Sorry, you need to enable JavaScript to visit this website.

ആർ.ബി.ഐ നീക്കം ഫലം കണ്ടില്ല; ഓഹരി വിപണി നിയന്ത്രണം വീണ്ടും കരടി വലയത്തിൽ  

നിക്ഷേപകർ പ്രതീക്ഷിച്ച പോലെ വാരാരംഭത്തിൽ കാളകൾ ഓഹരി വിപണിയെ നയിച്ചപ്പോൾ രണ്ടാം പകുതിയിൽ മാർക്കറ്റ് നിയന്ത്രണം കരടി വലയത്തിലായി. ബി എസ് ഇ, എൻ എസ് ഇ സൂചികൾ പോയവാരം മൂന്ന് ശതമാനം ഇടിഞ്ഞു. ബോംബെ സെൻസെക്‌സ് 1149 പോയിൻറ്റും നിഫ്റ്റി 338 പോയിൻറ്റും പ്രതിവാര നഷ്ടത്തിലാണ്. 
സാമ്പത്തിക മേഖലക്ക് ഉണർവ് പകരാൻ റിസർവ് ബാങ്ക് നടത്തിയ നീക്കങ്ങൾക്ക് അൽപ്പായുസ് മാത്രമാണ് ലഭിച്ചതെന്നാണ് വിപണിയുടെ ചലനങ്ങൾ നൽകുന്ന സൂചന. വിദേശ ഫണ്ടുകൾക്ക് നികുതിയിൽ വരുത്തിയ വൻ ഇളവുകൾക്ക് ശേഷവും അവർ കനത്ത വിൽപ്പനകാരായി നിലകൊണ്ടു. ആർ ബി ഐ പലിശ നിരക്കിൽ 25 ബേസിസ് പോയിൻറ് കുറച്ചു.
സാമ്പത്തിക മാന്ദ്യം വർഷാന്ത്യത്തോടെ കൂടുതൽ രുക്ഷമാകുന്ന സ്ഥിതി മറികടക്കാൻ ധനമന്ത്രാലയം നടത്തുന്ന നീക്കങ്ങൾ വേണ്ടത്ര വിജയം കൈവരിക്കുന്നില്ല. വിദേശ ഫണ്ടുകൾക്ക് നൽകിയ നികുതി ഇളവുകൾ ഉയർന്ന തലത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾ സൃഷ്ടിക്കാൻ അവർക്ക് അവസരം ലഭിച്ചു. പിന്നിട്ടവാരത്തിന്റെ രണ്ടാം പകുതിയിലെ പുൾ ബാക്ക് റാലി നൽകുന്ന സൂചനകൾ കണക്കിലെടുത്താൽ സാങ്കേതിക തിരുത്തൽ ഈ വാരവും തുടരാം. 
ബാങ്കിംഗ് ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു. റിസർവ് ബാങ്ക് ഈ സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ വിലയിരുത്തൽ വെട്ടിക്കുറച്ചു. ആർ ബി ഐ തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് കുറക്കുന്നത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ച് 5.15 ശതമാനമാക്കി. 
ബോംബെ സെൻസെക്‌സ് 38,822 പോയിൻറ്റിൽനിന്ന് 38,924 വരെ ഉയർന്ന ശേഷമുളള തകർച്ചയിൽ അഞ്ച് മാസത്തിനിടയിലെ ഏറ്റവും മോശം  പ്രതിവാര ഇടിവിനെ വിപണി അഭിമുഖീകരിച്ചു. വെള്ളിയാഴ്ച റിസർവ് ബാങ്ക് വായ്പാ നിരക്ക് കുറച്ചത് വിൽപ്പന സമ്മർദ്ദത്തിന്റെ ആക്കം കൂട്ടി. സെൻസെക്‌സ് വെള്ളിയാഴ്ച 434 പോയിൻറ് ഇടിഞ്ഞ് 37,673.31 ൽ ക്ലോസിങ് നടന്നു. 
