Sorry, you need to enable JavaScript to visit this website.

പുതിയ അബഹ എയർപോർട്ട്: പ്ലാൻ തയാറാക്കുന്നതിന് കരാർ

അബഹ- പുതിയ അബഹ അന്താരാഷ്ട്ര എയർപോർട്ട് ടെർമിനൽ പദ്ധതിയുടെ പ്ലാൻ തയാറാക്കുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ കരാർ നൽകി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ ഹാദി അൽമൻസൂരിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. പ്രതിവർഷം എൺപതു ലക്ഷം യാത്രക്കാരെ സ്വീകരിക്കുന്നതിന് സാധിക്കുന്ന ശേഷിയിലാണ് പുതിയ ടെർമിനൽ രൂപകൽപന ചെയ്യുന്നത്. 
പുതിയ പദ്ധതിയുടെ ഭാഗമായി വിമാനങ്ങൾ നിർത്തിയിടുന്നതിനുള്ള ടാർമാക്കിന്റെയും സർവീസ് ഏരിയയുടെയും സപ്പോർട്ട് കെട്ടിടങ്ങളുടെയും രൂപകൽപനയും അബഹ എയർപോർട്ട് മാസ്റ്റർ പ്ലാൻ നവീകരണവും സ്വകാര്യ കൺസൾട്ടൻസി പൂർത്തിയാക്കും. പന്ത്രണ്ടു മാസത്തിനകം പ്ലാൻ തയാറാക്കൽ ജോലി കൺസൾട്ടൻസി പൂർത്തിയാക്കും. പ്രാദേശിക പൈതൃകവും സംസ്‌കാരവും അത്യാധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചാണ് ടെർമിനലിന്റെ ഉൾവശം രൂപകൽപന ചെയ്യുക. ടെർമിനലിനകത്തും പുറത്തും നിക്ഷേപങ്ങൾക്കും അവസരങ്ങളൊരുക്കും. പ്രാദേശിക കമ്പനികളുടെ പങ്കാളിത്തത്തോടെ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കും. 
പുതിയ പ്ലാൻ അബഹ എയർപോർട്ടിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ നലവാരവും ഉയർത്തും. പ്ലാൻ തയാറാക്കൽ ജോലികൾ പൂർത്തിയായ ശേഷം കരാറുകാരുടെ പ്രീക്വാളിഫിക്കേഷൻ നടപടികൾ ആരംഭിക്കും. 
പ്രാഥമിക യോഗ്യത നേടുന്ന കരാറുകാരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ച് ഏറ്റവും മികച്ച ടെണ്ടറുകൾ സമർപ്പിക്കുന്നവർക്ക് പദ്ധതിയുടെ കരാർ അനുവദിക്കും. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സമീപ കാലത്ത് അബഹ എയർപോർട്ടിൽ ഏതാനും വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 805 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ നിർഗമന ടെർമിനലും 1030 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ ആഗമന ടെർമിനലും നിർമിച്ചിട്ടുണ്ട്. 
വികസന പദ്ധതികളുടെ ഭാഗമായി ആഭ്യന്തര ഡിപ്പാർച്ചർ ടെർമിനലിൽ രണ്ട് എംബാർക്കേഷൻ കവാടങ്ങളും ആഭ്യന്തര ആഗമന ടെർമിനലിൽ ഒരു എംബാർക്കേഷൻ ഗെയ്റ്റും കൂടി നിർമിച്ചിട്ടുണ്ട്. ഒരു കൺവെയർ ബെൽറ്റും യാത്രക്കാരുടെ നടപടിക്രമങ്ങൾക്ക് 12 കൗണ്ടറുകളും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. മെയിൻ റൺവേ നവീകരിക്കുകയും ഒരേ സമയം 13 വിമാനങ്ങൾ നിർത്തിയിടുന്നതിന് കഴിയുംവിധം ടാർമാർക് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വീതി കൂടിയ വിമാനങ്ങൾ ഉൾക്കൊള്ളുന്നതിന് നിലവിലെ റൺവേയും ടാക്‌സി വേയും 45 മീറ്റർ വീതിയിൽ വികസിപ്പിച്ചിട്ടുമുണ്ട്.
 

Tags

Latest News