Sorry, you need to enable JavaScript to visit this website.

പൊതുഗതാഗത സംവിധാനം കൂടുതൽ നഗരങ്ങളിലേക്ക്

റിയാദ്- സൗദിയിലെ ചില നഗരങ്ങളിൽകൂടി ബസുകൾ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനം ആരംഭിക്കാൻ മന്ത്രിസഭയുടെ അനുമതി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽയെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നതിന് അനുമതി നൽകിയത്. സൗദി, റഷ്യൻ ഊർജ മന്ത്രാലയങ്ങൾ തമ്മിൽ പരസ്പര സഹകരണത്തിന് പ്രോട്ടോകോൾ ഒപ്പുവെക്കുന്നതിന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ മന്ത്രിസഭ ചുമതലപ്പെടുത്തി. നിക്ഷേപ സംരക്ഷണം, കാർഷികോൽപന്ന കയറ്റുമതി, നികുതി മാനേജ്‌മെന്റ്, സിവിൽ ഏവിയേഷൻ സുരക്ഷ, ഇൻഫർമേഷൻ മേഖലകളിൽ റഷ്യയുമായി ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എണ്ണ, വാതക മേഖലയിൽ നൈജീരിയയുമായി സഹകരണ ധാരണാപത്രം ഒപ്പുവെക്കുന്നതിനും ഊർജ മന്ത്രിയെ യോഗം ചുമതലപ്പെടുത്തി. കൊമേഴ്‌സ്യൽ ഫ്രാഞ്ചൈസി നിയമം പാസാക്കിയ മന്ത്രിസഭ, വാണിജ്യ പണയ നിയമ ഭേദഗതികൾ അംഗീകരിക്കുകയും ചെയ്തു. 
മന്ത്രിസഭാ തീരുമാന പ്രകാരം ഇടത്തരം, ചെറുകിട നഗരങ്ങളിലാണ് ബസുകൾ ഉപയോഗിച്ച് പൊതുഗതാഗത ശൃംഖലകൾ പ്രവർത്തിപ്പിക്കുകയെന്ന് ഗതാഗത മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ.നബീൽ അൽആമൂദി പറഞ്ഞു. ജനസാന്ദ്രത, കുടുംബങ്ങളുടെ ശരാശരി വരുമാനം, വാഹന ഉടമസ്ഥാവകാശ അനുപാതം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻഗണന പ്രകാരമാണ് പൊതുഗതാഗത ശൃംഖലകൾ പ്രവർത്തിപ്പിക്കുന്ന നഗരങ്ങൾ നിർണയിക്കുകയെന്നും മന്ത്രി പറഞ്ഞു.
 

Tags

Latest News