Sorry, you need to enable JavaScript to visit this website.

പച്ചക്കറികളിൽ തീർക്കുന്ന പൂക്കാലം... 

സഹൽ പടിപ്പുരക്കൽ

പാചകത്തോടൊപ്പം വെജിറ്റബിൾ കാർവിംഗ് മേഖലയിലും കഴിവ് തെളിയിക്കുകയാണ് സഹൽ പടിപ്പുരക്കൽ എന്ന ചെറുപ്പക്കാരൻ. പച്ചക്കറികളും പഴങ്ങളും കൊണ്ട് സഹൽ നിർമിക്കുന്ന പൂവുകളും പൂക്കൂടകളും വിവിധ കലാരൂപങ്ങളും ഏവരേയും ആകർഷിക്കുന്നതാണ്.
ഹോട്ടൽ മാനേജ്‌മെന്റ് പഠന കാലത്ത് പാർട്ട് ടൈമായി കാറ്ററിംഗ് സർവീസിന് പോകാറുണ്ടായിരുന്നു. ആ സമയത്ത് അവിടെയെത്തുന്ന വിദഗ്ധർ കാർവിംഗ് ചെയ്യുന്നത് കണ്ട് താൽപര്യം തോന്നിയാണ് ചെറിയ രീതിയിൽ ചെയ്തു തുടങ്ങിയത്. എന്നാൽ ഇന്ന് സഹൽ ഈ രംഗത്തെ മികച്ച ഒരു കലാകാരനായിരിക്കുകയാണ്. 
പ്രൊഫഷൻ ഇതല്ലാത്തതിനാൽ ചെറിയ ഒരു കത്തി മാത്രം ആയുധമാക്കിയാണ് സഹൽ ഈ രംഗത്ത് തിളങ്ങുന്നത്. ഇത് പ്രൊഫഷനായി എടുത്തവർ വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള വ്യത്യസ്ത ടൂളുകൾ ഇതിനായി ഉപയോഗിക്കാറുണ്ടെന്ന് സഹൽ പറയുന്നു. 


നിർമിക്കാനുദ്ദേശിക്കുന്ന വസ്തുവിനെ മനസ്സിൽ സങ്കൽപിച്ചു വേണം ആവശ്യമായ വെജിറ്റബിൾ തെരഞ്ഞെടുക്കുന്നത് മുതലുള്ള കാര്യങ്ങൾ. നല്ല വലിപ്പമുള്ള ഫ്രഷായ ആവശ്യമായ രൂപമുള്ള പച്ചക്കറികളും പഴങ്ങളുമാണ് തെരഞ്ഞെടുക്കേണ്ടത്. കലാ വാസനക്കൊപ്പം കൃത്യമായ നിരീക്ഷണവും ഏറെ സൂക്ഷ്മതയും ഇതിനാവശ്യമാണ്. കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ നല്ല ക്ഷമയുള്ളവർക്കേ ഈ മേഖലയിൽ മുന്നേറാൻ കഴിയൂ എന്നാണ് സഹൽ പറയുന്നത്. 


പതിനഞ്ച് വർഷമായി കുക്കിംഗ് രംഗത്തുള്ള സഹൽ ഇപ്പോൾ കുമരകത്ത് ബാക് വാട്ടർ റിപ്പിൾസ് റിസോർട്ടിലാണ് ജോലി ചെയ്യുന്നത്. നേരത്തെ ഒമാനിൽ മൂന്ന് വർഷത്തോളം ഉണ്ടായിരുന്നു. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ്, തന്തൂർ എന്നിവയാണ് സഹലിന്റെ കുക്കിംഗ് മേഖല. കേക്ക് നിർമാണത്തിലും സഹൽ കഴിവ് തെളിയിച്ചിട്ടുണ്ട്. മീഡിയ വൺ ചാനലിൽ കുക്കുംബർ സിറ്റി എന്ന പ്രോഗ്രാമിൽ കുക്കറി ഷോ ചെയ്യാൻ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നുവെന്ന് സഹൽ പറഞ്ഞു. ഈരാറ്റുപേട്ട പടിപ്പുരക്കൽ കബീറിന്റെ മകനാണ്. ഹുസ്‌നയാണ് ഭാര്യ. മക്കൾ: അൽഫാസ് മുഹമ്മദ്, ഇശൽ ഫാത്തിമ.

 

Latest News