കൊടിപിടിക്കുന്നവര്‍ക്കിടയിലേക്ക് എങ്ങനെ വ്യവസായം വരും- കെമാല്‍ പാഷ

കുവൈത്ത് സിറ്റി- ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാല്‍ അവിടേക്ക് കൊടിപിടിച്ച് എത്തുന്ന രാഷ്ട്രീയക്കാരുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് ഭിക്ഷാപാത്രവുമായി വ്യവസായികളെ തേടി നടക്കേണ്ട സ്ഥിതിയാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍പാഷ. നാട്ടില്‍ സാമ്പത്തിക തകര്‍ച്ചയാണെന്നും ഇതിന് ഉത്തരവാദി ഭരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ പ്രവാസി സമാജം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സലീം രാജ് അധ്യക്ഷത വഹിച്ചു.
അറബ് നാടുകളിലെ പ്രവാസികള്‍ കഴിയുന്നിടത്തോളം പ്രവാസികളായി തുടരുന്നതായിരിക്കും നല്ലതെന്നും കെമാല്‍ പാഷ പറഞ്ഞു.
ദുരന്തങ്ങള്‍ ആഘോഷിക്കുന്ന സമൂഹമാണ് ഇപ്പോഴുള്ളത്. പൊതുവായ സാഹോദര്യം പ്രവാസലോകത്ത് മാത്രമാണ്. അഭിപ്രായം പറയുന്നവരെ ചെളിവാരിയെറിയുന്ന പ്രവണത വര്‍ധിക്കുന്നു.മരടിലെ ഫഌറ്റ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് കെമാല്‍ പാഷക്ക് എത്രകിട്ടി എന്ന് ചോദിച്ചവരുണ്ട്- അദ്ദേഹം പറഞ്ഞു.
ലാജി ജേക്കബ്, അലക്‌സ് മാത്യു, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി അമിതാഭ് രഞ്ജന്‍, ജേക്കബ് ചണ്ണപ്പേട്ട, ജോയി ജോണ്‍ തുരുത്തിക്കര, ജയിംസ് പൂയപ്പള്ളി, തമ്പി ലൂക്കോസ്, റിനി റോയി എന്നിവര്‍ പ്രസംഗിച്ചു. സുവനീര്‍ മുരളിക്ക് നല്‍കി ജസ്റ്റിസ് കെമാല്‍ പാഷ പ്രകാശനം ചെയ്തു.

 

Latest News