Sorry, you need to enable JavaScript to visit this website.

'എതിര്‍ ശബ്ദങ്ങളെ സ്വാഗതം ചെയ്യുന്ന പരസ്യ നിലപാടെടുക്കൂ...' മോഡിക്ക് ശശി തരൂരിന്റെ കത്ത്

ന്യൂദല്‍ഹി- ആള്‍ക്കൂട്ട കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച 49 പ്രമുഖര്‍ക്കെതിരെ കേസെടുത്തതില്‍ ആശങ്കയറിയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മോഡിക്ക് കത്തയച്ചു. എതിര്‍ ശബ്ദങ്ങളെ സ്വാഗതം ചെയ്യുന്ന പരസ്യ നിലപാട് സ്വീകരിക്കണമെന്നും കത്തില്‍ തരൂര്‍ മോഡിയോട് ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും സമാനമായ കത്തുകള്‍ പ്രധാനമന്ത്രിക്ക് അയക്കണമെന്ന് അവശ്യപ്പെട്ട തരൂര്‍ താനയച്ച കത്തിന്റെ പകര്‍പ്പ് ട്വീറ്റ് ചെയ്തു. ഇനിയും കേസെടുത്താല്‍ പോലും ഭരണഘടനാ തത്വങ്ങളും ജനാധിപത്യപരമായ എതിര്‍ശബ്ദങ്ങളുടെ മൂല്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നാണ് തരൂര്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാരിനോടൊ അല്ലെങ്കില്‍ പ്രധാനമന്ത്രിയോടൊ അഭിപ്രായ ഭിന്നത ഉണ്ടെങ്കില്‍ പോലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രതിബദ്ധത മോഡി രാജ്യത്തിന് ഉറപ്പു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട കൊലപാതകം ചൂണ്ടിക്കാട്ടി മോഡിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെ ബിഹാറിലെ മുസഫര്‍പൂരില്‍ കേസെടുത്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. വര്‍ഗീയ വിദ്വേഷത്തിലൂടെയോ ഊഹാപോഹങ്ങളുടെ ഫലമായോ ആള്‍കൂട്ട കൊലപാതകങ്ങള്‍ ഒരു രോഗം പോലെ അതിവേഗം പടരുകയാണ്. ഈ സാഹചര്യത്തില്‍ ആശങ്കയുള്ള പൗരന്മാര്‍ ഇക്കാര്യം ശ്രദ്ധയിപ്പെടുത്താന്‍ കത്തയച്ചത് ശരിയായ കാര്യമാണെന്നും തരൂര്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Latest News