Sorry, you need to enable JavaScript to visit this website.

മൽബിയുടെ സ്വർണം 

നാട്ടിൽ മൽബിയും ബാപ്പയും തമ്മിലുള്ള തർക്കത്തിനിടയിലേക്കായിരുന്നു മൽബുവിന്റെ വിഡിയോ കോൾ. തർക്കത്തിന്റെ വിഷയം പതിവുപോലെ മൽബു തന്നെ. 
അവൻ എന്തു കൊണ്ടു വിവരം നമ്മളോട് പറഞ്ഞില്ല എന്നതാണ് ബാപ്പയുടെ ചോദ്യം. മൽബിയുടെ ബാപ്പ എന്നു പറയുമ്പോൾ മൽബുവിന്റെ കാരണവരാണ്. ബന്ധത്തിൽ കല്യാണം കഴിക്കില്ലെന്ന വീരവാദം മുഴക്കി നടക്കുകയും ഒടുവിൽ അമ്മാവന്റെ മകളെ തന്നെ കെട്ടുകയും ചെയ്ത മൽബുവിനെ അക്കാര്യത്തിൽ ഇപ്പോഴും കളിയാക്കുന്നവരുണ്ട്. 
മൽബി വേഗം ഫോൺ ബാപ്പയുടെ കൈയിൽ കൊടുത്തു. വിഡിയോ കോളായതിനാൽ അദ്ദേഹത്തിന്റെ കലിപ്പ് മുഴുവൻ മുഖത്തു കാണാം. മൽബു ഒരടവ് സ്വീകരിച്ചു. ചോദ്യങ്ങൾക്ക് ഉത്തരമില്ലാതാകുമ്പോൾ ടി.വി റിപ്പോർട്ടർമാർ ചെയ്യാറുള്ളതുപോലെ അഞ്ചെട്ട് ഹലോ പറഞ്ഞ ശേഷം ഫോൺ കട്ടാക്കി. 
എങ്ങനെ കലിപ്പില്ലാതിരിക്കും? മൽബു ചെയ്തത് അമ്മാതിരി ഒരു വേലയാണ്.
മൽബു നാട്ടിലെ ഒരു ജ്വല്ലറിയിൽ നിക്ഷേപിച്ച സ്വർണത്തിനുള്ള ലാഭവിഹിതം എല്ലാ മാസവും പോയി വാങ്ങാറുള്ളത് കാരണവരായിരുന്നു. 
ഇന്നു പോയപ്പോൾ ജ്വല്ലറിക്കാർ കൈമലർത്തി.
മരുമോനതങ്ങു പിൻവലിച്ചു. നിങ്ങളെ അറിയിച്ചിട്ടില്ലേ എന്നായിരുന്നു അവരുടെ ചോദ്യം.  
ഓളെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും, ഞാനറിഞ്ഞിട്ടില്ല എന്നു പറഞ്ഞ് ഒരുവിധം ജ്വല്ലറിയിൽനിന്നിറങ്ങിയ കാരണവർ വീട്ടിലെത്തി അരിശം മുഴുവൻ തീർത്തത് മൽബിയോടായിരുന്നു.
താനൊന്നും അറിഞ്ഞിട്ടില്ലെന്ന് മൽബി ആവർത്തിച്ചെങ്കിലും ബാപ്പ അതു വിശ്വസിക്കുന്നില്ല. 
ശരിക്കും പറഞ്ഞാൽ മൽബിയും ഒന്നും അറിഞ്ഞിട്ടില്ല.  ബാപ്പ ജ്വല്ലറിയിൽനിന്ന് കൊണ്ടുവരുന്ന കാശിന് കാത്തിരിക്കയായിരുന്നു അവരും. അല്ലറ ചില്ലറ ആവശ്യങ്ങളുണ്ട്. മൽബു രണ്ടാം പ്രവാസം തുടങ്ങിയ ശേഷം ചില്ലറയാണെങ്കിലും ഓരോ മാസവും തുക മൽബിക്ക് വലിയ ആശ്വാസമാണ്.
അതാണിപ്പോൾ മൽബു ആരേയും അറിയിക്കാതെ നിഷേധിച്ചിരിക്കുന്നത്. എന്നിട്ട് ജ്വല്ലറിയിൽനിന്ന് പിൻവലിച്ച പണം എന്തു ചെയ്തുവെന്ന് കാരണവരെ പോലെതന്നെ മൽബിക്കുമുണ്ട് ചോദ്യം. 
മൽബുവിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംഗതി മുഴുവനറിഞ്ഞാൽ ആരും മൽബുവിനെ പഴിക്കില്ല. സ്വർണനിക്ഷേപത്തിനു സംഭവിച്ച കാര്യം മൽബിയോട് പറയാൻ തന്നെയായിരുന്നു വിഡിയോ കോൾ ചെയ്തത്. പക്ഷേ, ഇത്തിരി വൈകിപ്പോയി. ഫോൺ വിളി എത്തുമ്പോഴേക്കും അവിടെ ബാപ്പയും മകളും തമ്മിൽ യുദ്ധം തുടങ്ങിയിരുന്നു.
രണ്ടാം പ്രവാസം തുടങ്ങി മൂന്ന് മാസമായെങ്കിലും മൽബുവിന് ജോലി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുതിയ സാഹചര്യത്തിൽ ജോലി അന്വേഷിക്കുന്നവരുടെ മുന്നിൽ മൂന്ന് മാസമെന്നത് വലിയ കാലമൊന്നുമല്ല. ഒരു വർഷമായിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നുവരുണ്ട്.
