Sorry, you need to enable JavaScript to visit this website.

സൗദിയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ  നടപടികൾ എളുപ്പമാക്കി

റിയാദ്- ബാങ്ക് അക്കൗണ്ട് തുറക്കൽ നടപടിക്രമങ്ങൾ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി എളുപ്പമാക്കി. ഓൺലൈൻ സ്റ്റോറുകളുടെയും വിദേശ കമ്പനികളുടെയും പേരുകളിൽ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഉദാരമാക്കിയിരിക്കുന്നത്. ഇതോടൊപ്പം അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സമയം നിശ്ചയിച്ചിട്ടുമുണ്ട്. 
ഇതു പ്രകാരം ബാങ്കിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേകം അനുമതി ലഭിക്കേണ്ട ആവശ്യമില്ലാത്ത, രേഖകളെല്ലാം പൂർത്തിയായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടികൾ ഒരു പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കിയിരിക്കണം. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടികൾ രണ്ടു പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷകളും രേഖകളും അപൂർണമാണെങ്കിൽ അക്കാര്യം അപേക്ഷ സമർപ്പിച്ചാലുടൻ അപേക്ഷകരെ അറിയിക്കലും ഇക്കാര്യം ഫയലുകളിൽ രേഖപ്പെടുത്തി വെക്കലും നിർബന്ധമാണ്. 
ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ അക്കൗണ്ടുകൾ തുറക്കുന്നത് കൂടുതൽ എളുപ്പമാക്കിയിരിക്കുന്നത്. സൗദിയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ പേരിൽ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള വ്യവസ്ഥകളും ലഘൂകരിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ തുറക്കുന്നതിനു മുമ്പായി വിദേശ കമ്പനികൾ ലൈസൻസ് നേടിയിരിക്കണമെന്ന വ്യവസ്ഥയാണ് റദ്ദാക്കിയിരിക്കുന്നത്. 
വിദേശ കമ്പനികളുടെ പേരിൽ അക്കൗണ്ടുകൾ തുറക്കുന്നതിന് ഇനി മുതൽ ലൈസൻസ് കോപ്പി സമർപ്പിക്കേണ്ടതില്ല. എന്നാൽ വിദേശ കമ്പനികളുടെ പേരിൽ തുറക്കുന്ന അക്കൗണ്ടുകൾ മറ്റു ആവശ്യങ്ങൾക്ക് ദുരുപയോഗിക്കുന്നില്ല എന്ന കാര്യം ബാങ്കുകൾ ഉറപ്പു വരുത്തണം. ഔദ്യോഗിക ആസ്ഥാനമില്ലാത്ത ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടികളും എളുപ്പമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളിൽ രേഖപ്പെടുത്തിയ അതേ പേരിലായിരിക്കണം അക്കൗണ്ടുകൾ തുറക്കേണ്ടത്. ഓൺലൈൻ വ്യാപാര ആവശ്യത്തിനാണ് അക്കൗണ്ടുകൾ തുറക്കുന്നതെന്ന കാര്യം പ്രത്യേകം നിർണയിക്കുകയും വേണം. ഓൺലൈൻ സ്റ്റോറുകളുടെ നിയമ സാധുതയും ദേശീയ അഡ്രസ് സേവനത്തിൽ സ്ഥാപനത്തെയോ ഉടമയെയോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾ വഴി ബാങ്കുകൾ ഉറപ്പു വരുത്തണമെന്നും വ്യവസ്ഥയുണ്ട്. 

 

Latest News