നിഫ്റ്റിയിൽ പിന്നിട്ടവാരം 11,512 ൽനിന്ന് 11,554 വരെ കയറിയെങ്കിലും പിന്നീട് അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തിൽ 11,158 പോയിൻറ്റിലേക്ക് താഴ്ന്നു. വാരാന്ത്യ ക്ലോസിങിൽ 11,174 ലാണ്. ഡെയ്‌ലി ചാർട്ടിലെ ടെക്‌നിക്കൽ സിഗ്‌നലുകൾ വിൽപ്പനക്കാർക്ക് മുൻ തൂക്കം നൽക്കുന്നതിനാൽ ഈവാരവും വിപണി നിയന്ത്രണം ഊഹക്കച്ചവടക്കാരുടെ പിടിയിൽ തുടരാം. വിജയദശമി പ്രമാണിച്ച് ചൊവ്വാഴ്ച്ച വിപണി അവധിയായതിനാൽ ഇടപാടുകൾ വീണ്ടും നാല് ദിവസങ്ങളിൽ ഒതുങ്ങും. പിന്നിട്ടവാരം ഗാന്ധി ജയന്ത്രി മൂലവും ഒരു ദിവസം വിപണി പ്രവർത്തിച്ചില്ല. 
ഈവാരം നിഫ്റ്റിയുടെ ആദ്യ ശ്രമം 50 ആഴ്ചകളിലെ ശരാശരിയായ 11,171 ലെ സപ്പോർട്ട് നിലനിർത്തുകയാണ്. 11,036 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സൂചിക തിരുത്തൽ 10,899 വരെ തളരാം. അതേ സമയം മുന്നേറാൻ ശ്രമം നടന്നാൽ 11,432 പോയിൻറ് തടസം നേരിടാം. നിഫ്റ്റിയുടെ 50 ഡി എം എ 11,092 ലും 200 ഡി എം എ 11,292 പോയിൻറ്റിലുമാണ്. 
വിദേശ നിക്ഷേപകർ ഓഹരിയിൽ നിന്ന് 2,947 കോടി രൂപയും കടപത്രത്തിൽ നിന്ന് 977 കോടി രൂപയും ഈ മാസം മൂന്ന് പ്രവൃത്തി ദിനങ്ങളിലായി പിൻവലിച്ചു. അതായത് ഒക്ടോബർ 14 കാലയളവിൽ ഇന്ത്യൻ മൂലധന വിപണികളിൽ നിന്ന് വിദേശ ഓപ്പറേറ്റർമാർ പിൻവലിച്ചത് മൊത്തം 3,924 കോടി രൂപയാണ്. 
മുൻനിരയിലെ പത്ത് കമ്പനികളിൽ ഏഴെണ്ണത്തിനും കഴിഞ്ഞവാരം അവയുടെ വിപണി മൂല്യത്തിൽ ഒരു ട്രില്യൺ രൂപയുടെ തകർച്ച നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക് വിപണി മൂല്യത്തിൽ 30,000 കോടിയുടെ നഷ്ടം. റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്യുഎൽ), എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയും നഷ്ടം നേരിട്ടു. അതേസമയം, ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, ഐടിസി എന്നിവയുടെ വിപണി മൂല്യത്തിൽ നേരിയ മുന്നേറ്റം. 
വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപ ഒരിക്കൽ കൂടി ചാഞ്ചാടി. 70.63 ൽ ഓപ്പൺ ചെയ്ത മാർക്കറ്റ് വാരമധ്യം 71.30 ലേയ്ക്ക് ദുർബലമായ ശേഷം വാരാവസാനം 70.81 ലാണ്. വിനിമയ നിരക്ക് വീണ്ടും ദുർബലമാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. 71.37 ലെ തടസം ഭേദിച്ചാൽ രൂപ 72.21 ലേക്ക് നീങ്ങാം. 

Latest News