ശമ്പളമിനത്തിൽ വരവില്ലെങ്കിലും എല്ലാവരേയും പോലെ മൽബുവിനും ചെലവുണ്ട്. ജോലി അന്വേഷിച്ച് എവിടെയും ഇറങ്ങിയില്ലെങ്കിൽ പോലും ഒരു ദിവസത്തെ ചെലവ് 65 റിയാൽവരും. 
വിശ്വാസം വരാത്തവർക്കുമുന്നിൽ കൃത്യമായ കണക്കു പറയാം. 
കൂലിക്കഫീലിനുള്ള തുകയും വിസ ഫീസും മറ്റും നൽകുന്നത് മൊത്തമെടുത്ത് വിഭജിച്ചാൽ ദിവസം 48 റിയാൽ വരും.  ഇതിനു പുറമെ, റൂമിനും ഭക്ഷണത്തിനും 17 റിയാൽ. അങ്ങനെ ഒരു ദിവസം ഇവിടെ തങ്ങുന്നതിനുള്ള ചെലവ് 65 റിയാൽ. ഒരു മാസത്തേക്ക് 1950 റിയാൽ. ഒരു വർഷത്തേക്ക് കൂട്ടിയാൽ 23,400 റിയാൽ. 
ജോലി കിട്ടിയാലും ഇല്ലെങ്കിലും മൂന്ന് മാസമാകുമ്പോഴേക്കും തന്റെ വിഹിതം അടക്കാൻ ഓരോ താമസക്കാരനും ബാധ്യസ്ഥനാണ്. 
അടുത്ത സുഹൃത്തുക്കളായാലും നാട്ടുകാരായാലും ജോലി തേടുന്നവനെ അകറ്റുന്നത് ഇതൊക്കെ കൊണ്ടാണ്. അല്ലാതെ അവരോടൊന്നും വിരോധം ഉണ്ടായതു കൊണ്ടല്ല. ഫൈനൽ എക്‌സിറ്റിൽ പോയി മടുത്തശേഷം, രണ്ടാം വിസക്കുവേണ്ടി മൽബു ബന്ധുക്കളിൽ പലരോടും ചോദിച്ചിരുന്നെങ്കിലും എല്ലാവർക്കും പറയാനുണ്ടായിരുന്നത് മാറിയ സാഹചര്യത്തെ കുറിച്ചും തടസ്സങ്ങളെ കുറിച്ചുമായിരുന്നു. 
ഒടുവിൽ തുണച്ചത് പഴയ സുഹൃത്തുക്കളായതിനാലും അവർ ഏർപ്പെടുത്തിയ താമസ സ്ഥലമായതിനാലും ജോലി കിട്ടുന്നതുവരെ അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയാൻ മൽബുവിനു തോന്നിയില്ല. അങ്ങനെയാണ് മൽബിയോടു പോലും ആലോചിക്കാതെ ജ്വല്ലറിയിൽ നിക്ഷേപിച്ചിരുന്ന സ്വർണം പിൻവലിച്ചത്. ജ്വല്ലറി ഉടമ സുഹൃത്തായതിനാൽ പണം ഇവിടെ എത്തിക്കാനും സഹായിച്ചു. 
മാസം ചില്ലറ കിട്ടിയിരുന്നത് വലിയ ആശ്വാസമായിരുന്നെങ്കിലും അവസ്ഥ വിശദീകരിച്ചാൽ മൽബിക്ക് ബോധ്യപ്പെടുമെന്ന കാര്യത്തിൽ മൽബുവിന് സംശയമൊന്നുമില്ല. ബാപ്പയെ പറഞ്ഞ് വിശ്വസിപ്പിക്കാനും മൽബി കേമത്തിയാണ്. 
യഥാർഥത്തിൽ മൽബിയുടേതായിരുന്നു ഉപയോഗിക്കാത്ത സ്വർണം ജ്വല്ലറിയിൽ കൊണ്ടുവെക്കാമെന്ന ആശയം. അങ്ങനെയാണ് 80 ഗ്രാം സ്വർണം നിക്ഷേപിച്ചതും മാസം ലാഭവിഹിതം കിട്ടിത്തുടങ്ങിയതും. പിൻവലിച്ചപ്പോൾ പത്ത് പവൻ സ്വർണം തന്നെ ലഭിക്കുകയും ചെയ്തു. സ്വർണവില കൂടിയ സമയമായതിനാൽ നല്ല തുകയും കിട്ടി. 
സ്വർണം വിറ്റുതുലച്ചുവെന്നറിയുമ്പോൾ സ്വന്തം ജ്വല്ലറി ആശയം തിരിച്ചടിച്ചുവെന്ന് മൽബിക്ക് തോന്നാനിടയുണ്ട്. എങ്കിലും വിഡിയോ കോളിലൂടെ സുവർണ പ്രതീക്ഷകൾ ഇനിയും സമ്മാനിക്കാമെന്ന വിശ്വാസത്തിലാണ് മൽബു. 
ആത്മവിശ്വാസത്തിന്റെ കാര്യത്തിലും പ്രതീക്ഷയുടെ കാര്യത്തിലും ഒട്ടും പിശുക്കില്ലാത്തതാണ് മൽബുവിന്റെ ജീവിതം. 

Latest News