ദുബായ് - ദുബായില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള കേരള സംഘടന വരുന്നു. ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. സി.ഡി.എ ഓഫിസില്‍ എത്തിയ മുഖ്യമന്ത്രിയെയും പ്രതിനിധി സംഘത്തെയും ഡയറക്ടര്‍ ജനറലും ഉന്നത ഉദ്യോഗസ്ഥരും സ്വീകരിച്ചു.
ദുബായിലെ മലയാളി സമൂഹത്തിനായി ലൈസന്‍സുള്ള അസോസിയേഷന് അനുമതി നേടുകയെന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ ചര്‍ച്ചകള്‍ നടക്കും. കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയുടെ മേല്‍നോട്ടത്തിലാകും അസോസിയേഷന്റെ പ്രവര്‍ത്തനം. യു.എ.ഇ സര്‍ക്കാരിന്റെ എല്ലാ സംരംഭങ്ങള്‍ക്കും കേരള അസോസിയേഷന്റെ പിന്തുണയുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പ്രോത്സാഹനത്തിനും സൗഹാര്‍ദപരവും സമാധാനപരവുമായ സാഹചര്യങ്ങള്‍ നല്‍കിയതിനും ദുബായ് സര്‍ക്കാരിനും സിഡിഎയ്ക്കും നന്ദി പറഞ്ഞു.
സാമൂഹിക-മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും അസോസിയേഷനില്‍ തുല്യ പ്രാതിനിധ്യം ഉണ്ടാകണമെന്ന് അഹമ്മദ് അബ്ദുള്‍ കരീം ജുല്‍ഫാര്‍ പറഞ്ഞു.
ജുല്‍ഫാറിന് ഉപഹാരമായി മുഖ്യമന്ത്രി ആറന്മുള കണ്ണാടി സമ്മാനിച്ചു. സി.ഡി.എ റെഗുലേറ്ററി ആന്‍ഡ് ലൈസന്‍സിംഗ് സി.ഇ.ഒ. ഡോ. ഉമര്‍ അല്‍ മുത്തന്ന, കോണ്‍സല്‍ ജനറല്‍ വിപുല്‍, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുത്തു.






