിൽ കൂട്ട മരണമുണ്ടാകുമെന്ന് ഇയാൾ പറഞ്ഞതായി ജോളി പ്രചരിപ്പിച്ചിരുന്നു.
ജോളിക്ക് നിയമ സഹായം നൽകില്ലെന്നു സഹോദരിലൊരാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കട്ടപ്പനയിൽനിന്ന് അഭിഭാഷകനെ ഫോണിൽ ബന്ധപ്പെട്ടുവെന്നും ജോളിയുടെ വീട്ടുകാർ തന്നെയാണ് ഇതിന് മുൻകൈയെടുത്തതെന്നും പറയുന്നു. സഹോദരൻമാരിലൊരാൾ കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയിരുന്നു. കുപ്രസിദ്ധ കൊലപാതക കേസുകളിൽ ഹാജരായി പേരെടുത്ത അഭിഭാഷകൻ അഡ്വ. ആളൂർ ജോളിക്കുവേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് അറിയുന്നത്.
 

Latest News