Sorry, you need to enable JavaScript to visit this website.

പ്രശസ്ത കമ്പനികളുടെ 5000 വ്യാജ വാച്ചുകള്‍ പിടിച്ചു; സ്ഥാപനത്തിനു പിഴ

റിയാദ്- അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ വാച്ചുകൾ വിൽപന നടത്തിയ കേസിൽ വാച്ചുകടക്ക് റിയാദ് ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ലത്തീഫ് അൽ മഗ്‌ലൂത്തിന്റെ ഉടമസ്ഥതയിലുള്ള സാആതു കുബാറുശ്ശഖ്‌സിയ്യാത്ത് എന്ന സ്ഥാപനത്തിനാണ് പിഴ.

സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ വാച്ചുകൾ പിടിച്ചെടുക്കുന്നതിനും വാണിജ്യ വഞ്ചന നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നശിപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരു വിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 


റിയാദ് അൽമുറഖബ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വാച്ച് കടയിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള 4800 വാച്ചുകളും അന്താരാഷ്ട്ര പ്രശസ്തമായ ട്രേഡ് മാർക്കുകൾ മുദ്രണം ചെയ്ത 4000 സ്റ്റിക്കറുകളും കണ്ടെത്തിയിരുന്നു. തുടർന്ന് പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.  

Latest News