Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ രക്ഷിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ മക്കള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി

ദോഹ- പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ തുടര്‍ന്നുകൊണ്ട് തന്നെ മക്കള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഖത്തര്‍. നിലവില്‍ പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് മാത്രമാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യാന്‍ അനുമതി.
18 വയസിനു മുകളില്‍ പ്രായമുള്ള ആണ്‍ മക്കള്‍ക്കും ഇനി വിസ മാറാതെ ജോലി ചെയ്യാമെന്ന് ആഭ്യന്തര, തൊഴില്‍ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി തേടണം. പുതിയ പ്രഖ്യാപനത്തോടെ പ്രവാസി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വിസ മാറാതെ ജോലി ചെയ്യാം.
ഇതിനായി കമ്പനികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ വിസ അനുവദിക്കും.
സ്വകാര്യ മേഖലയിലെ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, അംഗീകൃത ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് താല്‍ക്കാലിക തൊഴില്‍ വിസ നല്‍കും. ഒന്നു മുതല്‍ ആറു മാസം വരെയാണ് താല്‍ക്കാലിക തൊഴില്‍ വിസ അനുവദിക്കുക. ഒരു മാസത്തേക്ക് 300 റിയാല്‍, രണ്ടു മാസത്തേക്ക് 500 റിയാല്‍, മൂന്നു മുതല്‍ ആറു മാസത്തേക്ക് ഒരു മാസം 200 റിയാല്‍ വീതവുമാണ് വിസ ഫീസ്.
തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ആഭ്യന്തര മന്ത്രാലയമാണ് വിസ അനുവദിക്കുന്നത്. ഖത്തര്‍ വീസ സെന്ററുകള്‍ വഴിയാണ് ഇവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിലെ ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖ്, തൊഴില്‍ മന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഒബെയ്ദലി, നിയമ കാര്യ വകുപ്പ് അസി.ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ ഹരാമി എന്നിവര്‍ പങ്കെടുത്തു.

 

Latest News